Image

‘മറ്റേ മോൻ’ പ്രയോഗം, ഞാന്‍ അതല്ല ഉദ്ദേശിച്ചത്; വിശദീകരണവുമായി സുരേഷ് ഗോപി

Published on 11 February, 2026
‘മറ്റേ മോൻ’ പ്രയോഗം, ഞാന്‍ അതല്ല ഉദ്ദേശിച്ചത്; വിശദീകരണവുമായി  സുരേഷ് ഗോപി

കേരളത്തിന് എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രസംഗത്തിനിടെ താൻ നടത്തിയ ‘മറ്റേ മോൻ’ എന്ന പ്രയോഗത്തിൽ വിശദീകരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. താൻ ആരെയും അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും, പേര് കൃത്യമായി പറയാൻ തോന്നാത്തതുകൊണ്ടാണ് അങ്ങനെ ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് തന്റെ വാക്കുകളെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

“എന്റെ നെഞ്ചത്ത് കൈവെച്ച് ഞാൻ പറയാം, നിങ്ങൾ വ്യാഖ്യാനിച്ചത് പോലെയുള്ള കാര്യങ്ങളല്ല ഞാൻ ഉദ്ദേശിച്ചത്. അമ്മ സത്യം, പേര് പരാമർശിക്കാൻ തോന്നാത്തതുകൊണ്ട് പറഞ്ഞ വാക്കാണത്,” സുരേഷ് ഗോപി പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ മാധ്യമങ്ങൾ മനഃപൂർവ്വം വിവാദമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും, ഇതിൽ തനിക്ക് പരിതപിക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ വാക്കുകളെ പുച്ഛിച്ചു തള്ളുന്നു എന്ന് പറയുന്നില്ലെന്നും എന്നാൽ വ്യാഖ്യാനങ്ങൾ ഓരോരുത്തരുടെ അവകാശമാണെന്നും അദ്ദേഹം പരിഹസിച്ചു.

ജനുവരി 14-ന് തൃപ്പൂണിത്തുറയിൽ നടന്ന ബിജെപി യോഗത്തിലായിരുന്നു വിവാദത്തിന് ആസ്പദമായ പരാമർശം നടന്നത്. ‘കേരളത്തിൽ എയിംസ് വരും മറ്റേ മോനെ’ എന്ന സുരേഷ് ഗോപിയുടെ വാക്കുകൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എയിംസ് വരുന്നതിൽ ചിലർ ഭയപ്പെടുന്നുണ്ടെന്നും ആ ഭയത്തിൽ അവർ മുങ്ങിമരിക്കട്ടെ എന്നും അന്ന് അദ്ദേഹം പ്രസംഗിച്ചിരുന്നു. ഈ പ്രസ്താവന വ്യക്തിപരമായ അധിക്ഷേപമാണെന്ന വിമർശനം ശക്തമായ സാഹചര്യത്തിലാണ് ഇപ്പോൾ മന്ത്രിയുടെ വിശദീകരണം വന്നിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക