
ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച 'എപ്സ്റ്റീൻ ഫയൽ' ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. രാഹുൽ ഗാന്ധിയുടേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും പാർലമെന്ററി ഉത്തരവാദിത്തം നിറവേറ്റുന്നതിൽ അദ്ദേഹം പരാജയപ്പെട്ടെന്നും കേന്ദ്രമന്ത്രി വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ലോക്‌സഭയിലെ ചർച്ചയ്ക്കിടെയാണ് ബിസിനസുകാരനായ അനിൽ അംബാനിയെ എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെടുത്തി രാഹുൽ ഗാന്ധി സംസാരിച്ചത്. 'ഹർദീപ് പുരിയെ എപ്സ്റ്റീന് പരിചയപ്പെടുത്തിക്കൊടുത്തത് ആരാണെന്ന് എനിക്കറിയാം, അത് ഹർദീപ് പുരിക്കും അറിയാം' -എന്നായിരുന്നു രാഹുലിന്റെ പരാമർശം.തന്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ചതിനെതിരെ ശക്തമായി പ്രതികരിച്ച കേന്ദ്രമന്ത്രി, ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതുമധ്യത്തിൽ ലഭ്യമാണെന്ന് വ്യക്തമാക്കി.
2009 മെയ് മുതൽ 2017 വരെയുള്ള കാലയളവിൽ ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിച്ചിരുന്ന സമയത്തെ മൂന്ന് മില്യണോളം ഇമെയിലുകൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു.
എപ്സ്റ്റീനെ കണ്ടിട്ടുണ്ട്. താൻ ജോലി ചെയ്‌ത സന്നദ്ധസംഘടനയുടെ ഭാഗമായിട്ടാണ് കണ്ടത്. എട്ട് വർഷം താൻ ന്യൂയോർക്കിലുണ്ടായിരുന്നു. സ്വകാര്യ വ്യക്തിയായിട്ടാണ് എപ്സ്റ്റീനെ കണ്ടതെന്നും അന്ന് താൻ സർക്കാരിന്‍റെ ഭാഗമായിരുന്നില്ലെന്നും ഹർദീപ് സിങ് പുരി വ്യക്തമാക്കി. ഇതാണ് വലിയ കാര്യമായി രാഹുൽ ഗാന്ധി അവതരിപ്പിക്കുന്നതെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഒരു ഇമെയിൽ സന്ദേശം അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്നോ നാലോ കൂടിക്കാഴ്ചകളെക്കുറിച്ച് മാത്രമാണ് പരാമർശമുള്ളതെന്നും അവയെല്ലാം തികച്ചും ഔദ്യോഗികമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. മൾട്ടി ലാറ്ററലിസവുമായി ബന്ധപ്പെട്ട സ്വതന്ത്ര കമ്മീഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു ആ കൂടിക്കാഴ്ചകളെന്നും പുരി കൂട്ടിച്ചേർത്തു.
യാതൊരു തെളിവുമില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുന്നതാണ് രാഹുലിന്റെ ശൈലിയെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. "ആരോപണങ്ങൾ ഉന്നയിച്ച ശേഷം മറുപടി കേൾക്കാൻ നിൽക്കാതെ സഭയിൽ നിന്ന് ഇറങ്ങിപ്പോകുന്നത് അദ്ദേഹത്തിന്റെ പതിവാണ്. രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്ന നേതാക്കളും ഇടയ്ക്ക് മാത്രം രാജ്യത്തെത്തി ആരോപണങ്ങൾ ഉന്നയിച്ച് മടങ്ങുന്ന നേതാക്കളും തമ്മിലുള്ള വ്യത്യാസം ജനങ്ങൾക്കറിയാം."- ഹർദീപ് സിംഗ് പുരി പറഞ്ഞു.
ലോക്‌സഭയിലെ പ്രസംഗത്തിനുശേഷം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴും പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ രാഹുൽ ഗാന്ധി ഉന്നയിച്ചു. ഹർദീപ് പുരിയുടെയും അനിൽ അംബാനിയുടെയും പേരുകൾ എപ്‌സ്റ്റീൻ ഫയലിൽ ഉണ്ടെന്നും യുഎസിൽ അദാനിക്കെതിരെ കേസ് നിൽനിൽക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഇതെല്ലാം പ്രധാനമന്ത്രിയില്‍ നേരിട്ടു സമ്മർദമുണ്ടാക്കുന്നു. ഒരു പ്രധാനമന്ത്രിയും സാധാരണ അവസ്ഥയിൽ ചെയ്യാത്ത കാര്യങ്ങളാണ് യുഎസുമായുള്ള കരാറിലുള്ളത്. രാജ്യത്തിന്‍റെ ഡേറ്റ, കർഷകർ, ഊർജ സുരക്ഷ, പ്രതിരോധം എന്നീ മേഖലയിൽ സംഭവിച്ചത് സാധാരണ ഒരു പ്രധാനമന്ത്രിയും ചെയ്യാത്ത കാര്യങ്ങളാണെന്നും രാഹുൽ ആരോപിച്ചു.
യുഎസ് പരുത്തി ഉപയോഗിച്ചു ബംഗ്ലദേശിൽ നിർമിക്കുന്ന നിശ്ചിത അളവ് തുണിത്തരങ്ങൾക്ക് പൂജ്യം തീരുവയാണ് യുഎസ് ചുമത്തുന്നത്. ഇന്ത്യയുടെ തീരുവ 18 ശതമാനമാണ്. ഇതോടെ, ഇന്ത്യയുടെ ടെക്സ്റ്റൈൽ മേഖല തകർന്നു.
യുഎസുമായുള്ള കരാറിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇന്ത്യക്കാരുടെ ഡാറ്റയാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള മത്സരത്തിൽ ഏറ്റവും മൂല്യമുള്ള ആസ്തിയും ഇന്ത്യക്കാരുടെ ഡാറ്റയാണ്. അമേരിക്കയ്ക്ക് ഒരു വൻശക്തിയായി തുടരാനും ഡോളറിനെ സംരക്ഷിക്കാനുമുള്ള പ്രധാന വഴി ഇന്ത്യയുടെ ഡാറ്റയാണ്. ഡാറ്റ വേണമെങ്കിൽ ഇന്ത്യക്കാരെ തുല്യരായി കാണണമെന്ന് ട്രംപിനോട് പറയണമായിരുന്നു. അമേരിക്ക അവരുടെ കർഷകരെ സംരക്ഷിക്കുന്നതുപോലെ ഞങ്ങളും കർഷകരെ സംരക്ഷിക്കുമെന്ന് ട്രംപിനോട് പറയണമായിരുന്നു. ഇന്ത്യ സഖ്യമാണെങ്കിൽ അതു പറയുമായിരുന്നെന്നും രാഹുൽ പറഞ്ഞു.