
യുഎസ്-ഇന്ത്യ കരാർ നടപ്പാകുന്നതോടെ ഇന്ത്യയുടെ വിശാലമായ വിപണികൾ യുഎസ് ഉത്പന്നങ്ങൾക്കു തുറന്നു കിട്ടുമെന്നു യുഎസ് ട്രെയ്‌ഡ് റെപ്രെസെന്ററ്റീവ് ജെമീസൺ ഗ്രിയർ പറയുന്നു. കരാർ സാധ്യമായത് പ്രസിഡന്റ് ട്രംപിന്റെ വൈദഗ്ധ്യം കൊണ്ടാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന യുഎസ് വ്യാവസായിക, കാർഷിക ഉത്പന്നങ്ങൾക്കു തീരുവ കുറയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടക്കാല കരാറിന്റെ കരട് സംയുക്ത പ്രസ്താവനയായി പ്രസിദ്ധീകരിച്ച ശേഷം വൈറ്റ് ഹൗസിൽ സംസാരിക്കയായിരുന്നു ഗ്രിയർ.
"ഡീലുകൾ ഉറപ്പിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ വൈദഗ്ധ്യം കൊണ്ട് ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിലൊന്ന് അമേരിക്കൻ തൊഴിലാളികൾക്കും ഉത്പാദകർക്കുമായി തുറക്കുകയാണ്. എല്ലാ അമേരിക്കൻ വ്യാവസായിക ഉത്പന്നങ്ങൾക്കും ഒട്ടനവധി കാർഷിക ഉത്പന്നങ്ങൾക്കും ഇന്ത്യൻ വിപണി ലഭ്യമാവും."
യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തമാകുന്നതാണ് കാണുന്നതെന്നു ഗ്രിയർ പറഞ്ഞു. ചർച്ചകളിൽ ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ വഹിച്ച നിർണായക പങ്കിനെ അദ്ദേഹം പ്രശംസിച്ചു. ഫെബ്രുവരി 13നു ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് ഈ ചർച്ച തുടങ്ങി വച്ചത്.
കൂടുതൽ വിശാലമായ യുഎസ്-ഇന്ത്യ ഉഭയകക്ഷി വ്യാപാര കരാറിനു ഇത് വഴിയൊരുക്കുമെന്നു ഗ്രിയർ ചൂണ്ടിക്കാട്ടി.
വൈറ്റ് ഹൗസ് പുറത്തിറക്കിയ സംയുക്ത പ്രസ്താവന അനുസരിച്ച്, ഇന്ത്യ $500 ബില്യൺ ഊർജ-സാങ്കേതിക ഉത്പന്നങ്ങളും വിമാനങ്ങളും വിമാനഭാഗങ്ങളും അമൂല്യ ലോഹങ്ങളും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ വാങ്ങും.
എല്ലാ യുഎസ് വ്യാവസായിക ഉത്പന്നങ്ങൾക്കും ഇന്ത്യ തീരുവ കുറയ്ക്കുകയോ അവ നീക്കം ചെയ്യുകയോ ചെയ്യും. ഒട്ടേറെ കാർഷിക വിളകൾക്കും ഭക്ഷ്യ ഉത്പന്നങ്ങൾക്കും ഈ ഇളവ് നൽകും.
ഇന്ത്യ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന തുണിത്തരങ്ങൾ, ലെതർ, ചെരുപ്പുകൾ, പ്ലാസ്റ്റിക്, റബർ, ഓർഗാനിക് കെമിക്കൽസ് എന്നിങ്ങനെയുള്ള ഇനങ്ങൾക്കു ഇനി നൽകേണ്ട തീരുവ 18% ആണ്.
സമ്പൂർണ കരാർ ഒപ്പുവച്ചാൽ ഇന്ത്യൻ ജനറിക് മെഡിസിൻ, രത്നങ്ങൾ, വിമാനഭാഗങ്ങൾ എന്നിവയ്ക്കു യുഎസ് ബദൽ തീരുവ നിർത്തലാക്കും.
Trump's deal-making opens Indian market to US goods: Greer