
ന്യൂയോർക്ക്: ക്വീൻസ് മേഖലയിൽ സ്കീസോഫ്രീനിയ ബാധിച്ച യുവാവിനെ പൊലീസ് വെടിവച്ചതിൽ വിവാദം വീണ്ടും ശക്തമാകുന്നു. 911 കോളിന്റെ ഓഡിയോ പുറത്തു വിട്ടതോടെയാണ് കേസ് പുതിയ വഴിത്തിരിവിലെത്തിയത്.
കുടുംബം മെഡിക്കൽ സഹായം തേടിയാണു വിളിച്ചതെന്ന് ആവർത്തിച്ചു പറയുമ്പോൾ, പൊലീസ് എത്തുമെന്ന് കുടുംബത്തിന് അറിയാമായിരുന്നുവെന്നതാണ് ഓഡിയോ വ്യക്തമാക്കുന്നതെന്ന് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്മെന്റ് (എൻവൈപിഡി) വിശദീകരിക്കുന്നു.
ജനുവരി 26-നാണ് 22 വയസ്സുള്ള ജാബെസ് ചക്രബർത്തിയെ ക്വീൻസിലെ ബ്രയർവുഡിലെ വസതിയിൽ വച്ച് പൊലീസ് വെടിവച്ചത്. കത്തി കൈവശം വച്ച് പൊലീസിനു നേർക്ക് നീങ്ങിയതിനെ തുടർന്നായിരുന്നു വെടിവയ്പെന്നു ബോഡി-ക്യാം ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഗുരുതരമായി പരുക്കേറ്റ ജാബെസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്; നില മെച്ചപ്പെട്ടെന്ന് അധികൃതർ അറിയിച്ചു.
911 കോളിന്റെ ഓഡിയോ പുറത്തുവന്നതോടെ കുടുംബം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ജാബെസിന് മാനസിക സമ്മർദ്ദം അനുഭവപ്പെടുന്നതിനാൽ മെഡിക്കൽ സഹായമാണ് തങ്ങൾ തേടിയതെന്നും ആംബുലൻസ് എത്തുമെന്നായിരുന്നു പ്രതീക്ഷ, എന്നാൽ പൊലീസ് എത്തിയതാണ് സാഹചര്യം വഷളാക്കിയത് എന്നുമാണ് കുടുംബം പ്രസ്താവനയിൽ പറഞ്ഞത്.
കോളിൽ ഇൻവോളന്ററി ട്രാൻസ്‌പോർട്ടേഷൻ ആവശ്യപ്പെട്ടിരുന്നുവെന്നും, അത്തരമൊരു സാഹചര്യത്തിൽ എമെർജൻസി മെഡിക്കൽ സർവീസിന് ഒറ്റയ്ക്ക് ഇടപെടാനാവില്ല എന്നും പൊലീസിന്റെ സാന്നിധ്യം നിർബന്ധമാണെന്നുമാണ് പോലീസ് വിശദീകരണം. 911 ഡിസ്പാച്ചറും ഇത് കോളിനിടെ വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച പുറത്തുവിട്ട ബോഡി-ക്യാം ദൃശ്യങ്ങളിൽ, ജാബെസ് അടുക്കളയിൽ നിന്ന് കത്തി എടുത്ത് ഓഫീസർ ടൈറി വൈറ്റിനു നേരെ നീങ്ങുന്നതും, ബന്ധു തടയാൻ ശ്രമിക്കുന്നതും കാണാം. കത്തി താഴെയിടാൻ പൊലീസ് ആവർത്തിച്ച് വിളിച്ചുപറഞ്ഞിട്ടും, ജാബെസ് വാതിൽ തുറന്ന് മുന്നോട്ടു ചെന്നതോടെയാണ് നാല് വെടിയുണ്ടകൾ പായിച്ചതെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
മേയർ സൊഹ്‌റാൻ മാംദാനി ജാബെസിനെ ആശുപത്രിയിൽ സന്ദർശിക്കുകയും, ക്രിമിനൽ കേസുകൾ ചുമത്തരുതെന്ന് ക്വീൻസ് ഡിസ്ട്രിക്റ്റ് അറ്റോർണിയോട് ആവശ്യപ്പെടുകയും ചെയ്തു. ബോഡി-ക്യാം ദൃശ്യങ്ങൾ കാണുമ്പോൾ ജാബെസിന് വേണ്ടത് മാനസികാരോഗ്യ പരിചരണമാണ്, കുറ്റപത്രമല്ല എന്നും മേയർ പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ‘ഡിപ്പാർട്മെന്റ് ഓഫ് കമ്മ്യൂണിറ്റി സേഫ്റ്റി’ എന്ന പുതിയ വകുപ്പിന്റെ ആവശ്യകതയും മേയർ വീണ്ടും ഉയർത്തി. ഇത്തരക്കാർക്കും അവരുടെ കുടുംബത്തിനും പൊലീസ് ഉദ്യോഗസ്ഥർക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന പ്രതികരണ സംവിധാനമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.