
കാസര്‍കോട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി പിന്തുണ സ്വീകരിക്കും എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ വാഗ്ദാനം ചെയ്താല്‍ സ്വീകരിക്കും എന്നാണ് സതീശന്‍ പറഞ്ഞത്. താന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് മുന്‍പ് മാധ്യമങ്ങളെ കാണവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്ര വാദമില്ലെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. അവരുടെ ആ നിലപാടില്‍ വ്യക്തതയുണ്ട്. ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്ര വാദ നിലപാടുള്ളപ്പോള്‍ ഇടതുപക്ഷത്തിനൊപ്പമായിരുന്നു. സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ ജമാഅത്തെ ഇസ്ലാമികള്‍ മതേതരവാദികളും സിപിഎം വിട്ടാല്‍ വര്‍ഗീയവാദികളുമാകുമെന്ന നിലപാടിനോട് യോജിക്കാനാവില്ല,' സതീശന്‍ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി അമീര്‍ തന്നെ മതരാഷ്ട്രവാദത്തെ തള്ളിപ്പറഞ്ഞതാണ് എന്നും പിന്നെ പിന്തുണ സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് അവരുടെ മുന്‍കാല നിലപാടുകളെല്ലാം പ്രശ്നമാകുന്നത് എന്നും ആ നിലപാട് അംഗീകരിക്കാനാകില്ല എന്നും വിഡി സതീശന്‍ വ്യക്തമാക്കി.
അതേസമയം എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഉയര്‍ത്തിയ വിമര്‍ശനത്തിലും സതീശന്‍ പ്രതികരിച്ചു. എന്‍എസ്എസ്- എസ്എന്‍ഡിപി വിമര്‍ശനം വ്യക്തിപരമാണെന്നും തന്നെ ഇഷ്ടമല്ലാത്തതുകൊണ്ടാണ് അവര്‍ വിമര്‍ശിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനെ യുഡിഎഫിനെതിരായ വിമര്‍ശനമായി കാണേണ്ടതില്ല എന്നും സതീശന്‍ പറഞ്ഞു.
വിമര്‍ശനങ്ങളില്‍ ബോധ്യപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ സ്വര്‍ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണമെന്ന് സതീശന്‍ പറഞ്ഞു. ഫോട്ടോയുടെ പേരിലാണെങ്കില്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യട്ടെ എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞു.