
സിയാറ്റിലിൽ അമിത വേഗതയിൽ ഓടിച്ചുവന്ന പോലീസ് വാഹനം ഇടിച്ചു മരിച്ച ഇന്ത്യൻ വിദ്യാർഥിനി ജാഹ്നവി കണ്ടുളയ്ക്കു (23) നഗരം $29 മില്യൺ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതിനു രണ്ടു ദിവസം മുൻപ് അവരുടെ പിതാവ് മരിച്ചതായി കുടുംബം അറിയിച്ചു.
2023 ജനുവരി 23നാണു റോഡ് മുറിച്ചു കടക്കുമ്പോൾ പോലീസ് വാഹനം ഇടിച്ചു ജാഹ്നവി മരിച്ചത്. അവരുടെ പിതാവ് ശ്രീകാന്ത് കണ്ടുള ഫെബ്രുവരി 10നു ഹൃദയാഘാതം മൂലം മരിച്ചെന്നു ഒരു ബന്ധു അറിയിച്ചു. പിറ്റേന്നു കർണൂൽ ജില്ലയിലെ അഡോണിയിൽ അദ്ദേഹത്തിന്റെ സംസ്കാരം നടത്തി. പോലീസ് കോൺസ്റ്റബിൾ ആയിരുന്നു ശ്രീകാന്ത്.
നോർത്ത്ഈസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ സിയാറ്റിൽ ക്യാമ്പസിൽ ഇൻഫർമേഷൻ സിസ്റ്റംസിൽ മാസ്‌റ്റേഴ്‌സ് ബിരുദത്തിനു പഠിക്കയായിരുന്നു ജാഹ്നവി.
ജാഹ്നവി റോഡ് മുറിച്ചു കടക്കുമ്പോഴാണ് കെവിൻ ഡേവ് എന്ന ഓഫിസർ 74 മൈൽ വേഗത്തിൽ ഓടിച്ചു വന്ന വാഹനം അവരെ ഇടിച്ചിട്ടത്. അപകടം നടന്ന മേഖലയിൽ അനുവദിച്ചിട്ടുള്ള വേഗത 25 മൈൽ ആണ്.
അമിതമായി ലഹരി കഴിച്ച ഒരാളെ കുറിച്ചു പരാതി കിട്ടിയതിനെ തുടർന്നു പാഞ്ഞുവന്ന ഡേവ് പിന്നീട് മറ്റൊരു ഓഫിസറുമായി സംസാരിച്ചപ്പോൾ 26 വയസുള്ള ഇന്ത്യക്കാരിയുടെ ജീവന് എന്തു വില എന്നു പരാമർശിച്ചതായി പരാതി ഉയർന്നിരുന്നു. എന്നാൽ സിയാറ്റിൽ അറ്റോണി എറിക്ക ഇവാൻസ് പറഞ്ഞതു ഇങ്ങിനെ: " ജാഹ്നവി കണ്ടുളയുടെ ജീവനു വില ഉണ്ടായിരുന്നു. അവരുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും നമ്മുടെ സമൂഹത്തിനും ആ ജീവൻ വിലപ്പെട്ടതായിരുന്നു."
ഡേവിനെയും അയാളുമായി സംസാരിക്കുമ്പോൾ ജാഹ്നവിയെ പുച്ഛിച്ച പോലീസ് യുണിയൻ നേതാവായ ഓഫീസറെയും പിരിച്ചു വിടുകയുണ്ടായി. ഡേവിൽ നിന്ന് $5,000 പിഴയും വാങ്ങി.
യാഥാർഥ്യങ്ങൾ മറക്കേണ്ട
ജാഹ്നവിക്കു നൽകിയ നഷ്ടപരിഹാരത്തിന് പേരിൽ അമേരിക്കയുടെ യാഥാർഥ്യങ്ങൾ ആരും മറക്കേണ്ട എന്ന് ഇന്ത്യൻ അമേരിക്കൻ അഡ്വക്കസി കൗൺസിൽ സ്ഥാപകൻ സിദ്ധാർഥ് പറഞ്ഞു. "ജാഹ്നവിയെ പോലീസ് പരിഹസിച്ചതും ആ കുടുംബം നേരിട്ട അനീതികളും നമ്മൾ പലകുറി ചർച്ച ചെയ്തതാണ്."
രണ്ടു വർഷം കഴിഞ്ഞാണ് ഓഫിസർ ഡേവിനെതിരെ നടപടി ഉണ്ടായത്. ജാഹ്നവിയുടെ ജീവനു വിലയില്ലെന്നു പരിഹസിച്ച ഡാനിയൽ ഓഡററെ സംരക്ഷിക്കാൻ ആദ്യം ശ്രമം നടന്നിരുന്നു.
Jahnavi's father died before compensation was announced