
വാഷിങ്ടൺ: ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഒപ്പു വയ്ക്കുന്നതിന് അമേരിക്ക മുന്നോട്ടു വച്ച ഏറ്റവും വലിയ ആവശ്യമായ റഷ്യൻ എണ്ണ വാങ്ങരുതെന്ന നിർദേശം ഇന്ത്യൻ കമ്പനികൾ അംഗീകരിച്ചതായി സൂചന. ഏപ്രിൽ മുതൽ വിതരണം ചെയ്യേണ്ട റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണക്കമ്പനികൾ വിട്ടു നിൽക്കുന്നതായാണ് റിപ്പോർട്ടുകൾ.
അമേരിക്കൻ ആവശ്യം അംഗീകരിച്ച് യുഎസുമായി വ്യാപാരക്കരാർ ഒപ്പിടാൻ കേന്ദ്രത്തെ സഹായിക്കുന്ന നീക്കമാണ് ഇതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, റിലയൻസ് ഇൻഡസ്ട്രീസ് കമ്പനികൾ മാർച്ച് -ഏപ്രിൽ മാസങ്ങളിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള താൽപര്യം കാണിക്കുന്നില്ല.
അടുത്ത മാസത്തോടെ വ്യാപാര കരാറിൽ ഒപ്പിടാനാണ് ഇന്ത്യയും അമേരിക്കയും ലക്ഷ്യമിടുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നേരിട്ടോ അല്ലാതെയോ നിർത്താൻ സമ്മതിച്ചിട്ടുണ്ടെന്നും അതിനാൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവ താൻ പിൻവലിക്കുകയാണെന്നും യുഎസ് പ്രസിഡന്‍റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും റഷ്യൻ എണ്ണ ഇറക്കുമതി നിർത്തുന്നതിനെ കുറിച്ച് ഇന്ത്യ പൂർണമായി ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല.