
ആലപ്പുഴ: പിണറായി സർക്കാർ മൂന്നാമതും അധികാരത്തിലേറുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങൾ എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് ഒരു കുഴപ്പവുമില്ലാതെ ഭംഗിയായി പോകുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. പിണറായി വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യത നല്ലതുപോലെ തെളിഞ്ഞുനിൽപ്പുണ്ട്. പിണറായിസർക്കാരിൽ താൻ പൂർണസംതൃപ്തനാണ്. മൂന്നാമതും വരാനുള്ള സാധ്യത ഏറെയുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു.
ഈഴവസമുദായത്തിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. അവരുടെ വിശ്വാസം അനുസരിച്ച് അവർ വോട്ട് ചെയ്യും. ഈ പാർട്ടിക്കേ വോട്ടു ചെയ്യാവൂ ഇവർക്കേ വോട്ട് ചെയ്യാവൂ എന്നൊരു തീരുമാനം ഏതായാലും എസ്എൻഡിപി യോഗത്തിൽനിന്ന് ഉണ്ടാകുമെന്ന് തോന്നുന്നില്ല.
അതേക്കുറിച്ച് തീരുമാനിക്കണമെങ്കിൽതന്നെ യോഗത്തിൻ്റെ ബോർഡും കൗൺസിലും കൂടണം. എങ്കിലേ തീരുമാനം പറയാനാകൂ. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കട്ടെ. സ്ഥാനാർത്ഥി നിർണയം വരട്ടെ. അത് കഴിഞ്ഞ് ബോർഡ് കൂടി ചർച്ചചെയ്ത് യോഗത്തിൻ്റെ അഭിപ്രായം പറയും, വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയുടെ പേരിൽ ഇപ്പോൾ നടക്കുന്ന അന്വേഷണവും ചോദ്യം ചെയ്യലുമെല്ലാം തിരഞ്ഞെടുപ്പ് വരെയേ കാണൂ. അതു കഴിഞ്ഞ് സ്വർണവും കാണില്ല. പാളിയും കാണില്ല. അയ്യപ്പനും കാണില്ല. ചർച്ചയും കാണില്ല. ഇപ്പോഴത്തെ നീക്കങ്ങളൊക്കെ തിരഞ്ഞെടുപ്പ് വരെ ലൈവ് ആയി നിർത്തും എന്നെ താൻ കരുതുന്നുള്ളൂവെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.