
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 75-ാമതായി. 2026 ഫെബ്രുവരിയിലെ ഏറ്റവും പുതിയ ഹെൻലി പാസ്‌പോർട്ട് സൂചിക അനുസരിച്ചാണിത്. 2026ന്റെ തുടക്കത്തിൽ ഇന്ത്യൻ പാസ്‌പോർട്ട് 80-ാം സ്ഥാനത്തായിരുന്നു. പാസ്‌പോർട്ട് ഉടമകൾക്ക് വിസ രഹിതമായി സന്ദർശിക്കാൻ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ആണ് ലോകരാജ്യങ്ങളുടെ പാസ്‌പോർട്ടുകളെ ഹെൻലി പാസ്‌പോർട്ട് സൂചിക റാങ്ക് ചെയ്യുന്നത്.
ആഗോള പാസ്‌പോർട്ട് റാങ്കിങ്ങിൽ ഏഷ്യൻ രാജ്യങ്ങൾ ആധിപത്യം തുടരുന്നു . സിങ്കപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളിൽ മുൻപന്തിയിലാണ്. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് നിലവിൽ 185ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിതമോ വിസ ഓൺ അറൈവൽ സൗകര്യമോ ലഭിക്കുന്നുണ്ട്. ഇത് ശക്തമായ നയതന്ത്ര, സാമ്പത്തിക ബന്ധങ്ങളെയും വിപുലമായ ആഗോള ബന്ധങ്ങളെയും പ്രതിഫലിപ്പിക്കുന്നു.
അതേസമയം, പരമ്പരാഗതമായി ശക്തരായിരുന്ന പാശ്ചാത്യ രാജ്യങ്ങളുടെ സ്വാധീനം ദുർബലമായിട്ടുണ്ട്. ഏകദേശം 200 രാജ്യങ്ങളിൽ നിന്നുള്ള പാസ്‌പോർട്ടുകളിൽ, അമേരിക്കയും യുകെയും പോലുള്ള പരമ്പരാഗത മുൻനിര രാജ്യങ്ങൾ റാങ്കിങ്ങിൽ പിന്നോക്കം പോയി. നിലവിൽ അമേരിക്ക 10-ാം സ്ഥാനത്താണ്. അമേരിക്കൻ പാസ്‌പോർട്ട് ഉടമകൾക്ക് എളുപ്പത്തിൽ പ്രവേശനം അനുവദിക്കുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 37 രാജ്യങ്ങൾക്ക് പിന്നിലാണ്.
അതേസമയം ഒരു ദശകം മുൻപ് ഉണ്ടായിരുന്ന നിലയേക്കാൾ താഴെയാണ് ഇന്ത്യയുടെ നിലവിലെ റാങ്കിങ്. 2006ൽ ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കിങ് 71 ആയിരുന്നു.