Image

ഏദനിലെ താമസക്കാർ (നോവല്‍-2 : ലൈല അലക്‌സ്)

Published on 10 February, 2026
ഏദനിലെ താമസക്കാർ (നോവല്‍-2 : ലൈല അലക്‌സ്)

ഊമക്കത്തുകളും, ഭീഷണികളും ഒന്നും സാറാക്കുട്ടിയ്ക്കു പുത്തരിയല്ല. ഇന്ന് കാണുന്ന ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയത് ഏതുതരം പ്രതിസന്ധികളിലും തളരാതെ നില്ക്കാൻ കഴിഞ്ഞതുകൊണ്ടു മാത്രമാണ്. 
പഴയ കാലങ്ങൾ അവരുടെ മനസ്സിലേക്ക് ഓടിയെത്തി.
കുടുംബസ്വത്തായി കിട്ടിയ ഇത്തിരി മണ്ണ് വിറ്റ് ആദ്യത്തെ നെയ്ത്തുശാല തുടങ്ങാൻ ആത്മവീര്യം പകർന്നു തന്നത് അപ്പനായിരുന്നു എന്ന് അവറാച്ചൻ എപ്പോഴും പറയുമായിരുന്നു. വിവാഹത്തിൻറെ ആദ്യനാളുകളിൽ തന്നെ സാറാക്കുട്ടി മനസ്സിലാക്കിയതാണ് കുടുംബബന്ധങ്ങളെ എത്ര വിലമതിച്ചിരുന്നവരാണ് അവറാച്ചൻറെ വീട്ടുകാർ എന്ന്. ചെറിയ നിലയിൽ തുടങ്ങിയ ആ നെയ്ത്തുശാല വളർന്നു വസ്ത്രവ്യാപാര ശാലയായി പന്തലിക്കാൻ ഏറെ നാളത്തെ അധ്വാനവും അലച്ചിലും വേണ്ടിയിരുന്നു. അതിനെല്ലാം, അവറാച്ചൻറെ പിന്നിൽ ഉറച്ച മനസ്സോടെ നില ഉറപ്പിച്ച അയാളുടെ കുടുംബത്തിൻറെ പങ്കു ചെറുതായിരുന്നില്ല.
ബിസിനസിൻറെ തിരക്കുകളിൽ അവറാച്ചൻ മുങ്ങിപ്പോകുന്നു എന്ന് തോന്നിയപ്പോൾ അപ്പൻ ഉപദേശിച്ചു:
'നിൻറെ കുടുംബം നീ കാത്തു കൊള്ളണം. ഒരു സമ്പാദ്യവും അതിനു പകരമാവില്ല. അവിടെ ഒരു പോറൽ ഏറ്റാൽ ഈ കൂട്ടിവെക്കുന്ന സമ്പാദ്യവും, പേരും, പെരുമയും എല്ലാം ഒറ്റയടിക്ക് പോകും എന്ന് ഓർത്തുകൊള്ളണം.' 
അവറാച്ചനും സാറാക്കുട്ടിയും അപ്പൻറെ വാക്കുകൾ എന്നും ഓർത്തു: അവരുടെ കൊച്ചു കുടുംബത്തെ നിധിപോലെ കാത്തു. അവരുടെ മക്കൾ രാജീവനും വത്സയും വളർന്നു. പഠിപ്പിലും അവർ മോശമായിരുന്നില്ല: അമേരിക്കയിൽ നിന്നും രാജീവൻ ബിസിനസ് മാനേജ്മെന്റിൽ ഡിഗ്രി കരസ്ഥമാക്കി, പപ്പയോടൊപ്പം ബിസിനസിൽ കൂടി. ഇളയവളായ വത്സ ഒപ്പം പഠിച്ചിരുന്ന ഒരു യുവാവുമായി പ്രണയത്തിലായി അയാളെ വിവാഹം കഴിച്ചു. അവറാച്ചനും സാറാക്കുട്ടിക്കും ഒട്ടും ഇഷ്ടപ്പെട്ട ബന്ധം ആയിരുന്നില്ലെങ്കിലും മകളുടെ സന്തോഷം ഓർത്ത് അവർ സമ്മതം മൂളി. 
അധികം താമസിക്കാതെ രാജീവൻറെ വിവാഹവും നടന്നു. അവറാച്ചനും സാറാക്കുട്ടിയും ഒരിക്കലും അപ്പൻറെ ഉപദേശം മറന്നില്ല. 'കുടുംബം... അതാണ് ഏറ്റവും വലിയ സ്വത്ത്...' 
ആ സ്നേഹത്തണലിൽ വളർന്ന രാജീവനും അങ്ങനെ തന്നെയായിരുന്നു. പക്ഷെ ആ കുടുംബം ആകെ തകർക്കാൻ പോന്നതായിരുന്നു ആ കത്തിലെ വാചകങ്ങൾ. തീരെയും സംസ്കാരമില്ലാത്ത, വിദ്യാഭ്യാസമില്ലാത്ത ആളുകൾ പോലും ഉപയോഗിക്കാൻ മടിക്കുന്ന സഭ്യമല്ലാത്ത ഭാഷയും..... ഇന്റർനെറ്റിന്റെയും സ്മാർട്ട് ഫോണിന്റെയും കാലത്ത് ഇങ്ങനെ കത്തുകൾ എഴുതുന്നത് ആരാണ്? രാജീവൻ നിസാരമായി തള്ളിക്കളഞ്ഞിട്ടും  സാറാക്കുട്ടിക്ക് അങ്ങനെ നിസ്സാരമായി തള്ളാൻ  കഴിയുമായിരുന്നില്ല. അറയ്ക്കുന്ന ഭാഷയിൽ എഴുതിയ ആ വാചകങ്ങൾ സാറാക്കുട്ടിയെ വല്ലാതെ നോവിച്ചു. 
വനജയ്ക്കു, അതും, ഏതോ ഒരു പീറച്ചെറുക്കനുമായി...  ആളാരാണെന്നു  കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും  ഏതോ വീട്ടുവേലക്കാരാണെന്നാണ്  അനുമാനിക്കേണ്ടത്.  ആര് ?  ഈ വീട്ടിൽ തന്നെ ഉണ്ട് രണ്ടു മൂന്നു പണിക്കാരെങ്കിലും... പിന്നെ ഫാക്ടറിയിലെ പണിക്കാർ വേറെയും...  ഇവരിൽ  ആരെങ്കിലും ആണോ? 
ഛെ !  വനജ അത്രയും തരo  താഴുമോ? അങ്ങനെയൊന്ന്  സംശയിക്കത്തക്ക ഒരു സാഹചര്യവും  വനജ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. എന്തെങ്കിലും അസംതൃപ്തിയോ നിരാശയോ  കുടുംബജീവിതത്തിൽ  ഉള്ളതായി കാണിച്ചിട്ടുമില്ല. പരസ്പരം ചിരിച്ചും കളിച്ചുമുള്ള  രാജീവിന്റെയും അവളുടെയും പെരുമാറ്റം കണ്ട് സന്തോഷിച്ചിട്ടേയുള്ളൂ ഇന്നുവരെ.  
കുടുംബത്തെ മറ്റെന്തിലും വലുതായി കരുതുന്ന തൻറെ മകൻ എങ്ങനെ സഹിക്കുo? മറ്റാരെങ്കിലും ഇതൊക്കെ അറിഞ്ഞാൽ, സമൂഹത്തിൽ ഉള്ള സ്ഥാനം, സൽപ്പേര് എല്ലാം തുലഞ്ഞില്ലേ? ഇങ്ങനെയുള്ള കാര്യങ്ങൾ എത്രകാലം ഒതുക്കി വെക്കാൻ കഴിയും? ഇപ്പോൾ തന്നെ ആരൊക്കെ എന്തൊക്കെ പറയുന്നുണ്ടാവും എന്ന് ആർക്കറിയാം?
സാറാക്കുട്ടിയ്ക്കു കരച്ചിൽ വന്നു.  
ചിന്തകളിൽ മുഴുകി ഇരുന്ന സാറാക്കുട്ടി ഫ്ലാറ്റിൽ എത്തിയത് അറിഞ്ഞില്ല. 
' അമ്മച്ചീ,  ഇറങ്ങുന്നില്ലേ.' ഡ്രൈവറുടെ വാക്കുകൾ ആണ് അവരെ ഉണർത്തിയത്.


Read More: https://www.emalayalee.com/writer/69

 

Join WhatsApp News
Jayan varghese 2026-02-10 21:32:30
മലയാളത്തിൽ നോവൽ ഏത് കഥയേത് ചെറുകഥയേത് എന്ന് തിരിച്ചറിയാനാവാത്ത ഒരവസ്ഥ വന്നിരിക്കുന്നു. ചിലപ്പോളൊക്കെ നോവൽ ചെറുകഥയായും ചെറുകഥ നോവലായും മാറുന്നത് കാണാം. മാറ്റത്തിന്റെ മറ്റൊലി സൃഷ്ടിക്കുന്നതാവണം എഴുത്ത് എന്നതിനാൽ നമ്മുടെ കാല ഘട്ടത്തിലെ ക്ളാസ്സിക്കുകൾക്കായി കാത്തിരിക്കുന്നു. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക