
ഗാസിയാബാദിൽ ബുധനാഴ്ച പുലർച്ചെ ആത്മഹത്യ ചെയ്ത മൂന്ന് സഹോദരിമാരുടെ മരണത്തിന് പിന്നിൽ കൊറിയൻ ഡ്രാമകളോടും ഗെയിമുകളോടുമുള്ള അമിതമായ താൽപര്യമാണെന്ന് പോലീസ്. കടബാധ്യതയിൽ ഉഴലുന്ന ഒരു വലിയ കുടുംബത്തിലെ ഏകാന്തതയും സമ്മർദവും നിറഞ്ഞ ജീവിതവുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് അവരെ നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തങ്ങൾ ഒരു കൊറിയൻ ലോകത്താണ് ജീവിക്കുന്നതെന്ന് ഇവർ വിശ്വസിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ഏതാനും വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് നിർത്തിയിരുന്നു. ഭൂരിഭാഗം സമയവും അവർ ഫോണിലായിരുന്നു ചിലവഴിച്ചിരുന്നത്. പിതാവ് തങ്ങളെ ക്രൂരമായി ശിക്ഷിക്കുന്നതിനെക്കുറിച്ച് കുട്ടികൾ പരാതിപ്പെട്ടിരുന്നതായും പോലീസ് പറയുന്നു. ഓൺലൈനിൽ കൊറിയൻ ഡ്രാമകൾ കാണുന്നതും ഗെയിമുകൾ കളിക്കുന്നതും പിതാവ് വിലക്കുകയും, അവരുടെ മൊബൈൽ ഫോണുകൾ വാങ്ങി വെക്കുകയും ചെയ്തതിന് പിന്നാലെയാണ് 12, 14, 16 വയസുള്ള സഹോദരിമാർ ഭാരത് സിറ്റി ടൗൺഷിപ്പിലെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് താഴേക്ക് ചാടി മരിച്ചത്.
"അവർ കൊറിയൻ ഡ്രാമകളുടെ സ്വാധീനത്തിലായിരുന്നു. അവർ പഠനം ഉപേക്ഷിക്കുകയും മുഴുവൻ സമയവും മൊബൈൽ ഫോണുകളിൽ കൊറിയൻ ഡ്രാമകൾ കാണുന്നതിനായി ചെലവഴിക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി, കുടുംബത്തിലെ മറ്റുള്ളവർ ഉറങ്ങാൻ പോയതിനുശേഷം, പെൺകുട്ടികൾ മുറിയിൽ കയറി വാതിലടയ്ക്കുകയും കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നു," ഗാസിയാബാദ് അഡീഷണൽ പോലീസ് കമ്മീഷണർ അലോക് പ്രിയദർശി പറഞ്ഞു.
പുലർച്ചെ 2 മണിയോടെ തുടർച്ചയായി വലിയ ശബ്ദങ്ങൾ കേട്ടതിനെ തുടർന്ന് ഫ്ലാറ്റിലെ താമസക്കാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ്, കെട്ടിടത്തിന് താഴെ പെൺകുട്ടികൾ വീണു കിടക്കുന്നത് കണ്ടത്. കുട്ടികൾ വീണപ്പോൾ താഴെയുള്ള ഫ്ലാറ്റുകളിലെ തള്ളിനിൽക്കുന്ന ഭാഗങ്ങളിൽ തട്ടിയും പിന്നീട് നിലത്തു പതിച്ചും ഉണ്ടായ ശബ്ദമാണ് താമസക്കാർ കേട്ടതെന്ന് കരുതപ്പെടുന്നു.
അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടികൾ മരിച്ചതായി സ്ഥിരീകരിച്ചു. “പുലർച്ചെ ഏകദേശം 2.15-ഓടെയാണ് പോലീസ് റെസ്പോൺസ് വെഹിക്കിളിന് ഈ വിവരം ലഭിക്കുന്നത്. തില മോഡ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭാരത് സിറ്റിയിലെ ടവർ B-1 ലെ ഫ്ലാറ്റ് നമ്പർ 907-ന്റെ ഒമ്പതാം നിലയിലെ ബാൽക്കണിയിൽ നിന്ന് മൂന്ന് പെൺകുട്ടികൾ ചാടിയെന്നും സംഭവസ്ഥലത്ത് വെച്ച് തന്നെ അവർ മരിച്ചുവെന്നുമാണ് വിവരം ലഭിച്ചത്,” ഗാസിയാബാദിലെ ഷാലിമാർ ഗാർഡൻ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അതുൽ കുമാർ സിങ് പറഞ്ഞു.
അന്വേഷണം പുരോഗമിക്കുകയാണെന്നും പെൺകുട്ടികളുടെ പിതാവുമായി സംസാരിച്ചു വരികയാണെന്നും അഡീഷണൽ സി.പി പ്രിയദർശി പറഞ്ഞു. എന്നാൽ, ഇതുവരെ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.
പിതാവായ ചേതൻ കുമാർ രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്നും, പെൺകുട്ടികൾ അദ്ദേഹത്തോടൊപ്പം വാടക ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. ചേതൻ കുമാർ സാമ്പത്തികമായി വലിയ പ്രതിസന്ധിയിലായിരുന്നുവെന്നും രണ്ട് കോടി രൂപയോളം കടബാധ്യത അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
"ചേതന്റെ രണ്ട് ഭാര്യമാരും സഹോദരിമാരാണ്. ഇവരിലായി അദ്ദേഹത്തിന് അഞ്ച് കുട്ടികളുണ്ട്. അതിൽ ഒമ്പത് വയസുള്ള മകന് സംസാരിക്കാനോ കേൾക്കാനോ കഴിയില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. മരിച്ച പെൺകുട്ടികളിൽ രണ്ട് പേർ ഒരു ഭാര്യയുടെ മക്കളും, മൂന്നാമത്തെ പെൺകുട്ടി രണ്ടാമത്തെ ഭാര്യയുടെ മകളുമാണ്,'' പോലീസ് പറഞ്ഞു.
പെൺകുട്ടികൾ മരിക്കാൻ മുൻകൂട്ടി പദ്ധതിയിട്ടിരുന്നതായി സൂചിപ്പിക്കുന്ന എട്ട് പേജുള്ള ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തങ്ങളെ മാതാപിതാക്കൾ മർദിക്കാറുണ്ടെന്നും മറ്റൊരാൾക്ക് വിവാഹം കഴിച്ചു നൽകുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും പെൺകുട്ടികൾ കുറിപ്പിൽ ആരോപിക്കുന്നു. അവർക്ക് കൊറിയക്കാരോട് ഇഷ്ടമുള്ളതുകൊണ്ട് ഇത് അംഗീകരിക്കാൻ കഴിഞ്ഞില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
"നിങ്ങളിൽ നിന്ന് തല്ല് വാങ്ങാനായി ഞങ്ങൾ ഈ ലോകത്ത് ജീവിക്കണോ? വേണ്ട, മരണമായിരിക്കും ഇതിലും നല്ലത്... വിവാഹത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ തന്നെ ഞങ്ങൾ സമ്മർദത്തിലാകുന്നു. ഞങ്ങൾക്ക് കൊറിയക്കാരെയാണ് ഇഷ്ടവും സ്നേഹവും, ഇന്ത്യൻ പുരുഷന്മാരുമായുള്ള വിവാഹം ഞങ്ങൾക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല," ആത്മഹത്യ കുറിപ്പിൽ പെൺകുട്ടികൾ എഴുതി.
ആത്മഹത്യക്കുറിപ്പ് പെൺകുട്ടികളുടെ പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതായിരുന്നു. "സോറി പപ്പ" എന്ന് അവർ അതിൽ പറഞ്ഞിരുന്നുവെങ്കിലും, "കൊറിയൻ" ഉപേക്ഷിക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് അവർ അതിൽ ഉറപ്പിച്ചു പറയുന്നു.
കൊറിയൻ ഞങ്ങളുടെ ജീവിതമാണ്, ഞങ്ങളുടെ ജീവിതം ഉപേക്ഷിക്കാൻ പറയാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു? ഞങ്ങൾ അവരെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയില്ല, ഇപ്പോൾ നിങ്ങൾ അതിനുള്ള തെളിവ് കണ്ടല്ലോ," പോലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ അവർ എഴുതിയിരുന്നു.
"കൊറിയനും കെ-പോപ്പും ഞങ്ങളുടെ ജീവിതമായിരുന്നുവെന്ന് ഇപ്പോൾ നിങ്ങൾ വിശ്വസിക്കണം..." പെൺകുട്ടികൾ കുറിപ്പിൽ ഇങ്ങനെ എഴുതിയതായാണ് വിവരം. 'ദ ബേബി ഇൻ യെല്ലോ', 'ഈവിൾ നൺ' തുടങ്ങിയ കാർട്ടൂണുകളുടെയും ഓൺലൈൻ ഗെയിമുകളുടെയും പേരും മറ്റ് കൊറിയൻ, ചൈനീസ്, തായ്, ജാപ്പനീസ് നാടകങ്ങളുടെ ലിസ്റ്റും അവർ അതിൽ ഉൾപ്പെടുത്തിയിരുന്നതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
തന്റെ മക്കൾ കെ-ഡ്രാമകളുടെ വലിയ ആരാധകരായിരുന്നുവെന്നും കുറഞ്ഞത് മൂന്ന് വർഷം മുമ്പെങ്കിലും അവർ സ്കൂളിൽ പോകുന്നത് നിർത്തിയിരുന്നുവെന്നും പെൺകുട്ടികളുടെ പിതാവായ ചേതൻ കുമാർ ഇന്ത്യൻ എക്സ്പ്രസിനോട് സ്ഥിരീകരിച്ചു. "എന്റെ രണ്ട് ഭാര്യമാരിലായി ജനിച്ചവരാണ് ഈ മൂന്ന് പെൺകുട്ടികൾ. ആദ്യ ഭാര്യക്ക് ഗർഭം ധരിക്കാൻ കഴിയാഞ്ഞതിനെത്തുടർന്ന് ഞാൻ അവളുടെ അനിയത്തിയെ വിവാഹം കഴിക്കുകയായിരുന്നു," അദ്ദേഹം പറഞ്ഞു.
മൂത്ത പെൺകുട്ടി ഏഴാം ക്ലാസിലും മറ്റ് രണ്ട് പേർ ആറ്, അഞ്ച് ക്ലാസുകളിലുമായി പഠനം നിർത്തിയെന്ന് ചേതൻ പറഞ്ഞു. "അവർ ക്ലാസിൽ തോൽക്കുകയും അതിനുശേഷം സ്കൂളിൽ പോകാൻ മടി കാണിക്കുകയും ചെയ്തു. ഒരു വർഷം മുമ്പ് ഞാൻ അവരെ ഒരു സ്വകാര്യ കോച്ചിങ് സെന്ററിൽ അയച്ചിരുന്നു, എന്നാൽ അവിടെ അധ്യാപകനുമായി വഴക്കിട്ട് പോകുന്നത് നിർത്തി," അദ്ദേഹം പറഞ്ഞു.
ദുരന്തം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങിയെന്നും കെ-ഡ്രാമകൾ (കൊറിയൻ ഡ്രാമകൾ) കാണുന്നത് നിർത്താൻ അവരോട് പറഞ്ഞിരുന്നതായും ചേതൻ പറഞ്ഞു. "അവർക്ക് അതിനോട് വലിയ ഭ്രാന്തായിരുന്നു... ആ ഡ്രാമകളിലെ കഥാപാത്രങ്ങളെപ്പോലെ സംസാരിക്കാനും പെരുമാറാനും അവർ ശ്രമിച്ചു, അവരെ അനുകരിച്ചു. മൂന്ന് മാസം മുമ്പ് അവർ യൂട്യൂബിൽ ഒരു ചാനൽ തുടങ്ങിയിരുന്നു, അത് ഞാൻ ഡിലീറ്റ് ചെയ്തു. അതിൽ അവർക്ക് വലിയ വിഷമമുണ്ടായിരുന്നു," അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച രാത്രി കുടുംബത്തിനൊപ്പം അത്താഴം കഴിച്ചശേഷം പെൺകുട്ടികൾ മുറിയിൽ കയറി വാതിലടച്ചെന്നും പിതാവ് പറഞ്ഞു. "രാത്രി എന്റെ ഭാര്യ അവരുടെ മുറിയുടെ വാതിലിൽ തട്ടി തുറക്കാൻ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ അവർ നിലവിളിക്കുന്ന ശബ്ദവും താഴേക്ക് വീഴുന്ന ശബ്ദവുമാണ് ഞങ്ങൾ കേട്ടത്," ചേതൻ പറഞ്ഞു