Image

ഇ ശ്രീധരനെ അതിവേഗ പാതയുടെ ചുമതല ഏൽപ്പിച്ചിട്ടുണ്ടോ എന്ന് പാർലമെന്റിൽ ബ്രിട്ടാസ്; മറുപടി നൽകാതെ അശ്വിനി വൈഷ്ണവ്

Published on 06 February, 2026
ഇ ശ്രീധരനെ അതിവേഗ പാതയുടെ ചുമതല ഏൽപ്പിച്ചിട്ടുണ്ടോ എന്ന് പാർലമെന്റിൽ ബ്രിട്ടാസ്; മറുപടി നൽകാതെ അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി: കേരളത്തിലെ അതിവേഗ റെയിൽ പാത സംബന്ധിച്ച വിഷയത്തിൽ മെട്രോമാൻ ഇ. ശ്രീധരനെ ഏതെങ്കിലും ഔദ്യോഗിക ചുമതല ഏൽപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് . രാജ്യസഭയിൽ എംപി ജോൺ ബ്രിട്ടാസും ഹാരിസ് ബീരാനുമാണ് ചോദ്യം ഉന്നയിച്ചത്. മന്ത്രി വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞു മാറി. അതെസമയം കേരളത്തിന്റെ സിൽവർലൈൻ പദ്ധതി പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.

ഇ ശ്രീധരൻ പൊന്നാനിയിൽ അതിവേഗ പാതയുമായി ബന്ധപ്പെട്ട ഓഫീസ് തുറന്നിരുന്നു. ഈ ഓഫീസ് വിവിധ സ്ഥലങ്ങളിൽ സര്‍വേ നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ അനുമതിയുണ്ടോയെന്ന സംശയം ഉയർന്നു. ആരെയും ശല്യപ്പെടുത്താതെ സർവേ നടത്തുമെന്നായിരുന്നു ഇ ശ്രീധരന്റെ മറുപടി.

ഇ. ശ്രീധരൻ പൊന്നാനിയിൽ അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഓഫീസ് തുറന്നത് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയോടെയാണോ എന്ന ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന്, ഈ ചോദ്യം തെറ്റായ ഉദ്ദേശത്തോടെയുള്ളതാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. രാജ്യം തന്നെ ആദരിക്കുന്ന ഇ. ശ്രീധരൻ തനിക്ക് ഉപദേശങ്ങൾ നൽകാറുണ്ടെന്നും അതെല്ലാം പരിഗണിച്ച് പല തീരുമാനങ്ങളും എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അദ്ദേഹം പൊന്നാനിയിൽ ഓഫീസ് തുറന്നിട്ടുണ്ടെങ്കിൽ സ്വാഗതം ചെയ്യുന്നുവെന്നും റെയിൽവേയുടെ വികസനത്തിനായുള്ള ശ്രീധരന്റെ നീക്കങ്ങൾക്ക് തന്റെ പിന്തുണയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക