Image

ഗുപ്‌ത കുറ്റം സമ്മതിച്ചതോടെ ഗൂഢാലോചനയുടെ വിവരങ്ങൾ ലോകം കേൾക്കുന്ന വിചാരണ ഒഴിവായി (പിപിഎം)

Published on 14 February, 2026
 ഗുപ്‌ത കുറ്റം സമ്മതിച്ചതോടെ ഗൂഢാലോചനയുടെ വിവരങ്ങൾ ലോകം കേൾക്കുന്ന വിചാരണ ഒഴിവായി (പിപിഎം)

സിഖ് വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പണ്ണുനെ ന്യൂ യോർക്കിൽ വധിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നു ഇന്ത്യൻ വംശജനായ നിഖിൽ ഗുപ്‌ത യുഎസ് ഫെഡറൽ കോടതിയിൽ സമ്മതിച്ചത്തോടെ ഇന്ത്യയ്ക്ക് നാണക്കേടാവുന്ന ഈ കേസിൽ കോടതി വിചാരണയിൽ ഉണ്ടാകാമായിരുന്ന വെളിപ്പെടുത്തലുകൾ ഒഴിവായെന്നു കരുതാം. കേസ് വിചാരണ കൂടാതെ മെയ് 29നു നേരെ ശിക്ഷാവിധിയിലേക്കു പോവുകയാണ്. 

'നിക്ക്' എന്നും അറിയപ്പെടുന്ന ഗുപ്ത യുഎസ് മജിസ്‌ട്രേറ്റ് ജഡ്‌ജ്‌ സാറാ നെറ്റ്ബേൺ മുൻപാകെ മൂന്ന് കുറ്റങ്ങൾ ഏറ്റു: ഒന്ന്, കൊല നടത്താൻ വാടക കൊലയാളിയെ കണ്ടെത്തി, രണ്ട് അങ്ങിനെ കൊല നടത്താൻ ഗൂഢാലോചന നടത്തി, മൂന്ന്  കള്ളപ്പണം വെളുപ്പിക്കാൻ ഗൂഢാലോചന നടത്തി.

2024ൽ ചെക്ക് റിപ്പബ്ലിക്കിൽ നിന്ന് അറസ്റ്റ് ചെയ്തു കൊണ്ടുവന്നപ്പോൾ ഗുപ്ത കുറ്റം നിഷേധിച്ചിരുന്നു. ഖാലിസ്ഥാൻ സ്ഥാപിക്കാനുള്ള വിഘടന വാദത്തിനു നേതൃത്വം നൽകുന്ന യുഎസ് പൗരനായ പണ്ണുനെ വധിക്കാൻ 'ഇന്ത്യൻ സർക്കാർ ജീവനക്കാരന്റെ' നിർദേശം അനുസരിച്ചു ഗുപ്‌ത പ്രവർത്തിച്ചു എന്നാണ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് പറയുന്നത്. ഗുപ്തയ്‌ക്കൊപ്പം കുറ്റം ചുമത്തപ്പെട്ട വികാഷ് യാദവ് ഇന്ത്യയുടെ ക്യാബിനറ്റ് സെക്രട്ടറിയറ്റ് ജീവനക്കാരനായിരുന്നു. അവിടെയാണ് ഇന്ത്യയുടെ വിദേശ ചാര ഏജൻസി റോ പ്രവർത്തിക്കുന്നത്.

ജഡ്ജ് വിക്റ്റർ മറേറോ കേസ് കേട്ടിരുന്ന പ്രധാന കോടതിയില്ല ഗുപ്ത കുറ്റസമ്മതം നടത്തിയത്. എന്നാൽ ശിക്ഷ വിധിക്കുന്നത് അദ്ദേഹം ആയിരിക്കും.

ബ്രൂക്‌ലിനിൽ കുപ്രസിദ്ധമായ മെട്രോപൊളിറ്റൻ ഡീറ്റെൻഷൻ സെന്ററിലാണ് ഗുപ്തയെ അടച്ചിട്ടുള്ളത്. അവിടത്തെ മറ്റൊരു അന്തേവാസി വെനസ്വേലയിൽ നിന്നു പിടിച്ചുകൊണ്ടുവന്ന മുൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോ ആണ്.

മൻഹാട്ടൻ കോടതിയിൽ ഹാജരാക്കിയപ്പോൾ ഗുപ്‌തയുടെ വിലങ്ങു അഴിച്ചിരുന്നു. കോടതി മുറിയിൽ നിറയെ ഖാലിസ്ഥാൻ അനുകൂലികൾ ഉണ്ടായിരുന്നു.

കുറ്റാരോപണങ്ങളെ കുറിച്ച് ജഡ്‌ജ്‌ പ്രതികരണം ആരാഞ്ഞപ്പോൾ അയാൾ പറഞ്ഞു: "ഞാൻ കുറ്റക്കാരനാണ്."

മജിസ്‌ട്രേറ്റ് ജഡ്ജ് ചോദിച്ചതനുസരിച്ചു ഗുപ്ത അത് വിശദീകരിച്ചു.

പ്രോസിക്യൂഷൻ പറയുന്നതനുസരിച്ചു 2023 മേയിലാണ് വധത്തിനുള്ള ഒരുക്കങ്ങൾക്കു യാദവ് ഗുപ്‌തയെ ഏർപ്പാടാക്കിയത്. യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അസ്‌മിനിസ്ട്രഷനിലെ (ഡി ഇ എ) ഒരു ഉദ്യോഗസ്ഥനെ ഗുപ്‌ത ബന്ധപ്പെട്ടു. അയാൾ ഗുപ്തയ്ക്കു കൊലയാളി എന്നു പരിചയപ്പെടുത്തി കൊടുത്ത ഒരാൾ യഥാർഥത്തിൽ യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്നു. അങ്ങിനെയാണ് ഗുപ്ത പെട്ടുപോയത്.

ഗുപ്തയ്ക്കു എല്ലാം കൂടി 40 വർഷം വരെ തടവ് കിട്ടാം. കുറ്റം സമ്മതിച്ചാൽ ശിക്ഷ ഇളവ് ചെയ്യുന്ന ഡീൽ ഈ കേസിൽ ഉണ്ടായിട്ടില്ല.

യാദവ് ഇന്ത്യയിലാണെന്നു കരുതപ്പെടുന്നു. എന്നാൽ അയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 2023ൽ ഒരു ബിസിനസ്‌കാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്നൊരു കേസ് അയാൾക്കെതിരെ ഇന്ത്യയിലുണ്ട്.

ഗുപ്ത രാജ്യാന്തര ലഹരി മരുന്ന്-ആയുധ കടത്തുകാരൻ ആണെന്നാണ് യുഎസ് അധികൃതർ പറയുന്നത്.

Gupta’s guilt admission stops airing testimony

Join WhatsApp News
M.Mathai 2026-02-14 16:00:35
കുറ്റം സമ്മതിച്ചതുകൊണ്ടു ഭാരത സർക്കാർ ഒരു വിധത്തിൽ നാണക്കേസിൽ നിന്നും രക്ഷപെട്ടു. അമേരിക്കൻ ഉദ്യോഗസ്ഥർക്കറിയാം ഏത് ഇന്ത്യൻ ഏജൻസിയാണ്‌ ഈ മൂന്നാംകിട ഗുണ്ടയെ വാടകെക്കു എടുത്തതെന്ന്. ഓരോ പുലിവാല് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക