Image

അവിടെ എത്തിയവരെ പഞ്ചനക്ഷത്ര ഹോട്ടലിലാണോ താമസിപ്പിച്ചത്? പഞ്ചനക്ഷത്ര ഹോട്ടല്‍ ഭക്ഷണമാണോ നല്‍കിയത്? കൊല്ലത്ത് കുതിരയെ മാരുതി കാറില്‍ കൊണ്ടുവന്നെന്ന് കണക്കെഴുതിയതു പോലെയാണ് അയ്യപ്പ സംഗമത്തിലും തട്ടിപ്പ് നടത്തിയത്

Published on 14 February, 2026
 അവിടെ എത്തിയവരെ  പഞ്ചനക്ഷത്ര ഹോട്ടലിലാണോ താമസിപ്പിച്ചത്? പഞ്ചനക്ഷത്ര ഹോട്ടല്‍ ഭക്ഷണമാണോ നല്‍കിയത്?  കൊല്ലത്ത്   കുതിരയെ മാരുതി കാറില്‍ കൊണ്ടുവന്നെന്ന് കണക്കെഴുതിയതു പോലെയാണ് അയ്യപ്പ സംഗമത്തിലും തട്ടിപ്പ് നടത്തിയത്

 

ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയുടെ തുടര്‍ച്ചയാണ് ഹൈക്കോടതി നിരീക്ഷണത്തില്‍ നടന്ന ആഗോള അയ്യപ്പസംഗമത്തിലും ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രത്യേകമായി കണക്ക് സൂക്ഷിക്കണമെന്ന് ഹൈക്കോടതി നിരന്തരമായി ആവശ്യപ്പെട്ടിട്ടും കോടികളുടെ കൊള്ളയാണ് നടന്നതെന്ന് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. തട്ടിപ്പ് പുറത്ത് വന്നതോടെ കൈകഴുകി രക്ഷപ്പെടാനാണ് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 മുഖ്യമന്ത്രിയുടെ പടം വച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച്, പി.ആര്‍ വര്‍ക്ക് നടത്തി അയ്യപ്പ സംഗമത്തില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചവരെയൊന്നും ഇപ്പോള്‍ കാണാനില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പുതുയുഗ യാത്രയുടെ ഭാഗമായി മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ശബരിമലയില്‍ മാറ്റമുണ്ടാക്കുമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്നും വലിയ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്നും വിശ്വാസികള്‍ക്ക് വേണ്ടിയാണ് നടത്തുന്നതെന്നും അവകാശപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തിയ ആഗോള അയ്യപ്പ സംഗമത്തിലെ കൊള്ളയുടെ കഥകളാണ് ഇപ്പോള്‍ പുറത്തു വരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആളില്ലാത്തതു കൊണ്ട് സഹകരണവകുപ്പിന്റെ കൂടി ചുമതലയുള്ള ദേവസ്വം മന്ത്രി സഹകരണ വകുപ്പ് ജീവനക്കാരെയാണ് കാണികളായി എത്തിച്ചതെന്നും സതീശന്‍ പറഞ്ഞു.


ഇല്ലാത്ത ആളുകള്‍ക്ക് ഭക്ഷണവും താമസവും നല്‍കിയെന്ന പേരില്‍ കോടികളാണ് തട്ടിയെടുത്തത്. അവിടെ എത്തിയവരെയൊക്കെ പഞ്ചനക്ഷത്ര ഹോട്ടലിലാണോ താമസിപ്പിച്ചത്? പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണമാണോ നല്‍കിയത്? അവിടെ നടന്ന പരിപാടി എന്താണ്? ഗാനമേള നടത്തിയെന്നു പറഞ്ഞ് വരെ ബില്‍ എഴുതിയെടുത്തു. തട്ടിപ്പില്‍ സര്‍ക്കാരിനും പങ്കുണ്ട്. സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ദേവസ്വം ബോര്‍ഡ് സംഗമം നടത്തിയത്. ഈ സര്‍ക്കാര്‍ നിയമനിച്ചതാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും അംഗങ്ങളെയും. ഇവരെല്ലാം ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്.

കിടക്കയുടെ പേരില്‍ പോലും തട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാണിച്ച പ്രതിപക്ഷ നേതാവ് കൊല്ലത്ത് സി.പി.എം കോര്‍പറേഷന്‍ ഭരിക്കുന്ന കാലത്ത് കുതിരയെ മാരുതി കാറില്‍ കൊണ്ടുവന്നെന്ന് കണക്കെഴുതിയതു പോലെയാണ് അയ്യപ്പ സംഗമത്തിലും തട്ടിപ്പ് നടത്തിയതെന്നും പറഞ്ഞു. എല്ലാ കണക്കുകളും പരസ്പര വിരുദ്ധമാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മന്ത്രി നിയമസഭയില്‍ നല്‍കിയ കണക്ക് എല്ലാ തട്ടിപ്പിനെയും ന്യായീകരിക്കുന്നതാണ്. എന്നാല്‍ ഹൈക്കോടതിയില്‍ നല്‍കിയ കണക്ക് ഇതിന് വിരുദ്ധമാണെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

അയ്യപ്പന്റെ പേരില്‍ വേണോ ഈ തട്ടിപ്പ് എന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്. മുഖ്യമന്ത്രിയാണ് മുഴുവന്‍ ക്രെഡിറ്റും അടിച്ചെടുക്കാന്‍ നോക്കിയത്. അയ്യപ്പന്റെ ചിത്രത്തേക്കാള്‍ മൂന്നിരട്ടി വലിപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രമാണ് ഫ്‌ളക്‌സ് ബോര്‍ഡുകളിലുണ്ടായിരുന്നത്. എന്നിട്ട് ദേവസ്വം മന്ത്രി ഉള്‍പ്പെടെ എല്ലാവരും കൈകഴുകി പോയാല്‍ കോടികള്‍ കൊള്ളയടിച്ചതിന് ആര് ഉത്തരവാദിത്തം പറയും? ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ കോടികള്‍ കൊള്ളയടിച്ചതിന് കണക്ക് പറഞ്ഞേ മതിയാകൂ. 

ആരാണ് ഉത്തരവാദിയെങ്കിലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നേ മതിയാകൂ. 2019-ല്‍ ശബരിമലയില്‍ നടത്തിയ കൊള്ളയ്ക്ക് പിന്നാലെ 2024 ലും കൊള്ള നടത്താന്‍ ശ്രമിച്ചു. ഇതിന്റെയൊക്കെ തുടര്‍ച്ചയായാണ് ആഗോള അയ്യപ്പസംഗമത്തിന്റെ പേരിലും തട്ടിപ്പ് നടത്തിയത്. ഇതേക്കുറിച്ച് അന്വേഷിക്കണം. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഉത്തരവാദിത്തമുണ്ട്.

സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഉത്തരവാദിത്തമുണ്ടെന്നും ആരും ഒഴിഞ്ഞുമാറാന്‍ ശ്രമികണ്ട എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കണക്കുകള്‍ തമ്മില്‍ യോജിക്കുന്നില്ലെന്ന് ഹൈക്കോടതിയാണ് പറഞ്ഞത്. ടെന്‍ഡര്‍ ഇല്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നല്‍കാന്‍ വീട്ടിലെ കാര്യമില്ലല്ലോ ചെയ്തത്. ഇഷ്ടക്കാര്‍ക്ക് പന്തല്‍ പണിയാന്‍ നല്‍കിയെന്നും പ്രസാദം നല്‍കിയതിന് കണക്കില്ലെന്നും 180 കിടക്കകളില്‍ അന്‍പതെണ്ണം കാണാനില്ലെന്നും ദേവസ്വം ബോര്‍ഡില്‍ നിന്നും എടുത്ത പണം തിരിച്ചടച്ചില്ലെന്നും ജി.എസ്.ടിയില്‍ പ്രശ്‌നമുണ്ടെന്നും കേബിളിംഗ് വര്‍ക്കുകളുടെ ബില്‍ ഉണ്ടെങ്കിലും നടന്നതായി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞത് കോടതിയാണ്. കോടതിയെ കബളിപ്പിക്കാന്‍ കള്ളക്കണക്കാണ് സമര്‍പ്പിച്ചത്. സ്‌പോണ്‍സര്‍ഷിപ്പിന്റെ പേരില്‍ കള്ളപ്പിരിവും നടത്തിയിട്ടുണ്ട്. അതിന്റെയൊന്നും കണക്കില്ല. 

നാലായിരം പേര്‍ക്ക് പ്രഭാത ഭക്ഷണം അയ്യായിരം പേര്‍ക്ക് ഉച്ചഭക്ഷണം മൂവായിരം പേര്‍ക്ക് രാത്രം ഭക്ഷണം എന്നൊക്കെ പറയുന്നുണ്ട്. പക്ഷെ അത്രയും പേര്‍ പരിപാടിയില്‍ പങ്കെടുത്തിട്ടില്ല. സര്‍ക്കാരിന് ഉത്തരവാദിത്വം ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് മുഖ്യമന്ത്രിയുടെ ഫ്‌ളക്‌സ് അടിച്ച് പി.ആര്‍ വര്‍ക്ക് നടത്തിയത്? ആഗോള അയ്യപ്പ സംഗമം നടത്തി അയ്യപ്പഭക്തരെ കയ്യിലെടുക്കാനുള്ള ശ്രമമാണ് നടത്തിയത്.

2019-ലെ മോഷണത്തിന് ശേഷം 2024-ല്‍ വീണ്ടും ശബരിമലയിലെ സ്വര്‍ണം കക്കാന്‍ നേതൃത്വം നല്‍കിയ അതേ സംഘമാണ് ആഗോള അയ്യപ്പസംഗമം നടത്തിയത്. അതുകൊണ്ടാണ് മന്ത്രി വാസവന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സമരം നടത്തിയത്. അതിന് അടിവരയിടുന്ന കാര്യങ്ങളാണ് ആഗോള അയ്യപ്പസംഗമത്തിന്റെ തട്ടിപ്പിലൂടെ പുറത്ത് വന്നിരിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിന് നടത്തിയ പരിപാടിയുടെ പരിസമാപ്തിയാണ് ഇപ്പോള്‍ കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ദൈവത്തിന്റെ മുതല്‍ കക്കാന്‍ ഇറങ്ങിയിരിക്കുന്ന അമ്പലക്കള്ളന്മാരാണ് ഇവര്‍. അയ്യപ്പ സംഗമത്തിന്റെ പേരില്‍ നടത്തിയ കള്ളപ്പിരിവുകളെയും സ്‌പോണ്‍സര്‍ഷിപ്പുകളെയും സംബന്ധിച്ച് ഒരു കണക്കുമില്ല. കോടികളാണ് പിരിച്ചെടുത്തത്. അതൊന്നും ചെലവാക്കിയിട്ടുമില്ല. സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെങ്കില്‍ എം.വി ഗോവിന്ദന്‍ എന്തിനാണ് പ്രതിരോധിക്കുന്നത്. എസ്റ്റിമേറ്റാണെന്ന് എം.വി ഗോവിന്ദന് എങ്ങനെ അറിയാം. സി.പി.എമ്മിനും ഈ തട്ടിപ്പില്‍ പങ്കുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ കട്ടിലിന് വേണ്ടി രണ്ടരലക്ഷം മുടക്കിയിട്ടുണ്ടോയെന്ന് അറിയില്ല. വാര്‍ത്തകള്‍ വരുന്നുണ്ട്. മുഖ്യമന്ത്രിക്കും ഈ തട്ടിപ്പില്‍ പങ്കുണ്ട്. ആഗോള അയ്യപ്പ സംഗമം തന്നെ മുഖ്യമന്ത്രിയുടെ ഐഡിയയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

അയ്യപ്പന്റെ സ്വര്‍ണവും ദ്വാരപാലകശില്‍പവും കട്ടെടുത്ത് കോടീശ്വരന് വിറ്റ് കോടികള്‍ കൈപ്പറ്റിയ മൂന്ന് സി.പി.എം നേതാക്കളാണ് ജയിലിലായത്. അവര്‍ക്കെതിരെ അച്ചടക്ക നടപടി പോലും എടുക്കാത്ത പാര്‍ട്ടിയാണ് സി.പി.എം. രക്തസാക്ഷി ഫണ്ട് കട്ടെന്ന് ചൂണ്ടിക്കാട്ടിയ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗത്തെ പുറത്താക്കിയവരാണ് ജയിലില്‍ കിടക്കുന്ന കട്ടവരെ സംരക്ഷിക്കുന്നത്. അയ്യപ്പ സംഗമത്തിലെ തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി തന്നെ ഉത്തരവിടുമെന്നാണ് കരുതുന്നതെന്നും സതീശന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക