
ഓക്ലാൻഡ്: കലിഫോർണിയയിലെ മോണ്ടറേ കൗണ്ടിയിൽ നടന്ന 3.2 മില്യൺ ഡോളറിന്റെ ഹോസ്പിസ് തട്ടിപ്പ് കേസിൽ ഡോക്ടർ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിലായതായി സംസ്ഥാന അറ്റോർണി ജനറൽ റോബ് ബോൺറ്റ അറിയിച്ചു. ദീർഘകാലം അന്വേഷണം നടത്തിയ ശേഷമാണ് നടപടി.
അറസ്റ്റിലായവരിൽ മെഡിക്കൽ ഡയറക്ടറായിരുന്ന ഡോ.ഷോമിർ ബാനർജിയും ഉൾപ്പെടുന്നു. അദ്ദേഹത്തോടൊപ്പം മൂന്ന് ഹോസ്പിസ് സ്ഥാപനങ്ങളുടെ ഉടമകളും ഒരു നഴ്സും, മറ്റ് രണ്ട് മെഡിക്കൽ ഡയറക്ടർമാരും പ്രതികളാണ്.
കലിഫോർണിയ ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് നടത്തിയ അന്വേഷണത്തിൽ, മെഡിക്കെയർ പദ്ധതികളെ ലക്ഷ്യമിട്ട് വ്യാജ ബില്ലിംഗ് നടത്തിയ ഗൂഢാലോചനയാണ് കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
സ്പിരിച്വൽ ടച്ച് ഹോസ്പിസ്, കമ്പാഷണേറ്റ് ടച്ച് ഹോസ്പിസ്, ഫൗണ്ടൻ ഹോസ്പിസ് എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നതെന്ന് അന്വേഷണ സംഘം പറയുന്നു. പ്രതികൾ മൂന്ന് സ്ഥാപനങ്ങളിലും ഒരേസമയം ഉടമസ്ഥതയും നടത്തിപ്പും ജോലി ചുമതലകളും വഹിച്ചിരുന്നതായും, മരണാസന്നരല്ലാത്ത രോഗികളെ ഹോസ്പിസ് പരിചരണത്തിലേക്ക് തെറ്റിദ്ധരിപ്പിച്ച് ഉൾപ്പെടുത്തിയതായും കണ്ടെത്തി.
ചില രോഗികൾ തങ്ങളെ ഹോസ്പിസ് കെയറിലാക്കിയ കാര്യം പോലും അറിഞ്ഞിരുന്നില്ലെന്നും, ഹോസ്പിസ് സേവനങ്ങൾ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായുള്ളതാണെന്ന വിവരം അവർക്കറിയായിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.
അധികൃതരുടെ ശ്രദ്ധ ഒഴിവാക്കാൻ, ആറുമാസം കഴിയുമ്പോൾ രോഗികളെ മൂന്ന് ഹോസ്പിസ് സ്ഥാപനങ്ങൾക്കിടയിൽ പരസ്പരം മാറ്റിക്കൊണ്ടിരുന്നു. അതിനിടയിൽ വ്യാജ ബില്ലിംഗ് തുടർന്നുവെന്നും അധികൃതർ അറിയിച്ചു. മെഡിക്കെയർ പദ്ധതികൾക്കും മറ്റുമായി $32,11,419.79 നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.
2026 ജനുവരി 30-നു മോണ്ടറേ കൗണ്ടി സുപ്പീരിയർ കോടതിയിൽ ഫെലണി കുറ്റങ്ങൾ ചുമത്തി. നഴ്‌സിങ് മേധാവിയായ നിംഫാ മോളിന, മെഡിക്കൽ ഡയറക്ടർമാരായ ലൂയി അർറ്റാവ്യ,മാർക്ക് സമോന്റെ, ഷോമിർ ബാനർജി, ഹോസ്പിസ് ഉടമകളായ ഡാനി ലോഡ്വികോ, ഫ്ലോർ മോറ, ക്രിസ്റ്റിൻ നഗിയുഡ്-യെം എന്നിവർക്കെതിരെയാണ് കേസ്.
വ്യാജ അവകാശവാദങ്ങൾ സമർപ്പിക്കൽ, ഗൂഢാലോചന, ഗുരുതര വൈറ്റ്-കോളർ കുറ്റകൃത്യങ്ങൾ തുടങ്ങിയവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആരോഗ്യ പരിചരണ രംഗത്തെ പൊതു ഫണ്ടുകളുടെ ദുരുപയോഗം തടയുന്നതിന് ശക്തമായ നടപടികൾ തുടരുമെന്ന് കാലിഫോർണിയ അറ്റോർണി ജനറൽ ഓഫീസ് വ്യക്തമാക്കി.