
മുംബൈയിൽ നടന്ന സംഘ് ശതാബ്ദി പ്രഭാഷണ പരമ്പരയിൽ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയെയും ഇന്ത്യയുടെ ഭാവിയെയും കുറിച്ച് സുപ്രധാന നിലപാടുകൾ വ്യക്തമാക്കി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ബംഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളിൽ ഹിന്ദുക്കൾ നേരിടുന്ന ദുരിതങ്ങൾ ഗൗരവകരമാണെന്നും, അവിടെയുള്ള ഒന്നേകാൽ കോടിയോളം വരുന്ന ഹിന്ദുക്കൾ തങ്ങളുടെ അതിജീവനത്തിനായി പോരാടാൻ ഉറച്ചാൽ ലോകമെമ്പാടുമുള്ള ഹിന്ദുസമൂഹത്തിന്റെ പിന്തുണ അവർക്കുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിന് പിന്നാലെ ബംഗ്ലാദേശിൽ തുടരുന്ന അസ്ഥിരതയും ഇന്ത്യാ വിരുദ്ധ നീക്കങ്ങളും സൂചിപ്പിച്ചായിരുന്നു ഭാഗവതിന്റെ പ്രതികരണം.
ഇന്ത്യയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയ അദ്ദേഹം, രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നവരെ ഇന്ത്യ തിരിച്ചും തകർക്കുമെന്ന് പ്രഖ്യാപിച്ചു. മുൻകാലങ്ങളിൽ ജനനനിരക്കും അനധികൃത കുടിയേറ്റവും നിരീക്ഷിക്കുന്നതിൽ ഉണ്ടായ വീഴ്ചകൾ ജനസംഖ്യാ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. എന്നാൽ നിലവിലെ സർക്കാർ ഇത്തരം വിഷയങ്ങളിൽ കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു