
ആഗോള കത്തോലിക്കാ സഭയിൽ, ദാരിദ്ര്യത്തിന്റെയും ആത്മീയതയുടെയും മാതൃക കാട്ടിയ അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ 800-ാം മരണവാർഷികത്തിൽ, വിശുദ്ധന്റെ ഭൗതീകതിരുശേഷിപ്പുകൾ പരസ്യവണക്കത്തിനായി, തുറന്നു കൊടുക്കും. ഫെബ്രുവരി മാസം ഇരുപത്തിരണ്ടാം തീയതി, പ്രാദേശിക സമയം വൈകുന്നേരം നാല് മണിക്ക്, വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ അടങ്ങിയ പേടകം, അസീസിയുടെ പേപ്പൽ ബസിലിക്കകളുടെ പൊന്തിഫിക്കൽ പ്രതിനിധി കർദ്ദിനാൾ ആംഗെൽ ഫെർണാണ്ടസ് ആർത്തിമേയുടെ മുഖ്യകാർമ്മികത്വത്തിൽ, താഴത്തെ ബസിലിക്കയിലേക്ക് ആഘോഷമായി വഹിക്കപ്പെടും.
ഫെബ്രുവരി 22 ഞായറാഴ്ച, ബസിലിക്കയുടെ മുകളിലെ പള്ളിയിൽ ആഘോഷമായ വിശുദ്ധ ബലി കർദിനാളിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. മാർച്ചുമാസം ഇരുപത്തിരണ്ടാം തീയതി വരെയാണ് പൊതുവണക്കം.
ഈ മാസം മുഴുവൻ, രൂപതകളിൽനിന്നും, മറ്റു സമൂഹങ്ങളിൽ നിന്നും ആയിരക്കണക്കിന് തീർത്ഥാടകർ അസീസിയിലേക്ക് എത്തുന്നതിനാൽ, പ്രവേശനത്തിന് മുൻകൂട്ടി ലഭ്യത ഉറപ്പു വരുത്തേണ്ടതാണ്. www.sanfrancescovive.org എന്ന വെബ്‌സൈറ്റ് വഴി സംവരണം ഉറപ്പുവരുത്താവുന്നതാണ്.
ഫ്രാൻസിസ്കൻ മൂല്യങ്ങളെക്കുറിച്ചുള്ള തങ്ങളുടെ ഗ്രാഹ്യം വർദ്ധിപ്പിക്കാനും ഒരുമിച്ച് ജീവിക്കാനും ആഗ്രഹിക്കുന്ന ഇറ്റലിയിലെമ്പാടുമുള്ള യുവാക്കൾക്കും യുവതികൾക്കും വേണ്ടി മാർച്ച് 14, 15 തീയതികളിൽ ഒരു സമ്മേളനം അസീസിയിൽ വച്ച് നടത്തുന്നുണ്ട്. ഏകദേശം 400 പേര് ഇതിനോടകം രെജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിശുദ്ധ ഫ്രാൻസിസിന്റെ എട്ടാം ശതാബ്ദി ഓർമ്മയുടെയും പുതുക്കലിന്റെയും സമയമാണ്. സമാധാനത്തിന്റെയും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ഫലങ്ങൾ തുടർന്നും നൽകുന്ന ഒരു വിത്ത് ഇന്നും വിശുദ്ധ ഫ്രാൻസിസ് അസീസിയിലൂടെ ലോകത്ത് വളരുന്നുവെന്നതിനു നിരവധി ജീവിതങ്ങൾ സാക്ഷ്യം വഹിക്കുന്നു.