
മുംബൈ: രാജ്യത്തെ പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. റിപ്പോ നിരക്ക് 5.25 ശതമാനമായി തന്നെ തുടരും. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ചേർന്ന ആറംഗ ധനനയ സമിതി യോഗത്തിന് ശേഷമാണ് പണനയത്തിൽ മാറ്റമില്ലെന്ന പ്രഖ്യാപനം വന്നത്. 2025-26 സാമ്പത്തിക വർഷത്തിലെ അവസാന വായ്പാനയ അവലോകന യോഗമായിരുന്നു ഇത്.
വിപണിയിൽ നിലവിലുള്ള 'നിഷ്പക്ഷ നിലപാട്'തുടരാൻ സമിതി തീരുമാനിച്ചു. പണപ്പെരുപ്പവും സാമ്പത്തിക വളർച്ചയും തമ്മിലുള്ള സന്തുലിതാവസ്ഥ കണക്കിലെടുത്താണ് ഈ തീരുമാനം.
ഇന്ത്യൻ സമ്പദ്വ്യവസ്ഥ മികച്ച മുന്നേറ്റം കാഴ്ചവെക്കുന്നതായി ഗവർണർ ചൂണ്ടിക്കാട്ടി. ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ, യുഎസ് വ്യാപാര കരാർ എന്നിവ യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ സാമ്പത്തിക വളർച്ച കൂടുതൽ ദൃഢമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഈ മാസം അവസാനം പുറത്തുവരാനിരിക്കുന്ന പരിഷ്‌കരിച്ച ജിഡിപി, പണപ്പെരുപ്പ വിവരങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും വരും മാസങ്ങളിലെ ആർബിഐയുടെ തീരുമാനങ്ങൾ.
റിപ്പോ നിരക്കിൽ മാറ്റം വരുത്താത്തതോടെ ബാങ്ക് വായ്പകളുടെ ഇഎംഐ തുകകളിൽ ഉടനടി വർദ്ധനവ് ഉണ്ടാകില്ല. ഇത് സാധാരണക്കാരായ വായ്പക്കാർക്ക് ആശ്വാസമാകും.