
ആരോഗ്യ മേഖലയെ എച്-1 ബി വിസയ്ക്കു ചുമത്തിയിട്ടുള്ള $100,000 ഫീസിൽ നിന്ന് ഒഴിവാക്കണമെന്നു രണ്ടു പാർട്ടികളിലും പെട്ട 100 യുഎസ് കോൺഗ്രസ് അംഗങ്ങൾ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോവത്തിനോട് ആവശ്യപ്പെട്ടു. വിസകൾ തടസപ്പെടുമ്പോൾ രാജ്യത്തെ ആരോഗ്യ രംഗത്തു വേണ്ടത്ര ജീവനക്കാരെ കിട്ടാതെ വരുമെന്നു അവർ ചൂണ്ടിക്കാട്ടുന്നു.
ജീവനക്കാരുടെ കുറവ് ആരോഗ്യമേഖലയിൽ മില്യൺ കണക്കിന് ആളുകളെ ബാധിക്കുന്ന പ്രശ്നമായി കഴിഞ്ഞെന്നു ഫെഡറൽ ഡാറ്റ ഉദ്ധരിച്ചു തന്നെ അവർ ചൂണ്ടിക്കാട്ടി. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ചു വേണ്ടത്ര ആരോഗ്യ രക്ഷ ലഭ്യമല്ലാത്ത മേഖലകളിൽ 87 മില്യൺ ആളുകളുണ്ട്.
അടുത്ത പതിറ്റാണ്ടിൽ 86,000 ഫിസിഷ്യന്മാരെ ആവശ്യം വരും എന്നാണ് കണക്ക്. ആവശ്യത്തിനു ക്ലിനിക്കൽ ലാബ് സ്റ്റാഫിനെയും പരിശീലിപ്പിക്കുന്നില്ല. ഈ ഒഴിവുകൾ നികത്താൻ അമേരിക്കക്കാർ മാത്രം മതിയാവില്ല.
"അന്താരാഷ്ട്ര റിക്രൂട്മെന്റ് അനിവാര്യമാവും എന്നതിനാലാണ് എച്-1 ബി വിസകൾക്കു തടസമാവുന്ന ഫീ ഒഴിവാക്കണം എന്നാവശ്യപ്പെടുന്നത്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിൽ എച്-1 ബി ഉപയോഗിച്ചു വിദേശത്തു നിന്നു കൊണ്ടുവന്ന നിരവധി ഡോക്ടർമാരും ലാബ് ജീവനക്കാരും ഗവേഷകരും മറ്റും പിന്നോക്ക മേഖലകളിൽ ജോലി ചെയ്യുന്നുണ്ടെന്നു കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണ മേഖലയിലെ ആശുപത്രികളാണ് എച്-1 ബി ഫീസിന്റെ പ്രത്യാഘാതത്തിൽ ഏറ്റവും വലയുക.
റെപ്. യവറ്റെ ഡി. ക്ലർക്ക് (ഡെമോക്രാറ്റ്-ന്യൂ യോർക്ക്), റെപ്. മൈക്കൽ ലോലർ (റിപ്പബ്ലിക്കൻ-ന്യൂ യോർക്ക്) എന്നിവരാണ് കത്തിൽ നേതൃത്വം നൽകിയത്. സെനറ്റിൽ നിന്നു കിർസ്റ്റാൻ ഗില്ലിബ്രാൻഡും.
അമേരിക്കൻ ഹോസ്പിറ്റൽ അസോസിയേഷൻ, അസോസിയേഷൻ ഓഫ് അമേരിക്കൻ മെഡിക്കൽ കോളജസ്, ഗ്രെയ്റ്റർ ന്യൂ യോർക്ക് ഹോസ്പിറ്റൽ അസോസിയേഷൻ, കാലിഫോർണിയ മെഡിക്കൽ അസോസിയേഷൻ എന്നിവയുടെ പിന്തുണയുണ്ട്.
100 US lawmakers seek H-1B fee relief, citing potential staffing crises