Image

എ ഐ അധിഷ്ഠിത പദ്ധതികളോട് യോജിക്കാൻ കഴിയാത്ത ജീവനക്കാർ പിരിഞ്ഞുപോകണം: വോളന്ററി എക്സിറ്റ് പദ്ധതി പ്രഖ്യാപിച്ച് ഗൂഗിൾ

Published on 11 February, 2026
എ ഐ അധിഷ്ഠിത പദ്ധതികളോട് യോജിക്കാൻ കഴിയാത്ത ജീവനക്കാർ  പിരിഞ്ഞുപോകണം: വോളന്ററി എക്സിറ്റ് പദ്ധതി പ്രഖ്യാപിച്ച് ഗൂഗിൾ

കാലിഫോർണിയ : 2025-ൽ 400 ബില്യൺ ഡോളറിന്റെ റെക്കോർഡ് വരുമാനം നേടിയതിന് പിന്നാലെ, കമ്പനിയുടെ എ ഐ. അധിഷ്ഠിത ഭാവി പദ്ധതികളോട് യോജിക്കാൻ കഴിയാത്ത ജീവനക്കാർക്കായി വൊളന്ററി എക്സിറ്റ് (സ്വയം വിരമിക്കൽ) പദ്ധതി പ്രഖ്യാപിച്ച് ഗൂഗിൾ. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലേക്ക് കമ്പനി പൂർണ്ണമായും മാറുന്ന സാഹചര്യത്തിൽ, അതിനോട് പൊരുത്തപ്പെടാൻ ആഗ്രഹിക്കാത്തവർക്ക് ആനുകൂല്യങ്ങളോടെ പിരിഞ്ഞുപോകാമെന്ന് ഗൂഗിൾ ചീഫ് ബിസിനസ് ഓഫീസർ ഫിലിപ്പ് ഷിൻഡ്ലർ ആഭ്യന്തര മെമ്മോയിലൂടെ അറിയിച്ചു.

ഗൂഗിളിന്റെ ഗ്ലോബൽ ബിസിനസ് ഓർഗനൈസേഷൻ (ജി ബി ഒ.) വിഭാഗത്തിലെ ജീവനക്കാർക്കാണ് ഈ അവസരം നൽകിയിരിക്കുന്നത്. പരസ്യ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ആഗോള വരുമാന വളർച്ച തുടങ്ങിയവ കൈകാര്യം ചെയ്യുന്ന വിഭാഗമാണിത്.

2026-ൽ കമ്പനി ശക്തമായ നിലയിലാണെങ്കിലും എ ഐ. രംഗത്തെ മാറ്റങ്ങൾ അതിവേഗത്തിലാണെന്നും ഈ മാറ്റങ്ങളെ പൂർണ്ണമായി ഉൾക്കൊള്ളുന്നവർ മാത്രം കമ്പനിയുടെ ഭാഗമായി തുടർന്നാൽ മതിയെന്നുമാണ് ഗൂഗിൾ മേധാവിയുടെ നിലപാട്. സെയിൽസ്, സൊല്യൂഷൻ ടീം തുടങ്ങിയ വിഭാഗങ്ങളിലുള്ളവർക്ക് പാക്കേജ് ലഭ്യമാകുമെങ്കിലും അമേരിക്കയിലെ ലാർജ് കസ്റ്റമർ സെയിൽസ് ടീമിലുള്ളവർക്കും ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടുന്നവർക്കും ഈ ആനുകൂല്യം ലഭിക്കില്ല.

കഴിഞ്ഞ വർഷം ആൻഡ്രോയിഡ്, എൻജിനീയറിങ് വിഭാഗങ്ങളിലും യുകെയിലെ ജീവനക്കാർക്കും സമാനമായ പാക്കേജുകൾ ഗൂഗിൾ നൽകിയിരുന്നു. ഗൂഗിളിന് പുറമെ ആമസോൺ, മെറ്റാ, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പൻ ടെക് കമ്പനികളും എ ഐ. അധിഷ്ഠിത ബിസിനസ് മോഡലുകളിലേക്ക് മാറുന്നതിന്റെ ഭാഗമായി ജീവനക്കാർക്ക് ഇത്തരത്തിൽ വിരമിക്കൽ പാക്കേജുകൾ നൽകുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക