
ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന ആവശ്യമുയർത്തി സിപിഎം നേതാവും എംപിയുമായ ജോൺ ബ്രിട്ടാസ്. ഒരു പാർലമെന്‍ററി ജനാധിപത്യത്തിൽ, പ്രതിപക്ഷ നേതാവിന്‍റെ പദവി പ്രധാനമന്ത്രിയുടെ പദവി പോലെ തന്നെ പ്രധാനപ്പെട്ടതാണ്. പ്രധാനമന്ത്രി എന്ന സ്ഥാപനത്തെ എപ്രകാരം ബഹുമാനിക്കുന്നുവോ, അപ്രകാരം തന്നെ പ്രതിപക്ഷ നേതാവിനെയും ബഹുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.
ലോക്സഭയും രാജ്യസഭയും രാഷ്ട്രപതിയും ചേര്‍ന്നതാണ് പാര്‍ലമെന്‍റ്. അതുകൊണ്ട് തന്നെ പാര്‍ലമെന്‍ററി ജനാധിപത്യത്തിൽ പ്രതിപക്ഷ നേതാവിന് വളരെയധികം പ്രാധാന്യമുണ്ട്. സ്പീക്കർ റൂളിംഗ് ഒന്നും നൽകേണ്ടെന്നും, രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന് ഭരണപക്ഷത്തോട് ആവശ്യപ്പെടുക മാത്രം ചെയ്താൽ മതിയെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
കരസേന മുന്‍ മേധാവി ജനറല്‍ എം എം നരവനേയുടെ പുസ്തകം ഉന്നയിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിക്കാത്തതിനെ ചൊല്ലിയുള്ള ബഹളം കാരണം ലോക്സഭ ഇന്നും ബഹളമയമായി. ചർച്ചയും പ്രധാനമന്ത്രിയുടെ മറുപടിയും ഇല്ലാതെയാണ് രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം പാസാക്കിയത്. പ്രമേയം അവതരിപ്പിച്ച് ബിജെപി നേതാക്കളായ സർബാനന്ദ സോനോവാൾ, തേജസ്വി സൂര്യ എന്നിവർ സംസാരിച്ചു കഴിഞ്ഞാണ് രാഹുൽ ഗാന്ധി ജനറല്‍ എംഎം നരവനേയുടെ പുസ്തകം ഉന്നയിക്കാൻ ശ്രമിച്ചത്. ഇത് സർക്കാർ തടഞ്ഞതിന് ശേഷമുള്ള രാഷ്ട്രീയ തർക്കം അതേപടി തുടരുകയാണ്.