Image

സി ജെ റോയിയുടെ മരണത്തില്‍ അടിമുടി ദുരൂഹത: ജീവനക്കാരുടെ മൊഴികളില്‍ വൈരുധ്യം; ആത്മഹത്യാ കുറിപ്പെന്ന രീതിയില്‍ പ്രചരിക്കുന്ന ഡയറി കുറിപ്പ് സ്ഥിരീകരിക്കാതെ എസ്‌ഐടി

Published on 05 February, 2026
 സി ജെ റോയിയുടെ മരണത്തില്‍ അടിമുടി ദുരൂഹത: ജീവനക്കാരുടെ മൊഴികളില്‍ വൈരുധ്യം; ആത്മഹത്യാ കുറിപ്പെന്ന രീതിയില്‍ പ്രചരിക്കുന്ന ഡയറി കുറിപ്പ് സ്ഥിരീകരിക്കാതെ എസ്‌ഐടി

 

കോണ്‍ഫിഡന്റ് ഗ്രൂപ് ഉടമയും പ്രമുഖ വ്യവസായിയുമായ സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവേ ദുരൂഹത വര്‍ധിക്കുന്നു. റോയി ആത്മഹത്യ ചെയ്യാന്‍ നേരത്തേതന്നെ തീരുമാനിച്ചിരുന്നു എന്നു സൂചിപ്പിക്കുന്ന  ഡയറിക്കുറിപ്പുകള്‍ സ്ഥിരീകരിക്കാതെ എസ്‌ഐടി. അന്വേഷണത്തില്‍ സാക്ഷികള്‍ നല്‍കിയ മൊഴികളിലും വൈരുധ്യം.

നിക്ഷേപകരെ കൈവിടരുത്, ജീവനക്കാരെ കൂടെ നിര്‍ത്തണം, കുടുംബത്തോട് ക്ഷമ ചോദിക്കുന്നു, ബിസിനസില്‍ ആരാണ് പിന്‍ഗാമി എന്നും വിദേശത്തെ ബിസിനസില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ട് എന്നുമുള്ള വിവരങ്ങള്‍ ഡയറിക്കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവിധ റിപോര്‍ട്ടുകളിലുള്ളത്. 

എന്നാല്‍, ഒമ്പത് പേജുള്ള ഒരു മരണക്കുറിപ്പും 20 പേജുള്ള ഒരു ഡയറിയും സംബന്ധിച്ച് കിംവദന്തികള്‍ പ്രചരിക്കുന്നുണ്ടെന്ന് മാത്രമാണ് എസ്‌ഐടി ഇതേക്കുറിച്ച് പറയുന്നത്. അതു സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയാലോ അല്ലെങ്കില്‍ അന്വേഷണത്തിനിടെ എന്തെങ്കിലും ഇലക്ട്രോണിക് തെളിവുകള്‍ ലഭിച്ചാലോ മാത്രമേ ഞങ്ങള്‍ അതിനെ മരണക്കുറിപ്പായി കണക്കാക്കൂ എന്നും അത്തരം രേഖകളെക്കുറിച്ച് ആരെങ്കിലും അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ ഉന്നയിച്ചാല്‍ ഞങ്ങള്‍ അതു പരിഗണിക്കില്ല എന്നും മുതിര്‍ന്ന എസ്.ഐ.ടി. ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം റോയ് സ്വയം വെടിയുതിര്‍ത്ത ഓഫീസിലെ കാബിനില്‍ മറ്റാരെങ്കിലും അതിക്രമിച്ച് കയറിയതിന് തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സംഭവ സമയത്ത് ഓഫീസിലുണ്ടായിരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. റോയ്യുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. റോയ്യുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന ഭാഗത്തെ സിസിടിവികള്‍ പ്രവര്‍ത്തനരഹിതമായത് സംബന്ധിച്ച് ഇവരോട് വിവരങ്ങള്‍ തേടി.


റെയ്ഡില്‍ പങ്കെടുത്ത എല്ലാ ആദായനികുതി ഉദ്യോഗസ്ഥരുടെയും മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ഉദ്യോഗസ്ഥര്‍ കര്‍ണാടക വിട്ടു പോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോയിയെ ഒരു മണിക്കൂര്‍ ചോദ്യം ചെയ്തു എന്നത് തെറ്റായ വിവരം ആണെന്നും രേഖകള്‍ പരിശോധിക്കുക മാത്രമാണ് ചെയ്തത് എന്നും ആദായ നികുതി ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. റോയിയെ സമ്മര്‍ദത്തിലാക്കുന്ന യാതൊരുവിധ പെരുമാറ്റവും തങ്ങള്‍ നടത്തിയിട്ടില്ലെന്നും റോയി അന്വേഷണത്തോട് സഹകരിച്ചിരുന്നെന്നും മൊഴിയിലുണ്ട്.

സംഭവ ദിവസം സി.ജെ. റോയ് ഓഫിസില്‍ എത്തിയതുമായി ബന്ധപ്പെട്ട് സുരക്ഷ ജീവനക്കാരും ഡയറക്ടറും നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ട്. വെള്ളിയാഴ്ച മൂന്നിന് റോയ് ഓഫിസില്‍ എത്തി എന്നു ഡയറക്ടര്‍ പറയുമ്പോള്‍ രണ്ടിന് എത്തി എന്നാണ് സുരക്ഷാ ജീവനക്കാരന്റെ മൊഴി. ബന്ധുക്കളുടെയും ഓഫിസിലെ മറ്റ് ജീവനക്കാരുടെയും മൊഴി ഉടന്‍ രേഖപ്പെടുത്തും.


സാമ്പത്തിക ഇടപാടുകള്‍ റോയി കൃത്യമായി ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. യു.എ.ഇയിലെ ബിസിനസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ റോയിയെ മനോസംഘര്‍ഷത്തിലാക്കിയിരുന്നു. 20 മിനിറ്റ് കാബിനില്‍ പോയിരുന്ന സമയം ഏതെങ്കിലും കാളുകള്‍ വന്നോ എന്നതും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക