
ന്യൂഡൽഹി: ദേശീയ ഗാനമായ 'ജനഗണമന'യ്ക്ക് മുൻപായി ഇനി മുതൽ ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. വന്ദേമാതരത്തിന് ആദ്യമായി ഔദ്യോഗിക പ്രോട്ടോക്കോൾ നിശ്ചയിച്ചു കൊണ്ടാണ് കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും പൂർണ്ണമായി ആലപിക്കണമെന്നും ഇതിനായി 3 മിനിറ്റ് 10 സെക്കൻഡ് സമയം അനുവദിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ജനുവരി 28-ന് പുറപ്പെടുവിച്ച ഈ നിർദ്ദേശങ്ങൾ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും പോലീസ് മേധാവികൾക്കും കൈമാറി. രാഷ്ട്രപതിയുടെ സന്ദർശനം, ദേശീയ പതാക ഉയർത്തൽ, ഗവർണർമാരുടെ പ്രസംഗം തുടങ്ങിയ ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം പാടുമ്പോൾ പാലിക്കേണ്ട നിയമങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ദേശീയ ഗീതവും (വന്ദേമാതരം) ദേശീയ ഗാനവും (ജനഗണമന) ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളിൽ, വന്ദേമാതരമായിരിക്കണം ആദ്യം പാടേണ്ടത്.ദേശീയ ഗീതം ആലപിക്കുമ്പോൾ സദസ്സിലുള്ളവർ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണം .
സിനിമകൾ, ഡോക്യുമെന്ററികൾ അല്ലെങ്കിൽ വാർത്താചിത്രങ്ങൾ എന്നിവയുടെ ഭാഗമായി വന്ദേമാതരം പ്ലേ ചെയ്യുമ്പോൾ സദസ്സിലുള്ളവർ എഴുന്നേറ്റ് നിൽക്കേണ്ടതില്ല. പ്രദർശനത്തിന് തടസ്സമുണ്ടാകാതിരിക്കാനും അനാവശ്യ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനുമാണ് ഈ ഇളവ്.
ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നത് തടയുന്നതിനുള്ള 1971-ലെ നിയമപ്രകാരം വന്ദേമാതരത്തിന് നിയമപരമായ പരിരക്ഷ നൽകണമെന്നാവശ്യപ്പെട്ട് കോടതികളിൽ നിരവധി ഹർജികൾ സമർപ്പിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഈ നീക്കം. ഭരണഘടനയുടെ 51എ(എ) അനുച്ഛേദപ്രകാരം ദേശീയ ഗാനത്തിന് ലഭിക്കുന്ന അതേ ഔദ്യോഗിക പരിഗണന ദേശീയ ഗീതത്തിനും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.