Image

പണം വാങ്ങിയിരുന്നു, വായ്പയായല്ല, സഹായമായി: വാങ്ങിയ പണം തിരികെ നൽകുകയും ചെയ്തു; നെടുമ്പറമ്പിൽ രാജുവിന്റെ ആരോപണങ്ങൾ തള്ളി ആന്റോ ആന്റണി എംപി

Published on 07 February, 2026
പണം വാങ്ങിയിരുന്നു, വായ്പയായല്ല, സഹായമായി:  വാങ്ങിയ പണം തിരികെ നൽകുകയും ചെയ്തു; നെടുമ്പറമ്പിൽ രാജുവിന്റെ ആരോപണങ്ങൾ തള്ളി ആന്റോ ആന്റണി എംപി

പത്തനംതിട്ട: 2019ലെ തെരഞ്ഞെടുപ്പ് കാലത്ത് നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജുവിൽ നിന്ന് പണം സ്വീകരിച്ചിട്ടുണ്ടെന്ന്  ആൻ്റോ ആൻ്റണി എംപി. എന്നാൽ വായ്പയായിട്ടല്ല, സഹായമായാണ് തുക സ്വീകരിച്ചതെന്നും അത് തിരികെ നൽകിയെന്നും അദ്ദേഹം പറഞ്ഞു. എൻ എം രാജു ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി നേരിടാൻ തയാറാണെന്നും ആൻ്റോ ആൻ്റണി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് വേളകളിൽ ജനങ്ങൾ തന്നെ സാമ്പത്തികമായി സഹായിക്കാറുണ്ടെന്നും കോട്ടയത്ത് മത്സരിച്ച് പരാജയപ്പെട്ട ആദ്യ തെരഞ്ഞെടുപ്പ് മുതൽ തുടർന്ന് നടന്ന അഞ്ച് തെരഞ്ഞെടുപ്പുകളിലും പൊതുസമൂഹത്തിൽ നിന്നുള്ളവർ തന്നെ സഹായിച്ചിട്ടുണ്ടെന്നും ആൻ്റോ ആൻ്റണി പറഞ്ഞു. തനിക്ക് സ്വന്തമായി പണമില്ലാത്തതിനാലാണ് ജനങ്ങളുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തിപ്പോരുന്നത്.

2019ലെ തെരഞ്ഞെടുപ്പിൽ കോടാനുകോടി രൂപയുടെ കള്ളപ്പണമാണ് രണ്ട് മുന്നണികളും ഒഴുക്കിയത്. ഭരണത്തിലിരിക്കുന്ന രണ്ട് മുന്നണികൾ ഒഴുക്കിയ പണത്തിന് മുന്നിൽ തെരഞ്ഞെടുപ്പിൽ പിടിച്ചുനിൽക്കാൻ പോലും കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം നിന്ന് പോകുമെന്ന് പോലും തോന്നിയ ആ ഘട്ടത്തിൽ എൻ എം രാജു തന്നെ സഹായിച്ചിരുന്നു. അന്ന് അദ്ദേഹം യുഡിഎഫിൻ്റെ നേതാവും കേരള കോൺഗ്രസ് പാർട്ടിയുടെ ട്രഷററുമായിരുന്നു.

തെരഞ്ഞെടുപ്പ് രംഗവുമായി ബന്ധപ്പെട്ട് ഇത്തരം സഹായങ്ങൾ ലഭിക്കാറുണ്ട്. സഹായമില്ലാതെ ഒരു കോൺഗ്രസ് സ്ഥാനാർഥിക്കും പ്രവർത്തിക്കാൻ കഴിയില്ല. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും സ്ഥാനാർഥികൾക്ക് എത്രത്തോളം കടബാധ്യതയുണ്ടാകാറുണ്ടെന്ന് അവർ പരസ്പരം സ്വകാര്യമായി പങ്കുവയ്ക്കാറുണ്ട്.

കോൺഗ്രസിന് പണമില്ലാത്തതിനാലാണ് ഇത്തരം സഹായങ്ങൾ സ്വീകരിക്കുന്നത്. അന്ന് വായ്പയായിട്ടല്ല സഹായമായിട്ടാണ് തുക സ്വീകരിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടപ്പോൾ പണം തിരികെ വേണമെന്ന് രാജു ആവശ്യപ്പെടുകയും ആ പണം തിരിച്ചുനൽകുകയും ചെയ്തു. രാജു തന്നെ മാത്രമല്ല സിപിഎമ്മിനെയും സഹായിച്ചിട്ടുണ്ട്. താൻ നിന്ന പാർട്ടിയെക്കാൾ കൂടുതലായി അദ്ദേഹം സിപിഎമ്മിനെ സഹായിച്ചിട്ടുണ്ടെന്നും ആൻ്റോ ആൻ്റണി ചൂണ്ടിക്കാട്ടി.

ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടി താൻ നൽകിക്കഴിഞ്ഞു. പണം തിരികെ നൽകിയതാണ്. ഇപ്പോൾ ഇടതുമുന്നണിയിൽ നിൽക്കുന്ന രാജു അവരുടെ സമ്മർദം മൂലമാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെങ്കിൽ നിയമപരമായി കേസ് കൊടുക്കട്ടെ. അപ്പോൾ അതിനെ നേരിടും. കള്ളപ്രചാരണങ്ങൾ കൊണ്ട് കാര്യമില്ല. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ്, സിപിഎം, ബിജെപി സ്ഥാനാർഥികളെ ആളുകൾ സഹായിക്കാറുണ്ട്. ഇത് നാട്ടിലെ പൊതുവായ കാര്യമാണ്.

അതേസമയം, തിരുവല്ല ആസ്ഥാനമായ നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ച് ഉടമ എൻ.എം. രാജുവും കുടുംബവും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയതായി ഇഡി കണ്ടെത്തി. ഇതിന്റെ ഭാഗമായി സ്ഥാപനത്തിന്റെ 44 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട, എറണാകുളം ജില്ലകളിലായി നിരവധി കേസുകളാണ് രാജുവിനും കുടുംബത്തിനുമെതിരെ നിലവിലുള്ളത്. 2014-ൽ ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സ്വർണ്ണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവർക്ക് ഈ സ്ഥാപനത്തിൽ രണ്ടരക്കോടി രൂപയുടെ നിക്ഷേപമുണ്ടായിരുന്നു എന്ന ആരോപണത്തിലും ഇഡി അന്വേഷണം നടത്തുന്നുണ്ട്. സ്ഥാപനം തകർന്നപ്പോൾ തന്ത്രി പരാതി നൽകാൻ തയ്യാറാകാതിരുന്നത് സംശയങ്ങൾക്കിടയാക്കിയിരുന്നു. ഇതിൽ വ്യക്തത വരുത്തുന്നതിനായി കഴിഞ്ഞ ദിവസം ഇഡി നെടുമ്പറമ്പിൽ ഫിനാൻസിൽ റെയ്ഡ് നടത്തി നിർണ്ണായക രേഖകൾ പിടിച്ചെടുത്തു. 2024 ജൂലൈ മുതൽ തുടരുന്ന ഇഡി അന്വേഷണം ഇപ്പോൾ കൂടുതൽ പ്രമുഖരിലേക്ക് നീങ്ങുന്നതായാണ് സൂചനകൾ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക