
ന്യൂ യോർക്ക്: ബ്രൂക്‌ലിനിൽ ഹിജാബ് ധരിച്ച മൂന്നു സ്ത്രീകളെ ആക്രമിച്ച 34 വയസുള്ള മെഗാൻ ഹോർണിനെ ബുധനാഴ്ച്ച പോലീസ് അറസ്റ്റ് ചെയ്തു. ആക്രമിക്കപ്പെട്ടവരിൽ ഒരാൾ 12 വയസുള്ള പെൺകുട്ടിയാണ്.
"ഈ രാജ്യം വിട്ടു പോകൂ!" എന്ന് ആക്രോശിച്ചു കൊണ്ടാണ് യാതൊരു പ്രകോപനവും ഇല്ലാതെ ഹോർൺ ആക്രമണം നടത്തിയത്. അവരുടെ മേൽ വിദ്വേഷ ആക്രമണ കുറ്റം ചുമത്തിയതായി പോലീസ് അറിയിച്ചു.
മേയർ സോഹ്രാൻ മാംദാനി രോഷം പ്രകടിപ്പിച്ചു. "ബേ റിഡ്‌ജിൽ കഴിഞ്ഞയാഴ്ച്ച മുസ്ലിംകൾക്കെതിരെ നടന്ന ഈ വെറുക്കപ്പെടേണ്ട, ഭീരുത്വം നിറഞ്ഞ ആക്രമണം എന്നെ രോഷം കൊള്ളിക്കുന്നു. ഇരകളിലൊന്ന് 12 വയസുള്ള പെൺകുട്ടി ആയിരുന്നു!
"ഈ അക്രമം അസ്വീകാര്യമാണ്. ഹിജാബ് ധരിച്ച, വ്യക്തമായും മുസ്ലിം ആണെന്നു തിരിച്ചറിയാൻ കഴിയുന്ന, സ്ത്രീകളും പെൺകുട്ടികളുമാണ് മിക്കവാറും ഇത്തരം ആക്രമണം നേരിടുന്നത്. ന്യൂ യോർക്കിലെ മുസ്‌ലിങ്ങൾക്കു സുരക്ഷയോടെയും അന്തസോടെയും ജീവിക്കാൻ അവകാശമുണ്ട്. തെരുവിൽ പീഢനവും ഭീഷണിയും കൂടാതെ ജീവിക്കാൻ അവകാശമുണ്ട്."
കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞു 2:20 നാണു സ്റ്റേറ്റൻ ഐലൻഡ് നിവാസിയായ സ്ത്രീ ഹിജാബ് ധരിച്ച 33കാരിയെ 89ത് സ്ട്രീറ്റിനു സമീപം ഫിഫ്ത് അവന്യുവിൽ പ്രീസ്കൂളിനു മുന്നിൽ വച്ച് തൊഴിച്ചത്. "ഈ രാജ്യം വിട്ടു പോടീ!" എന്നാക്രോശിച്ച സ്ത്രീ ഓടിക്കളഞ്ഞെന്നു അസിസ്റ്റന്റ് ഡിസ്‌ട്രിക്‌ട് അറ്റോണി അറി റോട്ടൻബർഗ് പറഞ്ഞു.
അഞ്ചു മിനിറ്റ് കഴിഞ്ഞു ഹോർൺ 92 സ്ട്രീറ്റിൽ വച്ച് 12കാരിയുടെ മുഖത്തിടിച്ച ശേഷം പാഞ്ഞു പോയി. 2:36 നായിരുന്നു 39 വയസുള്ള മുസ്ലിം സ്ത്രീ ബസിൽ കയറുമ്പോൾ "ഞാൻ ആദ്യത്തെ കയറട്ടെ" എന്നു പറഞ്ഞു അവരെ തള്ളി മാറ്റിയത്.
ആക്രമിക്കപ്പെട്ട ആർക്കും കാര്യമായ പരുക്കില്ല.
ഹോർണിന്റെ മേൽ വിദ്വേഷ ആക്രമണ കുറ്റങ്ങൾ ചുമത്തി. ശിക്ഷിക്കപ്പെട്ടാൽ ഏറെ നാൾ ജയിലിൽ കഴിയേണ്ടി വരും.
ആക്രമണം നടത്തിയെന്നു സമ്മതിക്കുന്ന ഹോർൺ അന്നു ക്രമാതീതമായി മദ്യപിച്ചിരുന്നുവെന്നു പോലീസിനോടു പറഞ്ഞുവെന്നു റോട്ടൻബർഗ് വെളിപ്പെടുത്തി.
Woman arrested for attacking 3 Muslims wearing hijabs in NYC