
കൊച്ചി: വിദ്യാർത്ഥിളെ അച്ചടക്കം പഠിപ്പിക്കുന്നതിനായി അധ്യാപകർ ചൂരൽ ഉപയോഗിക്കുന്നത് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 118 പ്രകാരം മാരകായുധം ഉപയോഗിച്ചുള്ള ആക്രമണമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. വിദ്യാർത്ഥിയെ ചൂരൽ കൊണ്ട് അടിച്ചെന്നാരോപിച്ച് ഒരു സ്കൂൾ അധ്യാപകനെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി പ്രദീപ് കുമാർ ഈ വിധി പുറപ്പെടുവിച്ചത്.
ഒരു കുട്ടി വിദ്യാലയത്തിൽ എത്തുമ്പോൾ, കുട്ടിയെ തിരുത്താനും അച്ചടക്കം നടപ്പിലാക്കാനുമുള്ള അധികാരം രക്ഷിതാവ് അധ്യാപകന് നൽകുന്നുണ്ട്. ഇത് അധ്യാപകന്റെ സ്ഥാനത്തിന്റെ പ്രത്യേകതയാണെന്ന് കോടതി നിരീക്ഷിച്ചു.
ഒരു വിദ്യാർത്ഥി നിയമങ്ങൾ പാലിക്കാതിരിക്കുമ്പോൾ, അവന്റെ സ്വഭാവം മെച്ചപ്പെടുത്തുന്നതിനായി അധ്യാപകൻ നൽകുന്ന ശാരീരിക ശിക്ഷ സദുദ്ദേശത്തോടെയുള്ളതാണോ എന്ന് പരിശോധിക്കണം. ദ്രോഹിക്കണമെന്ന ദുരുദ്ദേശമില്ലാതെ പെരുമാറ്റം നന്നാക്കാൻ വേണ്ടിയാണെങ്കിൽ അത് അധ്യാപകന്റെ അധികാരപരിധിയിൽ വരുന്നതാണെന്നും കോടതി നിരീക്ഷിച്ചു.