
വാഷിംഗ്ടൺ: റഷ്യൻ എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ പിഴ ചുങ്കം എന്ന പേരിൽ ഇന്ത്യയിൽ നിന്നുള്ള സാധനങ്ങൾക്ക് ചുമത്തിയ 25 ശതമാനം അധിക തീരുവ അമേരിക്ക ഒഴിവാക്കി. ഇതുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാരക്കരാറിന്‍റെ ഭാഗമായിട്ടാണ് നടപടി.
കരാറിന്‍റെ ഭാഗമായി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 25ൽ നിന്ന് 18 ശതമാനമായി കുറച്ചിരുന്നു. പിഴ ചുങ്കം അടക്കം ഇന്ത്യക്ക് 50 ശതമാനം തീരുവയായിരുന്നു ഉണ്ടായിരുന്നത്. അതാണിപ്പോൾ 18ലേക്കെത്തിയിരിക്കുന്നത്. റഷ്യയിൽ നിന്നുള്ള എണ്ണയുടെ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ട്രംപ് ഒപ്പുവെച്ച ഓർഡറിലുണ്ട്.
അമേരിക്കയിൽ നിന്നുള്ള ഊർജ ഉൽപ്പന്നങ്ങൾ വാങ്ങുമെന്ന് ഇന്ത്യ പറഞ്ഞിട്ടുണ്ടെന്നാണ് വിവരം.