
അരിസോണ : പ്രശസ്ത ടിവി അവതാരക സവാന ഗാത്രിയുടെ 84 വയസ്സുള്ള അമ്മ നാൻസി ഗത്രിയെ തട്ടിക്കൊണ്ടുപോയെന്ന അവകാശവാദവുമായി എത്തിയ മോചനദ്രവ്യ കത്ത് അമേരിക്കയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. വാരാന്ത്യത്തിൽ അരിസോണയിലെ ട്യൂസണിലുള്ള വീട്ടിൽ നിന്ന് കാണാതായതായി റിപ്പോർട്ട് ചെയ്തതിനു പിന്നാലെ, നാൻസി 'സുരക്ഷിതയാണെങ്കിലും ഭയന്ന നിലയിലാണ്' എന്ന അവകാശവാദത്തോടെ മോചനദ്രവ്യ കത്ത് പ്രമുഖ മാധ്യമത്തിന് ലഭിച്ചതായി റിപ്പോർട്ട് ചെയ്തു.
ബിറ്റ്കോയിനായി കോടിക്കണക്കിന് ഡോളർ ആവശ്യപ്പെടുന്ന കത്തിൽ, ആവശ്യങ്ങൾ പാലിച്ചില്ലെങ്കിൽ ഗൗരവമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ഭീഷണിയുമുണ്ട്. ഈ കത്ത് കുടുംബത്തോടുള്ള ഏക ആശയവിനിമയമാണെന്നും, ഇനി ചർച്ചയോ ചാനൽ വഴിയുള്ള സംഭാഷണമോ ഉണ്ടാകില്ലെന്നുമാണ് തട്ടിക്കൊണ്ടുപോയെന്ന് അവകാശപ്പെടുന്നവരുടെ നിലപാട്. സമയം നീങ്ങുന്തോറും ഇതാണ് എഫ്ബിഐയെയും മറ്റ് ഏജൻസികളെയും കൂടുതൽ സമ്മർദ്ദത്തിലാക്കുന്നത്.
കത്തിൽ ഉൾപ്പെട്ട ചില വിവരങ്ങൾ, നാൻസി ഗാത്രി ഇപ്പോഴും ട്യൂസൺ പ്രദേശത്തുതന്നെയാണെന്ന സംശയം ശക്തമാക്കുന്നുണ്ട്. നാൻസിയുടെ ആപ്പിൾ വാച്ച്, വീട്ടിലെ തകരാറിലായ ഫ്ലഡ് ലൈറ്റ് തുടങ്ങിയ വിശദാംശങ്ങൾ കത്തിൽ പരാമർശിച്ചിട്ടുണ്ട്, ഇത് അന്വേഷണ സംഘത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.
അന്വേഷണ ഉദ്യോഗസ്ഥർ വിവിധ മാധ്യമസ്ഥാപനങ്ങൾക്ക് ലഭിച്ച കത്തുകൾ ഗൗരവമായി പരിഗണിക്കുന്നതായി അറിയിച്ചു. എല്ലാം ഒരേ ഉള്ളടക്കമുള്ളതാണോ എന്നത് വ്യക്തമല്ല. ചില കത്തുകളിൽ വ്യാഴാഴ്ച വൈകുന്നേരത്തിനകം പണം നൽകണമെന്ന ആവശ്യവും, അത് പാലിക്കാത്ത പക്ഷം തിങ്കളാഴ്ച രണ്ടാമത്തെ ഡെഡ്‌ലൈനുമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി.
സവാന ഗാത്രിയും സഹോദരങ്ങളും അമ്മയുടെ സുരക്ഷിത തിരിച്ചുവരവിനായി ആവർത്തിച്ച് അഭ്യർത്ഥനകൾ നടത്തിയിരുന്നു. സംസാരിക്കാൻ തയ്യാറാണെന്നും, അമ്മ ജീവനോടെയുണ്ടെന്ന തെളിവ് വേണമെന്നുമായിരുന്നു കുടുംബത്തിന്റെ ആവശ്യം.
ഇതുവരെ സംശയം തോന്നത്തക്ക ആരെയും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. നാൻസി ഗാത്രിയെ ലക്ഷ്യമിട്ട് തന്നെയാണോ തട്ടിക്കൊണ്ടുപോകൽ നടന്നതെന്ന് അന്വേഷകർ പരിശോധിക്കുന്നുണ്ടെങ്കിലും, അത് മകളുടെ മാധ്യമപ്രശസ്തിയുമായി ബന്ധപ്പെട്ടു തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ശനിയാഴ്ച രാത്രി കുടുംബാംഗങ്ങൾ ഡിന്നറിനു ശേഷം നാൻസിയെ വീട്ടിൽ ഇറക്കിയതായിരുന്നു അവസാനമായി അവരെ കണ്ട സമയം. ഏകദേശം നാല് മണിക്കൂർ കഴിഞ്ഞ്, ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ വീട്ടിലെ ഡോർബെൽ ക്യാമറ പ്രവർത്തനരഹിതമായതായും, പുലർച്ചെ 2.28-ന് നാൻസിയുടെ പേസ്മേക്കറുമായി ബന്ധപ്പെട്ട മൊബൈൽ ആപ്പ് ഫോൺ ബന്ധം വിച്ഛേദിച്ചതായും അധികൃതർ സ്ഥിരീകരിച്ചു.
നാൻസി ഗാത്രിയുടെ സുരക്ഷിത തിരിച്ചുവരവിനായി ഫെഡറൽ, പ്രാദേശിക ഏജൻസികൾ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.