Image

ഫ്രിസ്കോ സിറ്റി കൗൺസിൽ യോഗത്തിലെ ‘ഇന്ത്യൻ അധിനിവേശം’ ആരോപണവും പ്രതിഷേധവും

Published on 05 February, 2026
ഫ്രിസ്കോ സിറ്റി കൗൺസിൽ യോഗത്തിലെ ‘ഇന്ത്യൻ അധിനിവേശം’  ആരോപണവും   പ്രതിഷേധവും

ടെക്സസ് : ടെക്സസിലെ ഫ്രിസ്കോ നഗര സിറ്റി കൗൺസിൽ യോഗം ‘ഇന്ത്യൻ അധിനിവേശം ’ എന്ന ആരോപണത്തെ തുടർന്ന് ശക്തമായ വാക്കേറ്റത്തിനും സാമൂഹിക സംഘർഷങ്ങൾക്കും വേദിയായി. സ്വയം ‘വിസിൽബ്ലോവർ’ എന്ന് വിശേഷിപ്പിക്കുന്ന ഫ്രിസ്കോ സ്വദേശി മാർക്ക്  പാലസിയാനോ നഗരത്തിലെ ആദ്യ ഇന്ത്യൻ വംശജനായ കൗൺസിൽ അംഗം ബർട്ട് താക്കൂറിനെയും മേയർ ജെഫ് ചെനിയെയും തുറന്ന യോഗത്തിൽ കടുത്ത ഭാഷയിൽ ചോദ്യം ചെയ്തു.

സോഷ്യൽ മീഡിയയിലൂടെ ‘ഫ്രിസ്കോയിലെ ഇന്ത്യൻ അധിനിവേശം’ എന്ന ആരോപണം പ്രചരിപ്പിച്ച് പിന്തുണ സമാഹരിച്ചുവരുന്ന പാലസിയാനോ, മേയറുടെ പ്രധാന ധനദായകരിൽ വലിയൊരു വിഭാഗവും ഫ്രിസ്കോ നിവാസികളല്ലാത്ത ഇന്ത്യൻ-അമേരിക്കക്കാരാണെന്ന് ആരോപിച്ചു.
മേയറുടെ റിയൽ എസ്റ്റേറ്റ് ബിസിനസിനുവേണ്ടിയാണോ ഈ സംഭാവനകൾ എന്നും ഇന്ത്യൻ കൈയേറ്റം അവഗണിക്കാൻ ഭരണകൂടത്തെ വാങ്ങിയതാണോ എന്നും അദ്ദേഹം ചോദ്യംചെയ്തു. ഒരേ വിലാസത്തിൽ രജിസ്റ്റർ ചെയ്ത നിരവധി എച്ച്-1ബി കമ്പനികൾ നടത്തുന്നവർ എന്തുകൊണ്ടാണ് ഫ്രിസ്കോയുടെ ആദ്യ ഇന്ത്യൻ മേയറുടെ വലിയ ദാതാക്കളാകുന്നത് എന്നും പാലസിയാനോ ചോദിച്ചു.

അമേരിക്കയിലെ ഇന്ത്യൻ ജനസംഖ്യ 1.6 ശതമാനം മാത്രമാണെന്ന ബർട്ട് താക്കൂറിന്റെ പരാമർശത്തെ ചോദ്യം ചെയ്ത പാലസിയാനോ, ഫ്രിസ്കോയിൽ ഇന്ത്യക്കാരുടെ വിഹിതം 33 ശതമാനത്തോളമുണ്ടെന്നും അവകാശപ്പെട്ടു. മേയർ ചെനിയുടെ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളെക്കുറിച്ചും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

ഇന്ത്യൻ വംശജനായ കൗൺസിൽ അംഗം ബർട്ട് താക്കൂർ യോഗത്തിൽ മറുപടി നൽകി. ഇന്ത്യക്കാർ വർഷങ്ങളായി അമേരിക്കയിലേക്ക് കുടിയേറി അമേരിക്കൻ ഡ്രീമിനെ ശക്തിപ്പെടുത്തിയതായും, ആ സ്വപ്നം നിലനിൽക്കാൻ പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.  യുഎസിലേക്ക് ആദ്യമായി എത്തിയ പഞ്ചാബി കുടിയേറ്റക്കാരെയും, അമേരിക്കയിൽ സേവനം അനുഷ്ഠിച്ച ഇന്ത്യക്കാരെയും അദ്ദേഹം പരാമർശിച്ചു.

പാലാസിയാനോ, മുൻപ് എച്ച്-1ബി തൊഴിലാളികളെ നിയമിച്ച സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം ആരംഭിച്ച ടെക്സസ് അറ്റോർണി ജനറൽ കെൻ പാക്സ്ടനെ ഉദ്ധരിച്ച്, തന്റെ നിക്ഷേപകരെക്കുറിച്ച് സമാന അന്വേഷണം ആവശ്യപ്പെടാൻ താക്കൂർ തയ്യാറാകുമോയെന്ന് ചോദിച്ചിരുന്നു. ജനസംഖ്യ ഇങ്ങനെ വർദ്ധിച്ചാൽ ഉടൻ മുഴുവൻ സിറ്റി കൗൺസിലും ഇന്ത്യൻ വംശജന്മാരാകാം; അവർ വോട്ടിംഗ് ബൂത്തുകളിലും ശക്തമായി എത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.

2023-ൽ ഫ്രിസ്കോ നഗരത്തിലെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ തൊഴിലുടമയായി ടി-മൊബൈൽ യുഎസ്എ- യെ അംഗീകരിച്ചിരുന്നുവെന്നും, പിന്നീട് ആ സ്ഥാപനത്തിൽ രാജ്യത്താകെ ആയിരക്കണക്കിന് അമേരിക്കക്കാർക്ക് ജോലി നഷ്ടമായതായും, ഫ്രിസ്കോ ഓഫീസിൽ നിന്ന് നൂറുകണക്കിനാളുകൾ പുറത്താക്കപ്പെട്ടതായും പാലസിയാനോ ആരോപിച്ചു. 2025-ൽ ആ കമ്പനി എച്ച്-1ബി തൊഴിലാളികൾക്ക്  81.5 മില്യൺ ഡോളർ ശമ്പളം നൽകി എന്നും അത് അമേരിക്കക്കാർക്ക് ലഭിക്കേണ്ട പണമായിരുന്നു എന്നും അദ്ദേഹം തുറന്നടിച്ചു. ടി-മൊബൈലിന് ഇപ്പോൾ ഒരു ഇന്ത്യൻ സി.ഇ.ഒ ഉണ്ടെന്നത് യാദൃശ്ചികമാണോ എന്ന ചോദ്യത്തോടെയാണ് അദ്ദേഹം വിമർശനം കടുപ്പിച്ചത്.

ചൊവ്വാഴ്ച നടന്ന യോഗത്തിൽ ‘ഇന്ത്യൻ കൈയേറ്റം’ ആരോപണം സാമൂഹിക മാധ്യമങ്ങളിലെ ഇൻഫ്ലുവൻസർമാർ ശക്തമായി ഉയർത്തിയതായും, ‘അമേരിക്ക ഫസ്റ്റ്’ തൊപ്പികൾ ധരിച്ച ഏകദേശം ഒരു ഡസനോളം പേർ കൗൺസിൽ ചേംബറിൽ പ്രതിഷേധിച്ചതായും ഡാലസ് ഒബ്സർവർ റിപ്പോർട്ട് ചെയ്തു. എന്നാൽ പ്രതിഷേധിച്ചവരിൽ ഭൂരിഭാഗവും ഫ്രിസ്കോ സ്വദേശികളല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

എച്ച്-1ബി വിഷയത്തിൽ മുമ്പും പ്രതികരിച്ചിട്ടുള്ള ബർട്ട് താക്കൂർ, ഫെഡറൽ കുടിയേറ്റ നയങ്ങളിലോ വിസാ നടപ്പാക്കലിലോ തനിക്ക് അധികാരമില്ലെന്ന് വീണ്ടും ആവർത്തിച്ചു. ഫെഡറൽ ഏജൻസികൾ അന്വേഷണം നടത്തിയാൽ തനിക്ക് എതിര്‍പ്പില്ല എന്നും നിയമവിരുദ്ധമായ കാര്യങ്ങൾ കണ്ടെത്തിയാൽ ആദ്യം പിന്തുണ നൽകുന്നത് താൻ തന്നെയാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായി  കാര്യങ്ങൾ ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ഇന്ത്യക്കാരുടെ സാന്നിധ്യം തന്നെ പ്രശ്നമാണെന്ന സൂചനകൾ തനിക്ക് അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

ഇന്ത്യൻ ദാതാക്കളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, താൻ ഒരു അമേരിക്കൻ പൗരനാണെന്നും 9/11 സമയത്ത് രാജ്യത്തിനായി സേവനം അനുഷ്ഠിച്ചിട്ടുണ്ടെന്നും, ഇപ്പോൾ കൗൺസിൽ അംഗമായുള്ള പ്രാദേശിക ഭരണ ചുമതലകളിലാണ് ശ്രദ്ധയെന്നും ബർട്ട് താക്കൂർ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക