
രക്തസാക്ഷി ഫണ്ടില്‍ തട്ടിപ്പു നടന്നെന്ന വി കുഞ്ഞിക്കൃഷ്ണന്റെ ആരോപണം ഭാവനാ സൃഷ്ടി മാത്രമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പക മൂത്ത് അന്ധത ബാധിച്ചതുപോലെയാണ് കുഞ്ഞിക്കൃഷ്ണന്‍ പെരുമാറുന്നതെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. പാര്‍ട്ടി പുറത്താക്കിയ കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനത്തില്‍ സിപിഎം വിരുദ്ധരുടെ ഒത്തുചേരലാണ് നടന്നതെന്നും സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു. പുസ്തകപ്രകാശനത്തിന് ആര്‍എംപിക്കാര്‍ വരെ ഉണ്ടായിരുന്നുവെന്നും ഇടതുപക്ഷ ലേബലിട്ട് പലരും വന്നുവെന്നും പുസ്തകത്തിലുള്ളത് എംഎല്‍എ ടി മധുസൂദനനോടുള്ള പകയാണെന്നും രാഗേഷ് ആരോപിച്ചു.
പാര്‍ട്ടിക്ക് ഒരു പണവും നഷ്ടമായിട്ടില്ലെന്നും ബൂത്ത് തലത്തില്‍, പാര്‍ട്ടി കുടുംബയോഗങ്ങളില്‍ ഫണ്ടിനെ സംബന്ധിച്ച കണക്ക് അവതരിപ്പിക്കുമെന്നും കെ കെ രാഗേഷേ് പറഞ്ഞു. ചാനലുകള്‍ക്ക് മുന്നില്‍ കണക്ക് അവതരിപ്പിക്കില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി പറയുന്നു. പാര്‍ട്ടി കുടുംബയോഗങ്ങളില്‍ വരവും ചെലവും വിശദീകരിക്കുമെന്നാണ് കെക രാഗേഷ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.
ധനരാജ് രക്തസാക്ഷി ഫണ്ട് ശേഖരിച്ചത് പാര്‍ട്ടിക്കാരില്‍നിന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന സഹകരണ ജീവനക്കാരില്‍നിന്നുമാണെന്ന് പറഞ്ഞ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പൊതുജനങ്ങളില്‍നിന്ന് പണം പിരിച്ചിട്ടില്ലെന്നും പറയുന്നു. 2022ല്‍ പയ്യന്നൂര്‍ ഏരിയ കമ്മിറ്റി വരവു ചെലവു കണക്ക് അംഗീകരിച്ചു. പാര്‍ട്ടി യോഗങ്ങളിലും കണക്ക് അവതരിപ്പിച്ചു. വിവിധ കമ്മിറ്റികളില്‍ അവതരിപ്പിച്ച കണക്ക് ജില്ലാ സെക്രട്ടറിക്ക് മാറ്റി എഴുതാന്‍ കഴിയില്ലെന്ന വിശദീകരണവും കെ കെ രാഗേഷ് നല്‍കുന്നുണ്ട്.
രക്തസാക്ഷി ഫണ്ട് വിനിയോഗത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായതായി കെ.കെ.രാഗേഷ് സ്ഥിരീകരിക്കുന്നുണ്ട്. 4 വര്‍ഷത്തിനുശേഷമാണ് വരവു ചെലവു കണക്ക് അവതരിപ്പിച്ചത്. കാലയളവ് നീണ്ടതിനാല്‍ പ്രശ്‌നങ്ങളുണ്ടായിയെന്നും പാര്‍ട്ടി അക്കാര്യം പരിശോധിച്ചുവെന്നും ഫണ്ട് നഷ്ടപ്പെട്ടിട്ടില്ലെന്നും ജില്ലാ സെക്രട്ടറി പറയുന്നു. ഫണ്ട് വിനിയോഗിക്കേണ്ട രീതിയിലല്ല വിനിയോഗിച്ചത്. ശേഖരിച്ച ഫണ്ട് സമയബന്ധിതമായി കൃത്യതയോടെ ചെലവാക്കണമായിരുന്നുവെന്നും വരവു ചെലവു കണക്ക് സമയബന്ധിതമായി അംഗീകരിക്കണമായിരുന്നുവെന്നും സ്വയം വിമര്‍ശനവും നടത്തുന്നുണ്ട് സിപിഎം നേതാവ്