
സീറോ മലബാർ സഭയിലെ ആരാധനാക്രമ വഴക്കിലടക്കം ചിലരുടെ കുത്സിത ഇടപെടലുണ്ടെന്ന തൃശൂർ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ പ്രസ്താവന വിവാദത്തിൽ. പോപ്പുലർ ഫ്രണ്ടിനെ റെയ്ഡ് ചെയ്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതനുസരിച്ച് അവരുടെ പദ്ധതികളിൽ ചിലത് സീറോമലബാർ സഭയിൽ ഭിന്നിപ്പുണ്ടാക്കുക എന്നതായിരുന്നുവെന്നും ഏറ്റവും സംഘടിച്ചു നിൽക്കുന്ന സഭാ വിഭാഗത്തെ ഭിന്നിപ്പിച്ചും വഴക്കടിപ്പിച്ചും തകർക്കാമെന്ന് അവർ കണക്കുകൂട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദീപിക ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആർച്ച് ബിഷപ്പിന്റെ പരാമർശം.
ചില സംസ്ഥാനങ്ങളിലെ ക്രൈസ്തവർ പേടിച്ചാണ് കഴിയുന്നതെന്നും അടുത്തകാലത്തായി അക്രമങ്ങൾ വളരെ കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെന്തക്കോസ്തുകാരുടെ ആക്ഷനാണ് പലപ്പോഴും പ്രകോപനങ്ങൾ ഉണ്ടാക്കുന്നതെങ്കിലും അതിന്റെ പ്രതികരണങ്ങളും ആക്രമണങ്ങളും നേരിടുന്നത് കത്തോലിക്കരും എപ്പിസ്കോപ്പൽ സഭാംഗങ്ങളുമാണ്. സഭാവസ്ത്രം ധരിച്ച് യാത്രചെയ്യുന്ന കന്യാസ്ത്രീകളും വൈദികരും ആക്രമിക്കപ്പെടുന്നു. പള്ളികളും കുരിശ് സ്ഥാപിച്ചിട്ടുള്ള സ്ഥാപനങ്ങളും അക്രമത്തിനിരയാകുന്നു. മാത്രമല്ല യാതൊരുതരത്തിലുള്ള നിയമലംഘനം നടത്താത്തവരെയും പിടിച്ച് ജയിലിലിടുന്നു. ക്രൈസ്തവർ നിർബന്ധിത മതപരിവർത്തനത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവർ രാജ്യത്ത് ഓരോ വർഷവും പിന്നാക്കം പൊയ്ക്കൊണ്ടിരിക്കുകയാണ്. 2.7 ശതമാനം ഉണ്ടായിരുന്നത് ഇപ്പോൾ 2.3 ശതമാനമായി ചുരുങ്ങി. കത്തോലിക്കരാകട്ടെ 1.67 ശതമാനം മാത്രമാണ്. കേരളത്തിലേത് ഗുരുതരമായ അവസ്ഥയാണ്. എണ്ണം കുറയുന്നു എന്നു മാത്രമല്ല, വിദേശ കുടിയേറ്റം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ക്രൈസ്തവരെയാണ്. വീടുകളിൽ കുട്ടികളുടെ എണ്ണം കുറയുന്നു. ഒരുപാടുപേർക്ക് വിവാഹം നടക്കുന്നില്ല. പന്ത്രണ്ടാം ക്ലാസിൽ എത്തിയാൽ പിന്നെ എങ്ങനെയെങ്കിലും പുറത്തേക്കു പോകണമെന്ന ചിന്തയായി. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന കാര്യം ചിന്തിക്കണം.
കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് സർക്കാരുകൾ ക്രൈസ്തവരെ അവഗണിക്കുന്നു. ചില മതങ്ങളിൽ എല്ലാവർക്കും സംവരണാനുകൂല്യങ്ങളുണ്ട്. എന്നാൽ, ക്രൈസ്തവർക്കില്ല. ഇത്തരം വിവേചനവും അവഗണനയും എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു.
ക്രൈസ്തവരിൽ സമുദായബോധം കുറഞ്ഞു. ക്രൈസ്തവർ വർഗീയതയോടെ ചിന്തിച്ചില്ല. ഏറ്റവും കുറച്ചു വർഗീയചിന്തയുള്ളത് ക്രൈസ്തവർക്കാണ്. പക്ഷേ, മറ്റു മതങ്ങളിൽ വർഗീയത കൂടി വരുന്നതായാണ് അനുഭവം. ഇപ്പോൾ നമ്മൾ പറയുന്നത് സമുദായബോധം ഉണ്ടാകണം, ഒപ്പം വർഗീയത ഉണ്ടാകാൻ പാടില്ല എന്നാണ്.
ക്രൈസ്തവരിലും വർഗീയത സൃഷ്ടിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ചില സംഘടനകളെക്കുറിച്ച് അങ്ങനെ തോന്നിയിട്ടുണ്ടെന്നായിരുന്നു ആർച്ച് ബിഷപ്പിന്റെ മറുപടി. അങ്ങനെയുള്ള സംഘടനകൾക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ട്. ഓരോ വർഷം കഴിയുന്തോറും കേരളത്തിലടക്കം സംഘടിതമായിട്ടുള്ള തീവ്രവാദ ഗ്രൂപ്പുകൾ സജീവമാകുകയാണ്. ജമാ അത്തെ ഇസ്ലാമി ഒരു ഭാഗത്ത്, ആർഎസ്എസ് വേറൊരു ഭാഗത്ത്. ക്രിസ്ത്യാനികളുടെ ഇടയിലും തീവ്രവാദ ഗ്രൂപ്പുകളുണ്ട്. മറ്റുചിലർ അവരെ പ്രോത്സാഹിപ്പിക്കുന്നു. വർഗീയത വളർത്തുന്നതിൽ ചില രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതേസമയം സിബിസിഐ പ്രസിഡന്റിന്റെ പ്രസ്താവനയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് അൽമായ മുന്നേറ്റം രംഗത്തെത്തി .
അവിടെ ക്രൈസ്തവരെ അവഗണിക്കുന്നത് ഭൂരിപക്ഷമാണെങ്കിൽ കേരളത്തിൽ എൽഡിഎഫ്, യു ഡി എഫ് സർക്കാരുകളാണ് അവഗണിക്കുന്നത്." ഈ വാചകം നമ്മൾ കേട്ടിട്ടുള്ളത് സംഘപരിവാർ ഹാൻഡിലുകളിൽ നിന്ന് മാത്രമാണ്. കേരളത്തിൽ എൽഡിഎഫ് | യുഡിഎഫ് സർക്കാരുകൾക്കെതിരെ വർഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമങ്ങൾ നമ്മൾ കണ്ടതാണ്. എസ്എൻഡിപി ആസ്ഥാനവും, എൻഎസ്എസ് ആസ്ഥാനവും അതിന് വേദിയായതും നമ്മൾ കണ്ടു. അതിന്റെ തുടർച്ചയായി മാത്രമേ ആൻഡ്രൂസ് താഴത്ത് മെത്രാന്റെ പ്രസ്താവനയെ കാണാനാവൂ. സി ബി സി ഐ പ്രസിഡന്റ് എന്ന സ്ഥാനത്തിരുന്ന് അദ്ദേഹം നടത്തിയ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ എന്ന്ഭാ രത കത്തോലിക്കാ മെത്രാൻ സമിതി വ്യക്തമാക്കണം.
പോപ്പുലർ ഫ്രണ്ട് എന്ന മുസ്ലിം സംഘടന സീറോ മലബാർ സഭയിൽ പിളർപ്പുണ്ടാക്കാൻ ശ്രമിച്ചു എന്ന ആരോപണം അത്ര നിസാരമായ ഒന്നല്ല. ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ അധ്യക്ഷൻ മറ്റൊരു പ്രബല സമുദായത്തിനെതിരെ ആധികാരികമായി ഉന്നയിക്കുന്ന ഗൗരവതരമായ ആരോപണമാണത്. അൽമായ മുന്നേറ്റം അതിനെ ഗൗരവത്തോടെ കാണുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നു കൊണ്ട് ദീപിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ഈ കാര്യങ്ങൾ പൂർണ്ണമായി വെളിപ്പെടുത്താൻ അദ്ദേഹത്തിന് ബാധ്യതയുണ്ട്. പോപ്പുലർ ഫ്രണ്ടിനെ റെയ്ഡ് ചെയ്ത ഒരുദ്യോഗസ്ഥൻ പറഞ്ഞു എന്ന ഒഴുക്കൻ മറുപടി പോരാ. ഉദ്യോഗസ്ഥന്റെ പേരും പോപ്പുലർ ഫ്രണ്ട് ആരുവഴി എങ്ങിനെ ശ്രമിച്ചു എന്ന കാര്യവും വ്യക്തമാക്കണം. അല്ലാത്ത പക്ഷം വർഗീയ സ്പർദ്ധ ഉണ്ടാക്കാൻ വേണ്ടിയുള്ള മനപ്പൂർവ്വമായ ഒരു ശ്രമം മാത്രമായേ ഇതിനെ കാണാനാവൂ.
കേരളത്തിലെ എസ്എൻഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പിള്ളി നടേശനും സി ബി സി ഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്തും ഒരേ ഭാഷയിൽ സംസാരിക്കുന്നത് ആശങ്കയുയർത്തുന്നതാണ്. പ്രത്യേകിച്ച് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിയെ തൃശൂരിൽ വിജയിപ്പിക്കാൻ മാർ ആൻഡ്രൂസ് താഴത്ത് ശ്രമിച്ചിരിന്നു എന്ന വസ്തുത പുറത്തു വന്ന സാഹചര്യത്തിൽ. മാൻ താഴത്ത് സിബിസിഐ പ്രസിഡന്റായ കാലഘട്ടത്തിലാണ് ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരേയുള്ള ആക്രമണങ്ങൾ ക്രമാതീതമായി വർധിച്ചത്.
സിബിസിഐയുടെത് വെറും ബാലിശമായ പ്രകടനമായിരുന്നു. ക്രിയാത്മകമായ ഒരിടപെടൽ പോലും സി ബി സി ഐ യുടെ ഭാഗത്ത് നിന്നുണ്ടായില്ല എന്നത് ഖേദകരമാണ്. "പെന്തക്കൊസ്തുകാരുടെ ആക്ഷനാണ് പലപ്പോഴും പ്രകോപനങ്ങൾ ഉണ്ടാക്കുന്നത് " എന്ന പ്രസ്താവനയിൽ നിറഞ്ഞു നിൽക്കുന്നത് സംഘപരിവാറിന്റെ ഭാഷയാണ്. ഒരു സി ബി സി ഐ പ്രസിഡന്റിന്റെ വായിൽ നിന്നും വരാൻ പാടില്ലാത്തതാണ്. സ്വന്തം സഹോദരങ്ങൾ ആക്രമിക്കപ്പെടുമ്പോഴും സംഘ പരിവാരത്തെ ന്യായീകരിക്കാനുള്ള വ്യഗ്രത ഈ വാചകങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. കർത്താവിനെ ഒറ്റിക്കൊടുത്ത യൂദാസിനെയാണ് ഈ വാചകം വായിക്കുമ്പോൾ ഓർമ്മ വരുന്നത്.
വരാൻ പോകുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ സംഘപരിവാരത്തെ സഹായിക്കാൻ, സംഘപരിവാർ ഏജന്റ് ആയിരുന്നുകൊണ്ട് കേരളത്തിൽ ഹിന്ദു-മുസ്ലിം സംഘർഷമുണ്ടാക്കാനുള്ള വഴിമരുന്ന് ഇടാനുള്ള മാർ ആൻ ഡ്റൂസിന്റെ നീക്കം കേരള പൊതുസമൂഹം തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയണമെന്ന് അല്മായ മുന്നേറ്റം അഭ്യർത്ഥിക്കുന്നു.
ഒന്നുകിൽ ആൻഡ്രൂസ് മെത്രാൻ കേരളത്തിന്റെ പൊതു സമക്ഷത്തിൽ തെളിവു സഹിതം കാര്യങ്ങൾ തുറന്നു പറയണം. അല്ലെങ്കിൽ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നും അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു.