Image

ഐസിനെ വിട്ടു ബാഡ് ബണ്ണി ഷോയിൽ റെയ്‌ഡ്‌ നടത്തണമെന്നു ലോറാ ലൂമർ (പിപിഎം)

Published on 09 February, 2026
 ഐസിനെ വിട്ടു ബാഡ് ബണ്ണി ഷോയിൽ റെയ്‌ഡ്‌ നടത്തണമെന്നു ലോറാ ലൂമർ (പിപിഎം)

പോർട്ടോറിക്കൻ ഗായകൻ ബാഡ് ബണ്ണി ഞായറാഴ്ച്ച സൂപ്പർ ബൗൾ മത്സരത്തിന്റെ ഇടവേളയിൽ അരങ്ങു തകർത്തതിൽ വലതുപക്ഷ തീവ്രവാദികൾക്കു രോഷം. പ്രസിഡന്റ് ട്രംപ് പരിപാടിയെ കടുത്ത ഭാഷയിൽ വിമർശിച്ചതിനു പിന്നാലെ, അദ്ദേഹത്തോട് ഏറെ അടുപ്പമുള്ള ആക്ടിവിസ്റ്റ് ലോറ ലൂമർ അത്തരം ഷോ നടക്കുമ്പോൾ ഐസിനെ കൊണ്ട് റെയ്‌ഡ്‌ ചെയ്യിക്കേണ്ടതാണെന്നു അഭിപ്രായപ്പെട്ടു.    

രോഷം അടക്കാൻ വയ്യാതെ എക്‌സിൽ ഒന്നിനു പിറകെ ഒന്നായി കുറിച്ചു കൊണ്ടിരുന്ന ലൂമർ ചോദിച്ചു: "ഈ ഇംഗ്ലീഷ്  അക്ഷരം അറിയാത്ത ഇല്ലീഗൽ വിദേശ കർഷകത്തൊഴിലാളി എന്ത് ആഭാസമാണ് എന്റെ ടി വിയിൽ കാണിക്കുന്നത്?"

"ഇല്ലീഗൽ വിദേശികളും ലാറ്റിൻ വേശ്യകളും സൂപ്പർ ബൗളിൽ വിലസുന്നോ. ഒരൊറ്റ വെള്ളക്കാരനെയും അവിടെ കണ്ടില്ല. ഇത് വേണ്ടത്ര വെള്ളയായില്ല. സൂപ്പർ ബൗൾ പോലും കാണാൻ കഴിയാത്ത വിധം കുടിയേറ്റക്കാർ എല്ലാം നശിപ്പിച്ചു."  

ബാഡ് ബണ്ണിയും എൻ എഫ് എല്ലും ഐക്യ സന്ദേശമായി നിരവധി വിദേശ പതാകകൾ പറത്തിയത് ലൂമറെ രോഷം കൊള്ളിച്ചെന്നു വ്യക്തം. സാന്ത ക്ലാരയിലെ പരിപാടിയുടെ അന്ത്യത്തിൽ ബാഡ് ബണ്ണി എല്ലാ സൗത്ത് അമേരിക്കൻ-കരീബിയൻ രാജ്യങ്ങളെയും പേരെടുത്തു പറയുകയും കൂടെയുള്ള കലാകാരൻമാർ കൊടികൾ വീശുകയും ചെയ്തു. ഒരു ഫുടബോൾ ഉയർത്തിപ്പിടിച്ചു അദ്ദേഹം പറഞ്ഞു: "നമ്മൾ എല്ലാവരും ചേർന്നാണ് അമേരിക്കയാവുന്നത്."

ലൂമർ അതെങ്ങിനെ സഹിക്കാൻ? "ആരെങ്കിലും സൂപ്പർ ബൗളിൽ ഐസിനെ വിളിച്ചു റെയ്‌ഡ്‌ ചെയ്യണം. എന്താണ് ഈ വിദേശ കൊടികൾ അവിടെ?"

എൻ എഫ് എൽ മാപ്പു ചോദിക്കണമെന്നും ലൂമർ ആവശ്യപ്പെട്ടു. "കറുത്തവന്റെ ദേശീയ ഗാനം, ട്രംപ് വിദ്വേഷികൾ, പോർട്ടോ റിക്കൻ തീപ്പന്തം. സൂപ്പർ ബൗൾ എൽ എക്സ് നാറ്റക്കേസായി."

ബാഡ് ബണ്ണിയെ ഒഴിവാക്കി നിരവധി മാഗാ അനുയായികൾ ടെർണിങ് പോയിന്റ് യുഎസ്എ പരിപാടിക്കു പോയി.

Laura Loomer wants ICE raid on Bad Bunny

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക