
ന്യൂ യോർക്ക് ക്വീൻസിൽ പോലിസിന്റെ വെടിയേറ്റ ഇന്ത്യക്കാരൻ യുവാവിന്റെ മേൽ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയതിനെ മേയർ സോഹ്രാൻ മാംദാനി എതിർത്തു. ജബേസ് ചക്രബർത്തി (22) പോലീസിനു നേരെ കത്തി വീശി എന്നാണ് ആരോപണം.
മാനസിക രോഗിയായ അയാളെ പോലീസ് വെടിവച്ചു. ആശുപത്രിയിൽ കിടക്കുന്ന യുവാവിനെ വെള്ളിയാഴ്ച്ചയാണ് എൻ വൈ പി ഡി കുറ്റം ചുമത്തിയത്. ആശുപത്രി കിടക്കയിൽ യുവാവിനെ ബന്ധിച്ചിരിക്കയാണെന്ന് 'ന്യൂ യോർക്ക് ടൈംസ്' ചൂണ്ടിക്കാട്ടി.
യുവാവിന്റെ വീട്ടിൽ നിന്നു വിളിച്ചതിനെ തുടർന്നാണ് ജനുവരി 26നു പോലീസ് എത്തിയത്. മാനസിക പ്രശ്‌നമുള്ള ഒരാളെ വെടിവച്ചതിനെ കുറിച്ചു വിമർശനം ഉയരുമ്പോഴാണ് പോലീസ് കേസെടുത്തത്.
മെഡിക്കൽ സഹായം ആവശ്യപ്പെട്ടാണ് വിളിച്ചതെന്നു ചക്രബർത്തിയുടെ കുടുംബം പറഞ്ഞു. ആംബുലൻസ് കൊണ്ടുവന്നു യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോകണം എന്നതായിരുന്നു ആവശ്യം. പോലീസ് പറയുന്ന പല കാര്യങ്ങളും തെറ്റാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഷിസോഫ്രേനിയ ഉള്ള യുവാവിനെതിരെ കേസെടുക്കരുതെന്നു അവർ ഡിസ്‌ട്രിക്‌ട് അറ്റോണിയോട് അപേക്ഷിച്ചു.
മാംദാനി ആ അഭ്യർത്ഥനയെ പിന്താങ്ങി. ചക്രബർത്തിയെ പ്രോസിക്യൂട്ട് ചെയ്യാൻ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.
യുവാവിനെ ബന്ധിച്ചതിനെയും മേയർ എതിർത്തു. അയാൾക്കു ആവശ്യമായ പരിചരണം നൽകണമെന്നും ആവശ്യപ്പെട്ടു.
യുവാവിനെ അന്യായമായി കുറ്റം ചുമത്തുകയാണ് ചെയ്തതെന്നു 'അമ്മ ജൂലി ചക്രബർത്തി പറഞ്ഞു. "അയാൾ ആവശ്യത്തിലേറെ കഷ്ടപ്പെട്ടു. ജയിലിൽ അടച്ചാൽ ജീവിതം തകരും. അയാളുടെ മനസിലെ മുറിവുകൾ ഉണങ്ങാൻ സമയം നൽകുകയാണ് വേണ്ടത്."
രാവിലെ പത്തരയോടെ നടന്ന സംഭവത്തിൽ മൊത്തം ബഹളമായിരുന്നുവെന്നു വെടിവച്ച ഓഫിസർ ടൈറീ വൈറ്റിന്റെ ബോഡിക്യാമിൽ നിന്നുള്ള വിഡിയോയിൽ കാണുന്നു. ഒരു സ്ത്രീയാണ് പോലീസിനെ അകത്തു കടക്കാൻ അനുവദിക്കുന്നത്. പോലീസ് എത്തുമ്പോൾ ചക്രബർത്തി കത്തി എടുക്കുന്നതു കാണാം. അയാൾ പോലീസിനെ സമീപിക്കുമ്പോൾ സ്ത്രീ തടയാൻ ശ്രമിക്കുന്നു.
കത്തി താഴെയിടാൻ വൈറ്റ് ആവർത്തിച്ചു പറയുന്നുണ്ട്. അപ്പോൾ യുവാവ് സ്വയം കൈയ്യിൽ മുറിവേൽപിക്കുന്നു. എന്നാൽ കത്തി താഴെ വയ്ക്കാതെയാണ് പോലിസിനെ സമീപിക്കുന്നത്. അപ്പോൾ വൈറ്റ് നാലു തവണ വെടിവയ്ക്കുന്നു.
കട്ടിലിലേക്ക് മറിഞ്ഞു വീണ ചക്രബർത്തിയെ പോലീസ് ആശുപത്രിയിലേക്കു നീക്കി. അവിടെ അടിയന്തര ശസ്ത്രക്രിയ നടത്തി.
ചക്രബർത്തിയെ കട്ടിലിൽ തളച്ചിട്ടതിനെയും അദ്ദേഹത്തിന്റെ കുടുംബത്തെ പോലീസ് പിന്തുടരുന്നതിനെയും ലീഗൽ എയ്‌ഡ് സൊസൈറ്റി എതിർത്തു. മാനസിക പ്രശ്നമുള്ളയാളെ ഇങ്ങിനെയല്ല കൈകാര്യം ചെയ്യേണ്ടതെന്ന് അവർ ഓർമിപ്പിച്ചു.
"ഞങ്ങൾ മാംദാനിയോട് യോജിക്കുന്നു. ചക്രബർത്തിക്കു മാനസിക ചികിത്സയാണു നൽകേണ്ടത്. അയാളെ പ്രോസിക്യൂട്ട് ചെയ്യുകയല്ല വേണ്ടത്," അഭിഭാഷകർ പറഞ്ഞു.
Man shot by N.Y.P.D. charged, Mamdani objects