Image

നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം ഓൺലൈനിൽ: കേസെടുത്ത് ഡൽഹി പൊലീസ്; പിഡിഎഫ് കോപ്പികളടക്കം പ്രചരിക്കുന്നു

Published on 09 February, 2026
നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം ഓൺലൈനിൽ: കേസെടുത്ത് ഡൽഹി പൊലീസ്; പിഡിഎഫ് കോപ്പികളടക്കം പ്രചരിക്കുന്നു

ഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയായ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകം സോഷ്യൽ മീഡിയയിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും പ്രചരിക്കുന്നതിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുന്ന പുസ്തകം ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ പിഡിഎഫ് രൂപത്തിൽ പ്രചരിച്ചതിനെത്തുടർന്നാണ് നടപടി.

ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ കേസിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പുസ്തകത്തിന്റെ പിഡിഎഫ് കോപ്പി വിവിധ വെബ്സൈറ്റുകളിൽ ലഭ്യമാണെന്ന് പൊലീസ് കണ്ടെത്തിട്ടുണ്ട്. പുസ്തകം എവിടെ നിന്നാണ് ചോർന്നതെന്നും അത് പ്രചരിപ്പിച്ചത് ആരാണെന്നും കണ്ടെത്താനാണ് ശ്രമം.

പെൻഗ്വിൻ റാഡം ഹൗസ് തയ്യാറാക്കിയ പുസ്തകത്തിന്റെ ടൈപ്പ്സെറ്റ് കോപ്പിയാണ് പ്രചരിക്കുന്നതെന്നാണ് സൂചന. ചില ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകളിൽ പുസ്തകത്തിന്റെ കവർ പേജ് പ്രദർശിപ്പിക്കുകയും അത് വാങ്ങാൻ ലഭ്യമാണെന്ന് നൽകിയിരിക്കുന്നതായും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

പുസ്തകത്തിലെ ചില ഭാഗങ്ങൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ ഉദ്ധരിച്ചത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. 2020 ഓഗസ്റ്റിൽ കിഴക്കൻ ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ ഉണ്ടായ സംഘർഷങ്ങളെ കേന്ദ്ര സർക്കാർ കൈകാര്യം ചെയ്ത രീതിയെ വിമർശിക്കാൻ, രാഹുൽ ഗാന്ധി പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിച്ചിരുന്നു.

2020 ഓഗസ്റ്റ് 31-ന് രാത്രി റെച്ചിൻ ലാ മേഖലയിൽ ചൈനീസ് ടാങ്കുകളും സൈന്യവും നീക്കം നടത്തിയപ്പോഴുണ്ടായ അതീവ ഗുരുതരമായ സാഹചര്യമാണ് പുസ്തകത്തിൽ വിവരിക്കുന്നത്. അന്നത്തെ സംഭവങ്ങളെക്കുറിച്ച് ജനറൽ നരവാനെ ഇപ്രകാരം കുറിക്കുന്നു:

'രാത്രി 10:10 ഓടെ നോർത്തേൺ കമാൻഡ് ചീഫ് ലഫ്റ്റനന്റ് ജനറൽ വൈ.കെ. ജോഷി എന്നെ വിളിച്ചു. ചൈനീസ് ടാങ്കുകൾ വെറും 500 മീറ്റർ മാത്രം അകലെയാണെന്നും സാഹചര്യം വഷളാകുകയാണെന്നും അദ്ദേഹം അറിയിച്ചു. ഞാൻ ഉടൻ തന്നെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ വിവരമറിയിച്ചു. പ്രധാനമന്ത്രിയുമായി സംസാരിച്ച ശേഷം രാത്രി 10:30-ഓടെ അദ്ദേഹം എന്നെ തിരിച്ചുവിളിച്ചു. പ്രധാനമന്ത്രിയുമായി സംസാരിച്ചു, ഇത് പൂർണ്ണമായും ഒരു സൈനിക തീരുമാനമാണ്. എന്ത് വേണമെന്ന് നിങ്ങൾ തീരുമാനിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി'.- എന്നാണ് പുസ്തകത്തിൽ പറയുന്നത്.

മന്ത്രിയുടെ മറുപടിയോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി താനെന്ന്  നരവാനെ വിശേഷിപ്പിച്ചത്. എല്ലാ ഉത്തരവാദിത്തവും തന്റെ തലയിലായ ആ നിമിഷം അതീവ സമ്മർദ്ദത്തിലായിരുന്നുവെന്നും അദ്ദേഹം പുസ്തകത്തിൽ വ്യക്തമാക്കുന്നു.

അപ്രസിദ്ധീകൃതമായ പുസ്തകത്തിൽ നിന്നുള്ള ഭാഗങ്ങൾ സഭയിൽ ഉദ്ധരിക്കാൻ കഴിയില്ലെന്ന് സർക്കാർ വാദിച്ചതോടെയാണ് ലോക്സഭയിൽ ബഹളമുണ്ടായത്. ദി കാരവൻ മാഗസിനിൽ വന്ന ലേഖനത്തെ അടിസ്ഥാനമാക്കിയാണ് താൻ സംസാരിക്കുന്നതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയെങ്കിലും സ്പീക്കർ അനുമതി നൽകിയില്ല.

2024 ജനുവരിയിൽ പുറത്തിറങ്ങേണ്ടിയിരുന്ന 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകം നിലവിൽ കരസേനയുടെയും പ്രതിരോധ മന്ത്രാലയത്തിന്റെയും പരിശോധനയിലാണ് . സൈനിക രഹസ്യങ്ങളോ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളോ പുസ്തകത്തിലുണ്ടോ എന്നാണ് മന്ത്രാലയം പരിശോധിക്കുന്നത്. പെൻഗ്വിൻ റാൻഡം ഹൗസ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.

വിരമിച്ച ഉദ്യോഗസ്ഥർ പുസ്തകം എഴുതുന്നതിൽ കൃത്യമായ നിയമങ്ങളില്ലെങ്കിലും, രഹസ്യാന്വേഷണ വിഭാഗങ്ങളിലോ സുരക്ഷാ ഏജൻസികളിലോ പ്രവർത്തിച്ചവർ വിരമിച്ച ശേഷം വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് മുൻകൂർ അനുമതി വേണമെന്ന ചട്ടം നിലവിലുണ്ട്.

2020 ഏപ്രിലിൽ ആരംഭിച്ച ലഡാക് അതിർത്തി തർക്കം 2024 ഒക്ടോബറിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണയെത്തുടർന്ന് ഭാഗികമായി പരിഹരിക്കപ്പെട്ടത്. ഗൽവാൻ സംഘർഷം ഉൾപ്പെടെയുള്ള സംഭവങ്ങൾ നടന്ന കാലയളവിൽ ജനറൽ നരവാനെയായിരുന്നു ഇന്ത്യൻ കരസേനാ മേധാവി.

2019 ഡിസംബർ മുതൽ 2022 ഏപ്രിൽ വരെയാണ് ജനറൽ നരവാനെ കരസേനാ മേധാവിയായി സേവനമനുഷ്ഠിച്ചത്. ചൈനീസ് സൈന്യവുമായുള്ള  കടുത്ത ലഡാക്ക് സംഘർഷം ഇക്കാലയളവിലായിരുന്നു. 20 സൈനികർ വീരമൃത്യു വരിച്ച 2020-ലെ ഗൽവാൻ താഴ്വരയിലെ ഏറ്റുമുട്ടൽ ഇന്ത്യ-ചൈന ബന്ധത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സൈന്യം ലഡാക്കിൽ വൻതോതിലുള്ള സേനാവിന്യാസവും അടിസ്ഥാന സൗകര്യ വികസനവും നടത്തിയിരുന്നു. കൂടാതെ, വിവാദമായ 'അഗ്‌നിപഥ്' റിക്രൂട്ട്മെന്റ് പദ്ധതിയുടെ ആദ്യഘട്ടങ്ങൾ നടപ്പിലാക്കിയതും നരവാനെയുടെ കാലത്താണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക