Image

ഐസിനെ മെരുക്കാൻ ചട്ടങ്ങൾ വേണം, അല്ലെങ്കിൽ ഡി എച് എസ് ഫണ്ടിങ്ങിനു സഹായിക്കില്ലെന്നു ജെഫ്രിസ് (പിപിഎം)

Published on 09 February, 2026
 ഐസിനെ മെരുക്കാൻ ചട്ടങ്ങൾ വേണം, അല്ലെങ്കിൽ ഡി എച് എസ് ഫണ്ടിങ്ങിനു സഹായിക്കില്ലെന്നു ജെഫ്രിസ് (പിപിഎം)

ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിക്ക് (ഡി എച് എസ്) പണം നൽകാനുള്ള ബില്ലിനെ ഡെമോക്രാറ്റുകൾ പിന്തുണയ്ക്കണമെങ്കിൽ ഇമിഗ്രെഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിനെ (ഐസ്) സമഗ്രമായി നിയന്ത്രിക്കുന്ന വ്യവസ്ഥകൾ റിപ്പബ്ലിക്കൻ പാർട്ടി അംഗീകരിക്കണമെന്നു യുഎസ് ഹൗസിലെ മൈനോറിറ്റി ലീഡർ ഹക്കീം ജെഫ്രിസ് വ്യക്തമാക്കി.

അതിരു കടന്ന ഫെഡറൽ ഇമിഗ്രെഷൻ പ്രവർത്തനങ്ങൾ ജനാധിപത്യത്തിനു ഭീഷണിയാണെന്നും സി എൻ എൻ അഭിമുഖത്തിൽ ജെഫ്രിസ് പറഞ്ഞു. "അവ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നു."

ഐസ് പൂർണമായും നിയന്ത്രണം വിട്ടു പോയെന്നു ജെഫ്രിസ് പറഞ്ഞു. അത് തുടരുമ്പോൾ അവർക്കു പണം നൽകാനാവില്ല. "നികുതി നൽകുന്നവന്റെ പണം അവനു ജീവിതം ഭാരം കുറഞ്ഞതാകാൻ സഹായിക്കേണ്ടതാണ് എന്ന അടിസ്ഥാന നിയമത്തിൽ നിന്നാണ് നമ്മൾ ആരംഭിക്കുക. റീനി നിക്കോൾ ഗൂഡിനെയും അലക്സ് പ്രെറ്റിയെയും (മിനിയപോളിസിൽ) കൊലപ്പെടുത്തിയതു പോലുള്ള ഐസിന്റെ മൃഗീയമായ സമീപനം അനുവദിക്കാൻ പാടില്ല."

കുടിയേറ്റ നടപടികൾ മനുഷ്യത്വപരം ആവണമെന്നു ജെഫ്രിസ് പറഞ്ഞു. അതിൽ നീതിയും നിഷ്പക്ഷതയും ഉണ്ടാവണം. നാടകീയ മാറ്റങ്ങളാണ് ആവശ്യമായിട്ടുള്ളത്."

ഫെഡറൽ ഏജന്റുമാർക്കു ബോഡി ക്യാം നിർബന്ധമാക്കണമെന്നു അദ്ദേഹം പറഞ്ഞു. അവർ മുഖം മൂടി ധരിക്കാൻ പാടില്ല. സ്വകാര്യ പുരയിടങ്ങളിൽ തിരച്ചിൽ നടത്താൻ കോടതിയുടെ വാറന്റ് കൂടിയേ തീരൂ. "അതേപ്പറ്റി വിവാദമൊന്നും ഉണ്ടാക്കാൻ ശ്രമിക്കേണ്ട."

ഫെഡറൽ ഉദ്യോഗസ്ഥർ നിയമലംഘനം നടത്തിയാൽ അതേപ്പറ്റി സ്വതന്ത്രമായി അന്വേഷിക്കാനും നടപടി എടുക്കാനും സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടാവണം.

ഡെമോക്രാറ്റുകളുടെ ആവശ്യങ്ങൾക്കു വൈറ്റ് ഹൗസോ റിപ്പബ്ലിക്കൻ നേതാക്കളോ പ്രതികരിച്ചിട്ടില്ലെന്നു ജെഫ്രിസ് വ്യക്തമാക്കി. ഫെബ്രുവരി 1നു അവർക്കു രണ്ടാഴ്ച്ച സമയമാണ് നൽകിയത്.

അവർ പ്രതികരിച്ചില്ലെങ്കിൽ കോസ്റ്റ് ഗാർഡ്, ഫെമ, ടി എസ് എ എന്നിവ അടച്ചുപൂട്ടേണ്ടി വരുമെന്നു ജെഫ്രിസ് പറഞ്ഞു. അത് വളരെ നിർഭാഗ്യകരമാവും.

തിരഞ്ഞെടുപ്പുകൾ ഫെഡറൽ നിയന്ത്രണത്തിൽ കൊണ്ടുവരണമെന്ന പ്രസിഡന്റ് ട്രംപിന്റെ ആവശ്യം അസ്വീകാര്യമാണെന്നു ജെഫ്രിസ് പറഞ്ഞു. വോട്ട് ചെയ്യാൻ പൗരത്വ രേഖ തെളിവായി നൽകണം എന്ന വ്യവസ്ഥയും അംഗീകരിക്കാൻ കഴിയില്ല. "തിരഞ്ഞെടുപ്പു നടത്തേണ്ട അധികാരം സംസ്ഥാനങ്ങളിലാണ് നിക്ഷിപ്തമായിട്ടുള്ളതെന്ന് നമുക്കറിയാം. അവർ സ്വന്തമായി വോട്ടർമാരെ തിരിച്ചറിയാനുള്ള ചട്ടങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. റിപ്പബ്ലിക്കൻ പാർട്ടി വ്യക്തമായും വോട്ടർമാരെ ഒതുക്കാൻ ശ്രമിക്കയാണ്.

"ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുപ്പ് ഫെഡറൽ ആക്കാൻ ശ്രമിക്കുന്നു. എന്നു വച്ചാൽ ജനവിധി കവർച്ച ചെയ്യാൻ അദ്ദേഹം ആഗ്രഹിക്കുന്നു."

ഒബാമ ദമ്പതിമാരെ കുരങ്ങുകളായി ചിത്രീകരിക്കുന്ന വീഡിയോ ട്രൂത് സോഷ്യലിൽ കയറിയതിനു ട്രംപ് തന്നെയാണ് ഉത്തരവാദിയെന്നു ജെഫ്രിസ് പറഞ്ഞു. "അദ്ദേഹം മാപ്പു ചോദിച്ചേ തീരൂ."  

Jeffries warns on ICE actions, election rules

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക