Image

ഏദനിലെ താമസക്കാർ (നോവല്‍-1 : ലൈല അലക്‌സ്)

Published on 08 February, 2026
ഏദനിലെ താമസക്കാർ (നോവല്‍-1 : ലൈല അലക്‌സ്)

ഈഡൻ ഗാർഡൻസ്

ആകാശത്തോപ്പിൻറെ വടക്കേ ചെരുവിൽ നിന്നും നക്ഷത്രങ്ങൾ ഒന്നൊന്നായി കണ്ണടച്ചു പിൻവാങ്ങിത്തുടങ്ങി. ഒരു വേള ഇരുട്ടിനു കട്ടി കൂടി. അരുണോദയ പുത്രനായ ശുക്രൻ കിഴക്കേ ചക്രവാളത്തിൽ  ക്രോധംകൊണ്ട് ജ്വലിച്ചു പിന്നെ സ്വയം എരിഞ്ഞടങ്ങി. ദൈവത്തിൻറെ തോട്ടമായ ഏദനിൽ ഒരു രാവു കൂടി പൊഴിയുകയായിരുന്നു. 
ഇരുട്ടിൽ തപ്പിത്തടയുന്ന അവ്യക്തമായ രൂപങ്ങൾ... തണുത്തുറഞ്ഞ മായകൈ വിരലുകൾ കൺപോളകളെ തഴുകുന്നു. ഏതോ സീൽക്കാരങ്ങൾ കാതിൽ...   ഇരുളിൻറെ  മറവു പറ്റി വരുന്നത്  ശത്രുവോ, മിത്രമോ എന്ന് അറിയാനാവില്ല. മഞ്ഞിൻറെ  തണുത്ത കയ്യുകളിൽ മരണത്തിൻറെ കൊടും തണുപ്പോ അതോ സുഖദമായ ഇളം കുളിരോ എന്നും നിശ്ചയിക്കാനാവില്ല. പാതി മയക്കത്തിലും തുറന്നിരിക്കുന്ന അകക്കണ്ണുകൾ... അവയ്ക്ക് മുന്നിൽ തെളിയുന്ന അകകാഴ്ചകളുടെ, മുന്നറിവുകളുടെ സത്യം.
പരിശുദ്ധിയുടെ പരകോടിയിൽ, നിഷ്കളങ്കതയുടെ പാരമ്യത്തിൽ തൂവെള്ള ചിറകുകൾ വിടർത്തി കൂട്ടമായി പറന്നിറങ്ങുന്ന വെള്ളരിപ്രാവുകൾ.  തളിർത്തു നിൽക്കുന്ന പച്ചപ്പിൽ ചിക്കിച്ചിനക്കി, പട്ടുതൂവലുകൾ കൊത്തി മിനുക്കി, പരസ്പരം ചുണ്ടുരുമ്മി, കുറുകുന്ന കൂത്താടി കൂട്ടം. അവയ്ക്കിടയിലേക്കു ഇഴഞ്ഞുകയറുന്ന സർപ്പം…. നിഷ്‌കരുണം ചുറ്റിവരിഞ്ഞെടുക്കുന്ന പ്രാവിൻ കുഞ്ഞിൻറെ നിലവിളിയുടെ ചോരത്തുള്ളികൾ ചുവന്ന പൂക്കളായി നിലത്തു വീഴുമ്പോൾ വെളുത്ത ചിറകുകൾ ഒതുക്കിപ്പിടിച്ചു മാലാഖമാർ മുഖം തിരിക്കുന്നു. 
ഭൂമിക്കു അടിസ്‌ഥാനം ഇട്ടപ്പോൾ മുതലുള്ള ചതിയുടെ ആ ചുവന്ന അധ്യായത്തിനു മുൻപിൽ പകെച്ചു പോയ വെള്ളരിപ്രാവു കളെ നോക്കി സർപ്പം വാൽ ചുഴറ്റി ക്രുദ്ധനായി സീൽക്കാരമുതിർത്തു:
'എവിടെ, എവിടെയാണ് രക്ഷ?' ആരാണ് രക്ഷകൻ?’
ആ ചോദ്യം കേൾക്കേ, മുഖം തിരിച്ചു നിൽക്കുന്ന മാലാഖമാരുടെ മുൻപിൽ പരിശുദ്ധിയുടെ വെളുപ്പ് കുടഞ്ഞുകളഞ്ഞ്, പ്രാവുകൾ കൂട്ടത്തോടെ പുറത്തേക്കു പറന്നു.
ആർത്തി ശമിക്കാത്ത സർപ്പം പത്തി വിടർത്തിയാടി, നിദ്രയുടെ നിലയില്ലാക്കയങ്ങളിൽ അതിൻറ മഞ്ഞ കണ്ണുകൾ ഇമ വെട്ടാതെ അവളുടെ മേൽ തറഞ്ഞിരിക്കുകയായിരുന്നു…
അർദ്ധമയക്കത്തിലും ഭയത്താൽ കൈകാലുകൾ കോച്ചി വലിഞ്ഞു. ഒരു നിലവിളി അവളുടെ തൊണ്ടക്കുഴിയിൽ കുരുങ്ങി 
'എവിടെയാണ് രക്ഷ?'.
കനത്ത മതിൽ കെട്ടിനുള്ളിലെ ഏദൻ തോട്ടത്തിൽ പ്രകാശത്തിൻറെ മിന്നലാട്ടം. എ.സി യുടെ മുരൾച്ച... ഏതോ അറയിൽ ഒരു ക്ളോക് ശബ്ദിച്ചു.  പേക്കിനാവുകളുടെ മറ്റൊരു രാത്രി കൂടി അവസാനിക്കുകയായിരുന്നു.
കണ്ണുകൾ ചിമ്മി തുറന്ന് അവൾ കിടക്കയിൽ എഴുന്നേറ്റിരുന്നു. വായിൽ നിറയെ കയ്പുനീർ... മടുപ്പോടെ അവൾ കിടക്ക വിട്ടെഴുന്നേറ്റു. ബാത് റൂമിൽ പോയി, വായും മുഖവും കഴുകി ശുദ്ധി വരുത്തി. രാത്രിയിലെ അസുഖകരമായ സ്വപ്നങ്ങളുടെ ഓർമ്മ മുഖം അമർത്തി തുടച്ച് ഇല്ലാതെയാക്കി. നൈറ്റ് സ്റ്റാൻഡിൽ ഇരുന്ന കുപ്പിയിൽ നിന്ന് ഒരു കവിൾ വെള്ളം കുടിച്ചു. സെൽ ഫോൺ എടുത്ത് എന്തെങ്കിലും അത്യാവശ്യ മെസേജുകൾ ഉണ്ടോ എന്ന് നോക്കിക്കൊണ്ട്, വാതിൽ തുറന്ന്, ബാൽകണിയിലേക്കിറങ്ങി. 
കിഴക്കു മാനം ചുവന്നിരുന്നു; ഉദയ സൂര്യൻറെ ചുവപ്പ്, ഉരുക്കിയൊഴിച്ച വെള്ളിയായി മാറിക്കൊണ്ടിരുന്നു. പുതിയ ദിവസത്തെ അടയാളപ്പെടുത്താനുള്ള ധൃതിയിൽ എവിടെയോ പക്ഷികൾ ചിലച്ചു.  
മതിലിനപ്പുറത്തു റോഡിൽ വാഹനങ്ങളുടെ ഇരമ്പം...... നിരത്തുകളിൽ യാത്രക്കാർ... പല ഇടങ്ങളിലേക്ക്, പല ആവശ്യങ്ങളിലേക്ക് പോകുന്നവർ... ജീവിതം കരുപ്പിടിപ്പിക്കാനുള്ള തത്രപ്പാടുകൾ…


1.

ഏദൻ ഗാർഡൻസിൻറെ മതിലിനു മുൻപിലൂടെ ആ കാർ മുൻപോട്ടു പായുമ്പോൾ സാറാക്കുട്ടി തിരിഞ്ഞു നോക്കി. മുകളിൽ ടെറസിൽ ആരോ നിൽക്കുന്നുണ്ട്. കാറിൽ ആയിരുന്നതുകൊണ്ട് ആരെന്നു വ്യക്തമല്ലായിരുന്നു. അടുത്ത വീടിൻറെ ഗേറ്റിനുള്ളിലേക്കു കാർ പ്രവേശിച്ചു.
കാറിൽ നിന്നും ഇറങ്ങി സാറാക്കുട്ടി ചുറ്റും നോക്കി. നിരയൊപ്പിച്ചു അടുക്കിവെച്ചിരിക്കുന്ന പൂച്ചട്ടികളിൽ വളർന്നു നിൽക്കുന്ന റോസാച്ചെടികളെ നോക്കി അവർ അൽപനേരം അവിടെ നിന്നു. വിരിഞ്ഞു നിൽക്കുന്ന പൂക്കളിൽ നിന്നുള്ള സുഗന്ധം അവിടെയാകെ പരക്കുന്നുണ്ടെന്നു അവർക്കു തോന്നി.  നാടൻ ഇനങ്ങൾക്ക് പുറമെ അപൂർവങ്ങളായ ഇനങ്ങളും  അവയുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. സാധാരണ കാണാറുള്ള ചുവപ്പും, വെള്ളയും റോസും നിറങ്ങൾക്കൊപ്പം മഞ്ഞയും, ഓറഞ്ചും നിറത്തിലുള്ള പൂക്കൾ, ചെറുതും വലുതുമായി പല വലിപ്പത്തിൽ വിടർന്നു നിന്നിരുന്നു. ചരലു പാകി നിരപ്പാക്കിയ മുറ്റത്തിനരികിലായി പുഞ്ചിരി തൂകി നിൽക്കുന്ന സുന്ദരിപ്പൂക്കൾ....  ആ വീട്ടിലേക്കു വരുന്ന അതിഥികൾക്ക് വർണശബളമായ സ്വാഗതം ഓതി നിരനിരയായി നിൽക്കുകയാണവ....... 
സാറാക്കുട്ടിക്കു അറുപതോടടുത്തു പ്രായമുണ്ട്. കാഴ്ചയിലും പെരുമാറ്റത്തിലും ഒരുപോലെ കുലീനത്വം തെളിഞ്ഞു നിൽക്കുന്നു. ചെടികൾ നോക്കി നിൽക്കുന്ന സാറാക്കുട്ടിയെ കണ്ടുകൊണ്ട് ബാലൻ പിള്ള ചെയ്തു കൊണ്ടിരുന്നത് നിർത്തി, അവരുടെ അടുത്തേക്ക് വന്നു.
'എന്താ ബാലൻ പിള്ളേ രാവിലെ പണി?' അവർ അയാളോട് ചോദിച്ചു. 
'റോസിന് വളം ഇടുകയാ...'
'ങും…’
അൽപനേരംകൂടി അവിടെ നിന്ന് ബാലൻപിള്ളയ്ക്ക് ചില നിർദേശങ്ങൾ നൽകിയിട്ടു അവർ വീടിനകത്തേക്ക് നടന്നു. 
അകത്തേക്ക് കയറുമ്പോഴേ അവർ കണ്ടു വരാന്തയുടെ ഒരു കോണിലായി ഇരിക്കുന്ന രാജീവനെ. വായിക്കുന്ന ഭാവത്തിൽ വെറുതെ പേപ്പറിലേക്കു നോക്കി ഇരിക്കയായിരുന്നു അയാൾ. 
'നീ ഇന്ന് ഓഫീസിൽ പോകുന്നില്ലേ? ഇത് എന്തൊരു ഇരുപ്പാ?' സാറാക്കുട്ടി മകനോട് ചോദിച്ചു. 
അയാൾ അത് കേട്ടെന്നു തോന്നിയില്ല. 
'എന്താടാ വല്ല ഊമക്കത്തും കിട്ടിയോ, നീ ഇങ്ങനെ ഊമ തിരിഞ്ഞിരിക്കാൻ?'
ഞെട്ടിത്തിരിഞ്ഞു രാജീവൻ അമ്മയുടെ മുഖത്തേക്ക് നോക്കി. 
'മമ്മാ'
അയാളുടെ മുഖത്തെ ദൈന്യത അവരുടെ ഹൃദയത്തിൽ കൊളുത്തി.
'അപ്പോൾ ഇവിടെയും കിട്ടി, അല്ലേ?' അവർ സങ്കടത്തോടെ ചോദിച്ചു.
'ഒരെണ്ണം എൻറെ വീട്ടിലും വന്നിട്ടുണ്ട്...' 
'ങും ...' അയാൾ ശബ്ദമില്ലാതെ മൂളി.
സാറാക്കുട്ടി മകൻറെ അടുത്തേക്ക് ചെന്ന്, അവൻറെ തോളിൽ കൈ വെച്ചു.
'ആരെങ്കിലും അസൂയക്കാർ ചെയ്യുന്നതാവും.... അല്ലാതെ, ഇതിൽ ഒന്നും ഒരു വാസ്തവവും കാണുകയില്ല.' 
സാറാക്കുട്ടി മകനെ ആശ്വസിപ്പിക്കാനായി പറഞ്ഞു. 
'ങും ...' അയാൾ  മൂളി. 
അൽപ നേരം സാറാക്കുട്ടി മൗനമായി നിന്നു. സാറാക്കുട്ടിയുടെ മൗനം മനസ്സിലാക്കിക്കൊണ്ട്  അയാൾ പറഞ്ഞു:
'അറിയാം മമ്മാ... ഞാൻ അത് കാര്യമാക്കിയിട്ടൊന്നുമില്ല.’ അയാൾ പറഞ്ഞു.
'അല്ലെങ്കിൽ തന്നെ ഇന്നത്തെ കാലത്ത് എത്ര ഗതികെട്ടവനും ഫോണും ഇന്റർനെറ്റും ഉള്ളപ്പോൾ ഇങ്ങനെ കത്തു എഴുതുന്നതൊക്കെ ആരാ!'
'വനജയോട് പറഞ്ഞോ? പറഞ്ഞില്ലെങ്കിൽ പറയേണ്ടാ. വെറുതെ എന്തിനാ അവളെ വിഷമിപ്പിക്കുന്നത്?' 
സാറാക്കുട്ടി അയാളുടെ തലയിൽ തലോടി.
'നീ തൂങ്ങിപ്പിടിച്ചിരിക്കാതെ ഓഫീസിൽ പോകാൻ നോക്ക്...' അവർ അയാളെ എഴുന്നേൽപ്പിച്ചു, അകത്തേക്ക് നടത്തി. 
'എവിടെ എല്ലാവരും?' സാറാക്കുട്ടി വീടിനുള്ളിലേക്ക് നടന്നു. 
അകത്ത് എന്നത്തേയും പോലെ കുട്ടികളെ സ്‌കൂളിൽ അയക്കുന്നതിൻറെ മുന്നോടിയായ ബ്രേക്‌ഫാസ്‌റ് ടേബിളിലെ അങ്കത്തിൻറെ മൂർദ്ധന്യത്തിൽ മുഴുകിയിരിക്കയായിരുന്നു വനജ. അമ്മായിഅമ്മ കയറി വന്നത് പോലും അവളുടെ കണ്ണിൽ പെട്ടില്ല. 
'വിനയ്, അത് തിന്നാതെ അവിടെ നിന്ന് എഴുന്നേറ്റാൽ നിന്നെ ഞാൻ...' വനജ മകന് താക്കീതു നൽകി. 
തിരിഞ്ഞ്, മേശപ്പുറത്തു കയറി ഇരിക്കയായിരുന്നു മകൾ വിനീതയോടും:
'ഇറങ്ങെടി താഴെ... ഉടുപ്പിലെങ്ങാനും ഒരു തുള്ളി പാലൊഴിച്ചാൽ നിനക്ക് ചുട്ട അടി തരും, പറഞ്ഞേക്കാം.' 
'എനിക്ക് ഇഢലി വേണ്ടാ...' വിനയ് പ്ലേറ്റിന് ഒരു തട്ട് കൊടുത്തു. തെന്നിത്തെറിച്ച്, ഇഢലി പ്ലേറ്റിന് പുറത്തേക്കു വീണു.
'എടാ...' കൈയ്യോങ്ങിക്കൊണ്ടു വനജ അവൻറെ നേരെ ചെന്നു. 'ആഹാരത്തോടു അതൃപ്തി കാണിച്ചാലുണ്ടല്ലോ... അടിച്ചു ഞാൻ...'
വാതിൽക്കൽ നിൽക്കുകയായിരുന്ന സാറാക്കുട്ടിയെ അപ്പോഴാണ് അവർ എല്ലാവരും കണ്ടത്.
'അമ്മച്ചീ...' കുട്ടികൾ രണ്ടുപേരു ഒന്നിച്ചു വിളിച്ചു.  
'ങ… ങ. രണ്ടുപേരും മമ്മി പറയുന്നത് വേഗം അനുസരിച്ചോ... സ്‌കൂൾ ബസ് ഇപ്പോൾ ഇങ്ങെത്തും. മിണ്ടാതെയിരുന്നു ഭക്ഷണം കഴിച്ചേ...' 
സാറാക്കുട്ടി കുട്ടികളോട് പറഞ്ഞു. എന്നിട്ടു വനജയോടായി:
‘ഇവരെ ഞാൻ ഭക്ഷണം കഴിപ്പിച്ചോളാം. നീ മറ്റു കാര്യങ്ങൾ ശരിയാക്കിക്കോ...'
വനജ കുട്ടികളുടെ സ്‌കൂൾ ബാഗുകൾ അടുക്കാൻ തുടങ്ങി. കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോഴും സാറാക്കുട്ടി മരുമകളെ ശ്രദ്ധിക്കുകയായിരുന്നു. 
സുന്ദരിയാണ് വനജ. കരിമഷികൊണ്ട് നീലിമ കൂട്ടിയ നീണ്ട കണ്ണുകൾ. ഷേപ്പ് ചെയ്ത വളഞ്ഞ പുരികങ്ങൾ, തുടുത്ത കവിളുകൾ, ചുണ്ടിൽ നേരിയ ചുവപ്പ്... വീട്ടിലാണെങ്കിലും വനജ നന്നായി അണിഞ്ഞൊരുങ്ങിയേ നടക്കാറുള്ളൂ. ഇതുവരെയും സാറാക്കുട്ടിയെ സന്തോഷിപ്പിച്ചിട്ടേയുള്ളൂ ആ രീതികൾ. പക്ഷെ, ഇന്നിപ്പോൾ, എന്തോ അവയെല്ലാം അവരിൽ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്...
'മമ്മയെന്താ ആലോചിക്കുന്നത്?' അവരുടെ നോട്ടം കണ്ട് വനജ ചോദിച്ചു. 
'ഏയ്. ഒന്നുമില്ല.' സാറാക്കുട്ടി പറഞ്ഞു. 'സുഭദ്ര ഇവിടെ ഇല്ലേ?'
'ഓ... ഇന്നലെ ഒന്ന് വീട്ടിൽ പോയി. ഇന്ന് ലേറ്റ് ആയിട്ടാണ് വന്നത്. അതാണ് ഇങ്ങനെ...'
'ഉം... എന്താ ഈയിടെ അടുപ്പിച്ചടുപ്പിച്ചു ഒരു വീട്ടിൽ പോക്ക്?  എന്താ പ്രശ്‍നം?’ 
'എന്തോ...ഞാൻ ചോദിച്ചില്ല' വനജ കൂടുതൽ പറയാതെ ഒഴിഞ്ഞു മാറി.
‘ഇതിപ്പോൾ സാധാരണ ആണല്ലോ. വേറെ ആരെയെങ്കിലും നോക്കിയാലോ?’
'വേണ്ട മമ്മാ... ഇനി ഒരാൾ എല്ലാം പരിചയിച്ചു വരാൻ എത്ര കാലം എടുക്കും? അതുമല്ല, അവളെപ്പോലെ വിശ്വസിക്കാവുന്ന ആരെയെങ്കിലും കിട്ടും എന്ന് എന്താ ഉറപ്പ്?'
'അതു ശരിയാ... എന്ന് പറഞ്ഞു ഇവിടുത്തെ കാര്യങ്ങൾ ഉഴപ്പിയാലെങ്ങനെയാ? നിനക്ക് കുട്ടികളുടെ കാര്യം നോക്കി കഴിഞ്ഞു മറ്റെന്തിനെങ്കിലും നേരം കിട്ടുമോ?’
'അതെന്താ മമ്മ അങ്ങനെ ചോദിച്ചത്?'
'അല്ലാ, രാജീവൻ ദേ അവിടെ വരാന്തയിൽ തൂങ്ങിപ്പിടിച്ചിരിക്കുന്നു.'
'ഓ... അതാണോ? ഇന്നലെ ഒരുപാടു ലേറ്റ് ആയിട്ടാണ് ക്ലബിൽ നിന്നു  വന്നത്....'
' ങും?'
' എന്തോ '    വനജ ചുമൽ കുലുക്കി.
' ങും...' അവർ മൂളി. വനജ ഒന്നും അറിഞ്ഞ മട്ടില്ല...
കുട്ടികൾ ഭക്ഷണം കഴിഞ്ഞു ബാഗും എടുത്തു പുറത്തേക്കു പോകുന്നത് വരെ ആരും പിന്നെ ഒന്നും പറഞ്ഞില്ല.
ഈ വലിയ വീടും.... ചുറ്റുപാടുകളും...
കുസൃതിക്കുരുന്നുകളായ രണ്ടു കുട്ടികളും... രാജീവനെപ്പോലെ ഒരു ഭർത്താവും....
ഇവൾക്ക് സന്തോഷമല്ലേ? ഇവൾക്കു ഇവിടെ എന്തെങ്കിലും കുറവുണ്ടോ? എന്താണ് ഇവളുടെ മനസ്സിൽ?
ആ കത്തുകളിൽ പറഞ്ഞിരിക്കുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടോ? വനജ അത്തരക്കാരിയാണെന്നു വിശ്വസിക്കാൻ വയ്യ.
ഏയ്... രാജീവനോട് പറഞ്ഞതുപോലെ, ഏതെങ്കിലും അസൂയക്കാർ എഴുതി അയച്ചതാവും. എങ്കിലും ആ കത്ത് മനസ്സിൽ കരടായി മാറിയിരിക്കുന്നു. 
രാജീവനെ സമാധാനിപ്പിക്കാൻ ‘ഒന്നുമില്ല’ എന്നൊക്കെ പറഞ്ഞെങ്കിലും സാറാക്കുട്ടിയുടെ മനസ്സ് പൊള്ളുകയായിരുന്നു. ഏതൊരു അമ്മയേയും പോലെ...  മനസ്സിൽ ഒരു പാറക്കല്ലുരുട്ടി വെച്ചിരിക്കുന്നതുപോലെ... സമാധാനം നശിച്ചിരിക്കുന്നു. 
കുട്ടികൾ സ്‌കൂളിൽ പോയിക്കഴിഞ്ഞ്, രാജീവനോടും വനജയോടും ഒപ്പം ബ്രേക്‌ഫാസ്റ് കഴിച്ചതിനു ശേഷമാണ് സാറാക്കുട്ടി തിരികെ പോകാൻ ഇറങ്ങിയത്.
'മമ്മയ്ക്കു എന്താ ധൃതി? വൈകിട്ടെങ്ങാനും പോയാൽ പോരേ?' വനജ ചോദിച്ചു.
'വേണ്ട വേണ്ട... എനിക്ക് കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട്... '
'അങ്ങനെ പറയാതെ… മമ്മയ്ക്ക് ഓഫീസിൽ പോകാനുള്ളതല്ലേ?' രാജീവൻ ചിരിച്ചു. 'എന്തിനാ ഇങ്ങനെ തനിയെ താമസിക്കുന്നത്? ഇവിടെ നിന്ന് കൂടെ?' 
'ങാ..ങാ... തനിയെ താമസിക്കാൻ വയ്യാതെ ആവുമ്പോൾ ഞാൻ ഇങ്ങു വന്നോളാം...'
'ങും...' ഒന്ന് മൂളി രാജീവൻ അകത്തേക്ക് പോയി. വനജ സാറാക്കുട്ടിയെ യാത്രയാക്കാനായി പോർച്ചിലേക്ക് ഇറങ്ങിച്ചെന്നു.
സാറാക്കുട്ടിയുടെ കാർ ഗേറ്റ് കടന്നു പോകുന്നതുവരെ അവൾ അവിടെ നിന്നു. പിന്നെ, നട്ടു വളർത്തിയിരുന്ന റോസാച്ചെടികൾക്കു വളമിടുന്ന ബാലൻപിള്ളയുടെ അടുത്തേക്ക് ചെന്ന്, അയാൾക്ക് നിർദേശങ്ങൾ നല്കാൻ തുടങ്ങി.  
ഗേറ്റ് കടക്കുമ്പോൾ സാറാക്കുട്ടി തിരിഞ്ഞു നോക്കി. വനജ മുറ്റത്തിൻറെ  മറ്റൊരു ഭാഗത്തു നിൽക്കുന്ന ചെടികൾക്ക് വെള്ളമൊഴിക്കുകയായിരുന്നു അപ്പോൾ.

Read More: https://www.emalayalee.com/writer/69

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക