Image

വിരല് വച്ച് അമർത്തി, വറുത്തിരിക്കുന്നത് നെയ്മീനല്ല ചൂരയെന്ന് കണ്ട് പിണറായി എഴുന്നേറ്റ് പോയെന്ന് ദിവാകരൻ ; എ ക്ലാസ് മീന്‍ എന്നൊന്നും ഇല്ല, ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടമുണ്ടാകുമല്ലോ എന്ന് ശിവൻകുട്ടി

Published on 08 February, 2026
വിരല് വച്ച്  അമർത്തി, വറുത്തിരിക്കുന്നത് നെയ്മീനല്ല ചൂരയെന്ന് കണ്ട് പിണറായി എഴുന്നേറ്റ് പോയെന്ന്  ദിവാകരൻ ; എ ക്ലാസ് മീന്‍ എന്നൊന്നും ഇല്ല, ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടമുണ്ടാകുമല്ലോ എന്ന് ശിവൻകുട്ടി

 

മുഖ്യമന്ത്രി പിണറായി വിജയന്‍റെ 'എ ക്ലാസ് മീന്‍' പ്രണയത്തെക്കുറിച്ചുള്ള സി ദിവാകരന്‍റെ പരാമര്‍ശം ചര്‍ച്ചയാകുന്നു. വിലകൂടിയ മീനുകളാണ് പിണറായിക്ക് ഇഷ്ടമെന്നും ചൂര മീനായതിനാല്‍, സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാതെ പിണറായി വിജയന്‍ എഴുന്നേറ്റ് പോയെന്നുമാണ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മുന്‍ മന്ത്രി സി.ദിവാകരന്‍ പറഞ്ഞത്.

എന്നാല്‍ എ ക്ലാസ് മീന്‍, ബി ക്ലാസ് മീന്‍ എന്നൊന്നും ഇല്ല. ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടമുണ്ടാകുമല്ലോ എന്നാണ് മന്ത്രി ശിവന്‍കുട്ടി പ്രതികരിച്ചത്.  'സി ദിവാകരന്‍റെ പ്രതികരണം ഓർമ്മക്കുറവ് കൊണ്ടായിരിക്കാം. ബുക്ക് ആകുമ്പോ കുറച്ചു എരിവും പുളിയും ഒക്കെ വേണ്ടേ’ എന്നും ശിവൻ കുട്ടി പ്രതികരിച്ചു. 

ഇതേസമയം  പങ്കുവച്ചത് തന്‍റെ അനുഭവമാണെന്നും   വിവാദമാക്കേണ്ടെന്നും ദിവാകരനും പറഞ്ഞു .

പിണറായി വിജയന്‍ ഭക്ഷണപ്രിയനാണെന്നും മീന്‍ ഭയങ്കര ഇഷ്ടമാണെന്നുമായിരുന്നു അഭിമുഖത്തിനിടെ ദിവാകരന്‍ വെളിപ്പെടുത്തിയത്. അങ്ങനെ സാധാരണ മീനൊന്നും പോരെന്നും എ ക്ലാസ് മീന്‍ തന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി ദിവാകരൻ പറഞ്ഞത്  ഇങ്ങനെ: 'പിണറായി വിജയന്‍ നല്ല ഭക്ഷണ പ്രിയനാണ്. ഫിഷ് ഭയങ്കര ഇഷ്ടമാണ്. സാധാരണ മീനൊന്നുമല്ല, എ ക്വാളിറ്റി ഫസ്റ്റ് ക്ലാസ് മീന്‍ വേണം. പിണറായി ക്യാപ്റ്റനും ഞാന്‍ വൈസ് ക്യാപ്റ്റനുമായിരുന്ന  എല്‍ഡിഎഫ് ജാഥക്കിടെ ആനത്തലവട്ടം ആനന്ദന്‍റെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം. മീന്‍ കൊണ്ടുവച്ചപ്പോള്‍, വിരല് കൊണ്ട് അമര്‍ത്തിയിട്ട് എന്നോട് ചോദിച്ചു ഇതേതാ മീന്‍. ചൂരയാണെന്ന് പറഞ്ഞപ്പോള്‍ കഴിക്കാതെ എഴുന്നേറ്റ് പോയി. പിറ്റേദിവസം പാറശാലയിലായിരുന്നു ജാഥ. സി.പി.എം ജില്ലാ സെക്രട്ടറി സത്യനേശന്‍ അതിരാവിലെ പാളയം മാര്‍ക്കറ്റില്‍ പോയി വലിയ നെയ്മീന്‍ വാങ്ങി കറിവച്ച് നല്‍കി.   കഴിച്ചപ്പോള്‍ പിണറായിക്ക് വലിയ സന്തോഷമായി'. 

മുഖ്യമന്ത്രിയുടെ ഭക്ഷണപ്രിയം വെളിപ്പെടുത്താനാണ് സി ദിവാകരന്‍ അഭിമുഖത്തില്‍ ശ്രമിച്ചതെങ്കിലും, ആനത്തലവട്ടം ആനന്ദനെപ്പോലെയുള്ള ഒരു മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവിന്‍റെ വീട്ടില്‍ നിന്ന്  മീന്‍ ഇഷ്ടപ്പെടാത്തതിനാല്‍ ഭക്ഷണം കഴിക്കാതെ മടങ്ങിയ പിണറായി വിജയന്‍റെ പെരുമാറ്റമാണ് സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക