
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ വിപണിയിലെ തങ്ങളുടെ ആധിപത്യം ദുരുപയോഗം ചെയ്ത് 'കൃത്രിമമായ സീറ്റ് ക്ഷാമം' സൃഷ്ടിച്ചുവെന്ന പരാതിയിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) വിശദ അന്വേഷണത്തിന് ഉത്തരവിട്ടു. ഡിസംബറിലെ യാത്രാ ക്ലേശങ്ങൾക്കിടയിൽ കമ്പനി ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കിയത് വഴി വിപണിയിൽ സേവനങ്ങൾ ലഭ്യമാക്കാതെ നിയന്ത്രിച്ചുവെന്നാണ് പ്രാഥമിക കണ്ടെത്തൽ.
ഡിസംബർ 3 മുതൽ 5 വരെയുള്ള മൂന്ന് ദിവസങ്ങൾക്കുള്ളിൽ മാത്രം 2,507 വിമാന സർവീസുകൾ ഇൻഡിഗോ റദ്ദാക്കുകയും 1,852 സർവീസുകൾ വൈകുകയും ചെയ്തു. ഇത് രാജ്യത്തുടനീളം ഏകദേശം 3 ലക്ഷത്തിലധികം യാത്രക്കാരെ നേരിട്ട് ബാധിച്ചു. തിരക്കേറിയ സമയത്ത് ഇത്രയധികം സർവീസുകൾ റദ്ദാക്കിയത് വഴി വിപണിയിൽ സീറ്റുകൾക്ക് ക്ഷാമമുണ്ടാക്കാനും അതുവഴി യാത്രക്കാർക്ക് സേവനം നിഷേധിക്കപ്പെടാനും കാരണമായെന്ന് സിസിഐയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
ഇത് കോമ്പറ്റീഷൻ ആക്ട് പ്രകാരം വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണ്. സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന് വിമാന നിരക്കില്‍ അമിതമായ വർദ്ധനയാണ് ഉണ്ടായത്. സേവനങ്ങൾ മനഃപൂർവ്വം നിയന്ത്രിച്ചും അമിതവില ഈടാക്കിയും കമ്പനി നിയമലംഘനം നടത്തിയോ എന്നാണ് പരിശോധിക്കുന്നത്.