
കാനഡയുടെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലുള്ള ടംബ്ലർ റിഡ്‌ജിൽ 9 സ്കൂൾ കുട്ടികൾ വെടിയേറ്റു മരിച്ച ചൊവാഴ്ച്ച കനത്ത ദുഖത്തിന്റെ കരിനിഴൽ വീണു. 2,400 പേർ മാത്രം ജീവിക്കുന്ന കൊച്ചുപട്ടണത്തെ ഒരൊറ്റ കുടുംബം എന്നാണ് അവിടെ വസിക്കുന്നവർ വിളിക്കുന്നത്. "ഈ കുഞ്ഞുങ്ങളൊക്കെ എന്റെ കൺമുന്നിൽ വളർന്നവരാണ്," ഒരു കൗൺസിൽ അംഗം പറഞ്ഞു.
40 വർഷത്തിനിടയിൽ കാനഡ കണ്ട ഏറ്റവും മാരകമായ വെടിവയ്പാണിത്. വെടിവച്ചത് ഭിന്ന ലിംഗ വിഭാഗത്തിൽ പെട്ട വ്യക്തിയാണെന്ന് ചില റിപ്പോർട്ടുകളിൽ പറയുന്നു. ആദ്യ ജാഗ്രതാ നിർദേശത്തിൽ അവർ സ്ത്രീയാണ് എന്നാണ് പറഞ്ഞിരുന്നത്.
ആ വ്യക്തി സ്വയം ജീവനൊടുക്കി.
ആറു പേർ സ്കൂളിനുള്ളിൽ തന്നെ വെടിയേറ്റ് മരിച്ചെന്നു പോലീസ് പറയുന്നു. ഏഴാമതൊരാൾ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ മരിച്ചു. രണ്ടു പേരെ വെടിയേറ്റു മരിച്ച നിലയിൽ ഒരു വീട്ടിൽ കണ്ടെത്തിയത് സ്കൂളിലെ ആക്രമണവുമായി ബന്ധപ്പെട്ടതാണെന്നു പോലീസ് പറയുന്നു.
25 പേർ സാരമല്ലാത്ത പരുക്കുകളോടെ ആശുപത്രിയിലുണ്ട്.
സ്കൂളിൽ 12 മുതൽ 18 വരെ പ്രായമുള്ള 160 കുട്ടികളാണ് പഠിക്കുന്നത്. സ്കൂളിൽ ഉണ്ടായിരുന്ന കുട്ടികളെ രണ്ടു മിനിറ്റിനകം എത്തിയ പോലീസ് പുറത്തു കടത്തിയതായി പ്രവിശ്യാ പ്രധാനമന്ത്രി ഡേവിഡ് എബി പറഞ്ഞു.
രണ്ടു മണിക്കൂറോളം ക്ലാസ്‌റൂമിൽ അടച്ചിട്ടു മേശയും കസേരയും മറ്റും വാതിലുകളോടു ചേർത്തു വച്ചു ഭയന്നു വിറച്ചാണ് കുട്ടികളും അധ്യാപകരും കഴിഞ്ഞത്.
എന്തായിരുന്നു അക്രമിയുടെ പ്രകോപനമെന്നു പോലീസ് തീർച്ചപ്പെടുത്തിയിട്ടില്ല.
മേയർ ഡാറിൽ ക്രാക്കോവ്ക പറഞ്ഞു: "ഞാൻ പൊട്ടിക്കരഞ്ഞു പോയി. അത്യന്തം തകർത്തു കളയുന്ന ദുരന്തം. 18 വർഷമായി ഞാൻ ഇവിടെ ജീവിക്കുന്നു. മരിച്ച എല്ലാവരെയും എനിക്ക് അറിയാം."
Canadian town mourns shooting victims