Image

പോലീസ് വാഹനം ഇടിച്ചു മരിച്ച ഇന്ത്യൻ യുവതിയുടെ കുടുംബത്തിനു സിയാറ്റിൽ $29 മില്യൺ നൽകും (പിപിഎം)

Published on 12 February, 2026
 പോലീസ് വാഹനം ഇടിച്ചു മരിച്ച ഇന്ത്യൻ യുവതിയുടെ കുടുംബത്തിനു സിയാറ്റിൽ $29 മില്യൺ നൽകും (പിപിഎം)

പോലീസ് ഓഫിസർ അമിത വേഗത്തിൽ ഓടിച്ച വാഹനം ഇടിച്ചു മരിച്ച ഇന്ത്യൻ വിദ്യാർഥിനിയുടെ കുടുംബത്തിനു $29 മില്യൺ (262 കോടി രൂപയോളം) നൽകാൻ സിയാറ്റിൽ നഗരം തയാറായി.  

2023ലാണ് 23 വയസ് ഉണ്ടായിരുന്ന ജാഹ്നവി കണ്ടുള റോഡ് മുറിച്ചു കടക്കുമ്പോൾ കെവിൻ ഡേവ് എന്ന ഓഫിസർ 74 മൈൽ വേഗത്തിൽ ഓടിച്ചു വന്ന വാഹനം അവരെ ഇടിച്ചിട്ടത്. അപകടം നടന്ന മേഖലയിൽ അനുവദിച്ചിട്ടുള്ള വേഗത 25 മൈൽ ആണ്.

അമിതമായി ലഹരി കഴിച്ച ഒരാളെ കുറിച്ചു പരാതി കിട്ടിയതിനെ തുടർന്നു പാഞ്ഞുവന്ന ഡേവ് പിന്നീട് മറ്റൊരു ഓഫിസറുമായി സംസാരിച്ചപ്പോൾ 26 വയസുള്ള ഇന്ത്യക്കാരിയുടെ ജീവന് എന്തു വില എന്നു പരാമർശിച്ചതായി പരാതി ഉയർന്നിരുന്നു. എന്നാൽ കണ്ടുളയുടെ കുടുംബവുമായി ധാരണ പ്രഖ്യാപിച്ച സിയാറ്റിൽ അങ്ങിനെയല്ല കാണുന്നത്.

" ജാഹ്നവി കണ്ടുളയുടെ ജീവനു വില ഉണ്ടായിരുന്നു. അവരുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും നമ്മുടെ സമൂഹത്തിനും ആ ജീവൻ വിലപ്പെട്ടതായിരുന്നു," സിറ്റി അറ്റോണി എറിക്ക ഇവാൻസ് പറഞ്ഞു. "ഈ നഷ്ടപരിഹാരം ആ കുടുംബത്തിന് കുറച്ചാശ്വാസം നൽകുമെന്നു വിശ്വസിക്കുന്നു."

ഡേവിനെയും അയാളുമായി സംസാരിക്കുമ്പോൾ കണ്ടുളയെ പുച്ഛിച്ച പോലീസ് യുണിയൻ നേതാവായ ഓഫീസറെയും പിരിച്ചു വിടുകയുണ്ടായി. ഡേവിൽ നിന്ന് $5,000 പിഴയും വാങ്ങി.

നഷ്ടപരിഹാര തുകയിൽ ഏതാണ്ട് $20 മില്യൺ നഗരത്തിന്റെ ഇൻഷുറൻസിൽ നിന്നാവും നൽകുക.

Indian student's family to get $29 million compensation 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക