Image

റഷ്യൻ യൂണിവേഴ്സിറ്റിയിൽ നാല് ഇന്ത്യൻ വിദ്യാർഥികൾക്ക് കുത്തേറ്റു ; പ്രതി നിയോ-നാസി ഗ്രൂപ്പ് അംഗമായ 15കാരൻ

Published on 08 February, 2026
റഷ്യൻ യൂണിവേഴ്സിറ്റിയിൽ നാല്  ഇന്ത്യൻ വിദ്യാർഥികൾക്ക്   കുത്തേറ്റു ; പ്രതി നിയോ-നാസി ഗ്രൂപ്പ്  അംഗമായ 15കാരൻ

മോസ്‌കോ : റഷ്യൻ യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് നേരെ ആക്രമണം. നാല് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കുത്തേറ്റു. ബാഷ്കോർട്ടോസ്ഥാൻ റിപ്പബ്ലിക്കിലെ ഉഫയിലുള്ള സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് സംഭവം നടന്നത്. കൗമാരക്കാരൻ ആണ് ഇന്ത്യൻ വിദ്യാർഥികൾക്ക് നേരെ ആക്രമണം നടത്തിയത്.

യൂണിവേഴ്സിറ്റിയുടെ ഡോർമിറ്ററിയിൽ കത്തിയുമായി കയറിയ ഒരു കൗമാരക്കാരൻ അവിടെ താമസിക്കുന്ന വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു. പ്രതിക്ക് 15 വയസ്സ് മാത്രമാണ് പ്രായം ഉള്ളത്. ആക്രമണ വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസിനെ നേരെയും ഇയാൾ കത്തികൊണ്ട് ആക്രമണം നടത്തി. സംഭവത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. 

പ്രതിയായ 15വയസ്സുകാരൻ നിയോ-നാസി ഗ്രൂപ്പിലെ അംഗമാണെന്ന് പോലീസ് വ്യക്തമാക്കി. ഇന്ത്യക്കാരായ വിദ്യാർത്ഥികൾക്ക് നേരെ നടത്തിയ ആക്രമണത്തിന് ശേഷം പ്രതിയായ 15 വയസ്സുകാരൻ ഇരകളുടെ രക്തം കൊണ്ട് ചുമരിൽ ഒരു നാസി സ്വസ്തിക വരച്ചതായി കണ്ടെത്തി. പ്രതി ഹോളോകോസ്റ്റ് മുദ്രാവാക്യങ്ങൾ മുഴക്കിയതായും ദൃക്സാക്ഷികൾ പറയുന്നു.

20-ാം നൂറ്റാണ്ടിലെ ജർമ്മനിയിൽ അഡോൾഫ് ഹിറ്റ്ലറുമായും നാസി പാർട്ടിയുമായും ബന്ധപ്പെട്ട വിദ്വേഷവും വംശീയതയും അടിസ്ഥാനമാക്കിയുള്ള തീവ്ര വലതുപക്ഷ രാഷ്ട്രീയ സിദ്ധാന്തമായ നാസിസത്തിന്റെ പ്രത്യയശാസ്ത്രത്തെയാണ് നിയോ-നാസി സംഘടനകൾ പുനരുജ്ജീവിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക