
മുംബൈ: വന്ദേ ഭാരത് എക്സ്പ്രസിന്റെ ടോയ്‌ലറ്റിൽ പാമ്പിനെ അഴിച്ചുവിട്ടയാളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ-സോലാപൂർ വന്ദേ ഭാരതിലാണ് (ട്രെയിൻ നമ്പർ 22225) പാമ്പിനെ കണ്ടെത്തിയത്. സംഭവത്തിൽ നാസിക്കിൽ നിന്നുള്ള ജഗൻ അർജുൻ ഭാലെ എന്ന 37-കാരനെയാണ് റെയിൽവേ സംരക്ഷണ സേന (RPF) അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളുടെയും, ദൃക്സാക്ഷി വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഡിസംബർ 27നായിരുന്നു സംഭവം. ഫെബ്രുവരി 12നാണ് അറസ്റ്റ് നടന്നത്.
പാമ്പിനെ കണ്ടതായി വിവരം ലഭിച്ചയുടനെ റെയിൽവേ ഉദ്യോഗസ്ഥർ എത്തുകയും ടോയ്‌ലറ്റ് അടയ്ക്കുകയും ചെയ്തു. തുടർന്ന് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. സോലാപൂർ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ പാമ്പ് പിടിത്തക്കാരൻ്റെ സഹായത്തോടെ പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തു. കോച്ച് സി-16ൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.
ജഗൻ അർജുൻ ഭാലെ ട്രെയിനിൽ കയറുന്നതും ശേഷം ടോയ്‌ലറ്റിലേക്ക് പാമ്പിനെ തുറന്നുവിടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. യാത്രക്കാർക്ക് യാതൊരു പ്രയാസവുമുണ്ടാക്കാതെ സോലാപൂർ സ്റ്റേഷനിൽ വെച്ച് പാമ്പിനെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.
അറസ്റ്റിലായ ജഗൻ അർജുൻ ഭാലെ നാസിക് ജില്ലക്കാരനാണ്. മുംബ്രയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. വിശദമായ അന്വേഷണത്തിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റെയിൽവേ നിയമം 1989ലെ സെക്ഷൻ 145(ബി), 147, 153 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി റിപ്പോർട്ടുണ്ട്.
കല്യാണിലെ റെയിൽവേ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ റിമാൻഡ് അനുവദിച്ചു.