
ബംഗ്ലാദേശ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി എൻ പി) നേതാവ് താരിഖ് റഹ്മാൻ (60) ശനിയാഴ്ച്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തിരഞ്ഞെടുപ്പ് ഫലങ്ങൾ വന്നു കൊണ്ടിരിക്കെ റഹ്മാനെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച്ച അദ്ദേഹത്തെ നേരിട്ടു വിളിച്ചു അഭിനന്ദിക്കയും പിന്തുണ അറിയിക്കയും ചെയ്തു.
"ബംഗ്ലാദേശിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനുള്ള ശ്രമങ്ങളിൽ അങ്ങേയ്ക്കു ഇന്ത്യയുടെ പിന്തുണ ഉണ്ടാവും."
ആഴത്തിൽ വേരോടിയ ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങളുള്ള രാജ്യങ്ങളാണ് ഇന്ത്യയും ബംഗ്ലാദേശുമെന്നു മോദി ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്കു സമാധാനവും പുരോഗതിയും സമ്പദ്സമൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു.
ജാതീയ സൻസദ് എന്ന ബംഗ്ലാ പാർലമെന്ററിലെ 299 സീറ്റുകളിൽ രണ്ടു ഫലങ്ങൾ ബാക്കി നിൽക്കെ ബി എൻ പി 209 സീറ്റ് നേടിയപ്പോൾ 11 പാർട്ടികൾ ഉൾപ്പെട്ട ജമാ അത്തെ ഇസ്ലാമി സഖ്യം നേടിയത് 68 മാത്രം. കാര്യമായ അക്രമമൊന്നും ഇല്ലാതെ തീർന്ന വോട്ടെടുപ്പ് നിഷ്പക്ഷവും നീതിപൂർവവും ആയിരുന്നുവെന്നു നിരീക്ഷകർ പറയുന്നു.
എന്നാൽ അപ്രതീക്ഷിത പരാജയം ഏറ്റു വാങ്ങിയ ജമാ അത്തെ തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടന്നുവെന്ന് ആരോപിക്കുന്നു. കഴിഞ്ഞ വർഷം അവാമി ലീഗ് നേതാവ് ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് അട്ടിമറിച്ച വിദ്യാർഥി സമരം നയിച്ചതോടെ കരുത്തു നേടിയ തീവ്ര മതവാദി പാർട്ടിയുടെ പരാജയം മേഖലയ്ക്കു തന്നെ ആശ്വാസമാണ്.
ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയാർഥിയായി കഴിയുന്നു എന്നത് ഇരു രാജ്യങ്ങളും നേരിടുന്ന ഒരു വെല്ലുവിളിയാണ്. അവരെ ബംഗ്ലാ പട്ടാള കോടതി വധശിക്ഷയ്ക്കു വിധിച്ച ശേഷം വിട്ടു കൊടുക്കില്ലെന്നു ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാൽ ഹസീനയെ വിട്ടു കിട്ടണമെന്നു ബി എൻ പിയുടെ ചില നേതാക്കൾ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.
പ്രസിഡന്റും സൈന്യാധിപനും ആയിരുന്ന സിയാവുർ റഹ്മാന്റെയും രണ്ടു തവണ പ്രധാനമന്ത്രിയായ ഖാലിദ സിയയുടെയും പുത്രനായ റഹ്മാൻ 17 വർഷത്തെ വിദേശവാസം കഴിഞ്ഞു ഡിസംബറിലാണ് ധാക്കയിൽ തിരിച്ചെത്തിയത്. ഖാലിദ അപ്പോൾ മരണക്കിടക്കയിൽ ആയിരുന്നു. മൂത്തമകനായ റഹ്മാൻ നേതൃത്വം ഏറ്റെടുക്കണമെന്നു പാർട്ടി ആവശ്യപ്പെട്ടു.
ഹസീനയുടെ പലായനത്തിനു ശേഷം സായുധ തീവ്രവാദികൾ രാജ്യത്തു ഹിന്ദുക്കളെ തിരഞ്ഞു പിടിച്ചു ആക്രമിച്ചിരുന്നു. നിരവധി പേർ കൊല്ലപ്പെട്ടു. ജമാ അത്തെ ജയിച്ചാൽ ഈ അക്രമം തുടരുമെന്ന ആശങ്ക ഉയർന്നിരുന്നു.
രാജ്യത്തിൻറെ താല്പര്യം പരിഗണിച്ചു ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താൻ റഹ്മാൻ ശ്രമിക്കും എന്നാണ് നിരീക്ഷകർ കരുതുന്നത്.
Modi speaks with Tarique Rehman