Image

ഇൻക്യുബേറ്ററിൽ നവജാത ശിശു വെന്തുമരിച്ചു, മണിക്കൂറുകളോളം വിവരം മാതാപിതാക്കളിൽ നിന്ന് മറച്ചുവെച്ച് ആശുപത്രി ജീവനക്കാർ ; സംഭവം കാൺപൂരില്‍

Published on 09 February, 2026
ഇൻക്യുബേറ്ററിൽ നവജാത ശിശു വെന്തുമരിച്ചു,  മണിക്കൂറുകളോളം  വിവരം മാതാപിതാക്കളിൽ നിന്ന് മറച്ചുവെച്ച്  ആശുപത്രി ജീവനക്കാർ ; സംഭവം കാൺപൂരില്‍

ഇൻക്യുബേറ്ററിൽ നവജാത ശിശു വെന്തുമരിച്ചു. ഉത്തർപ്രദേശിലെ കാൺപൂരിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ജനിച്ചതിന് പിന്നാലെ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വിശദമാക്കി ഇൻക്യുബേറ്ററിലാക്കിയ കുഞ്ഞാണ് വെന്തുമരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. കാൺപൂരിലെ സ്വകാര്യ ആശുപത്രിയിൽ നിയോനേറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ സ്ഥാപിച്ചിരുന്ന വോർമർ മെഷീന് തീപിടിച്ചാണ് അപകടമുണ്ടായത്.

ജനിച്ചു മണിക്കൂറുകൾക്കകം കുഞ്ഞ് വെന്തുമരിക്കുകയായിരുന്നു. ബിത്തൂരിലെ ബ്രഹ്മനഗർ ഏരിയയിലുള്ള രാജാ നഴ്സിംഗ് ഹോമിലാണ് സംഭവം നടന്നത്. കുഞ്ഞിന്റെ മുഖം, നെഞ്ച്, വയർ, തുടകൾ എന്നിവിടങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റു. ഗുരുതര പൊള്ളലേറ്റ് നവജാത ശിശുവിന്റെ ശരീരം കറുത്തിരുണ്ട നിലയിലായിരുന്നു. ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞിന്റെ മരണത്തിൽ പ്രകോപിതരായ ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു.

പിന്നാലെ കുഞ്ഞിന്റെ അമ്മ ബിത്തൂർ പൊലീസ് സ്റ്റേഷനിൽ ആശുപത്രിക്ക് എതിരെ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന് അഞ്ച് മണിക്കൂറോളം കഴിഞ്ഞിട്ടും ആശുപത്രി അധികൃതർ ഈ വിവരം തങ്ങളെ അറിയിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നത്. ബക്കർഗഞ്ച് നിവാസിയായ അരുൺ നിഷാദിന്റെ കുഞ്ഞാണ് മരിച്ചത്.

 ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അരുൺ നിഷാദിന്റെ ഭാര്യ ബിട്ടുവിന് ഞായറാഴ്ച രാവിലെയാണ് പ്രസവവേദന അനുഭവപ്പെട്ടത്. ഇതേത്തുടർന്ന്  രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ച  ബിട്ടു ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സിസേറിയനിലൂടെ   ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണിത്. പ്രസവശേഷം അമ്മയെ വാർഡിലേക്കും കുഞ്ഞിനെ എൻഐസിയുവിലേക്കും മാറ്റി. തുടർന്ന്, വോർമർ മെഷീന് തീപിടിച്ച് കുഞ്ഞ് മരിക്കുകയായിരുന്നു. നാലഞ്ച് മണിക്കൂറോളം ആശുപത്രി ജീവനക്കാർ ഈ വിവരം മാതാപിതാക്കളിൽ നിന്ന് മറച്ചുവെച്ചുവെന്നാണ് ഉയരുന്ന ആരോപണം.

കുഞ്ഞിനെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ, അഡ്മിറ്റ് ചെയ്യുന്നതിനെക്കുറിച്ചാണ് അവർ സംസാരിച്ചതെന്നും രാത്രി വൈകിയും കുഞ്ഞിനെ കാണിക്കാതെ വന്നപ്പോൾ വീണ്ടും ചോദിച്ചപ്പോഴാണ് അവർ വിവരം പറയുന്നതെന്നും ബന്ധുക്കൾ പറയുന്നു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് എന്റെ മകളുടെ മരണത്തിന് കാരണം. ഈ ആശുപത്രി പൂട്ടിക്കണം, എല്ലാ ജീവനക്കാർക്കെതിരെയും നടപടിയെടുക്കണമെന്നാണ് ദാരുണമായി മരിച്ച നവജാത ശിശുവിന്റെ പിതാവ് അരുൺ നിഷാദ് മാധ്യമങ്ങളോട് വിശദമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക