
ബെംഗളൂരു: സോമാറ്റോയും സ്വിഗ്ഗിയും അടക്കി വാഴുന്ന ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തേക്ക് പ്രമുഖ ഡിജിറ്റൽ കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്കാർട്ടും എത്തുന്നു . ബെംഗളൂരുവിൽ മെയ്-ജൂൺ മാസങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കാനും 2026 അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തോടെയോ രാജ്യത്താകെ ശൃംഖല വിപുലീകരിക്കാനുമാണ് ഫ്ലിപ്കാർട്ട് ആലോചിക്കുന്നത്.
നിലവിൽ വാൾമാർട്ടിന്റെ ഉടമസ്ഥതയിലാണ് ഈ ഇ-കൊമേഴ്‌സ് ഭീമൻ ഉള്ളത്. ഇന്ത്യയിലെ ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിന് 9 ബില്യൺ ഡോളർ വിപണി വിഹിതമാണുള്ളത്. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ വിപണിയുടെ സാധ്യതകളെ ചൂഷണം ചെയ്യുക എന്നതാണ് ഫ്ലിപ്കാർട്ട് ലക്ഷ്യമിടുന്നത്.
രണ്ട് വർഷം മുൻപ് ഫുഡ് ഡെലിവറി രംഗത്തേക്ക് പ്രവേശിക്കാൻ ഫ്ലിപ്കാർട്ട് ശ്രമിച്ചിരുന്നു. എന്നാൽ ആ ചർച്ചകൾ ആദ്യ ഘട്ടങ്ങൾക്കപ്പുറം മുന്നോട്ട് പോയില്ല. ഇത്തവണ, ഒരു പ്രത്യേക ഫുഡ് ഡെലിവറി ആപ്പ് നിർമ്മിക്കണോ അതോ ഒഎൻഡിസിയുമായി ബന്ധിപ്പിച്ച ഒരു സംവിധാനം തുടങ്ങണോ എന്നാണ് ഫ്ലിപ്കാർട്ട് വിലയിരുത്തുന്നത്.