Image

എഐ ഡാറ്റാ സെന്ററുകൾ ബഹിരാകാശത്തേക്കു മാറ്റണമെന്ന് ഇലോൺ മസ്ക്

Published on 05 February, 2026
എഐ  ഡാറ്റാ സെന്ററുകൾ ബഹിരാകാശത്തേക്കു മാറ്റണമെന്ന് ഇലോൺ മസ്ക്

എഐ ഡാറ്റാ സെന്ററുകൾ ബഹിരാകാശത്തേക്കു മാറ്റുക എന്ന ആശയവുമായി ഇലോൺ മസ്‌ക് വീണ്ടും രംഗത്തെത്തി. ഈ ആഴ്ച മസ്ക് തന്റെ റോക്കറ്റ് കമ്പനിയായ സ്പേസ് എക്സും എഐ  സ്ഥാപനമായ എക്സ് എഐ-യും  ലയിപ്പിച്ചതോടെയാണ് ഈ ആശയം വീണ്ടും ആഗോള ശ്രദ്ധ നേടുന്നത്. വൻതോതിൽ ഊർജവും സ്ഥലവും ആവശ്യമായ ഈ സംവിധാനങ്ങളെ ഭൂമിക്ക് പുറത്തേക്ക് മാറ്റുക എന്നതാണ് ഏറ്റവും മികച്ച പരിഹാരം  എന്നാണ് ലയന പ്രഖ്യാപനത്തിനൊപ്പം മസ്ക് അഭിപ്രായപ്പെട്ടത്.

എഐ ഡാറ്റാ സെന്ററുകളുടെ അത്യധികമായ വൈദ്യുതി–ജല ആവശ്യങ്ങൾ ലോകമെമ്പാടും പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുകയാണ്. ആവശ്യമായ വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള മനുഷ്യരുടെ ശേഷി ക്രമേണ കടന്നുപോകുകയാണെന്നും, ഇനി ഭൂമിയിലല്ല ബഹിരാകാശത്തേക്കാണ് പരിഹാരങ്ങൾ തേടേണ്ടതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബഹിരാകാശത്ത് സൗരോർജത്തിന് കൂടുതൽ ലഭ്യതയുണ്ടെന്നും, സ്വാഭാവിക തണുപ്പുമേഖലകൾ ഡാറ്റാ സെന്ററുകളുടെ കൂളിംഗ് ചെലവ് കുറയ്ക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ഈ രംഗത്ത് മസ്ക് ഒറ്റയ്ക്കല്ല. ഗൂഗിൾ അടുത്ത വർഷം തന്നെ ഓർബിറ്റൽ എഐ ഡാറ്റാ സെന്ററുകളുടെ പരീക്ഷണ ഭാഗമായി രണ്ട് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ശരിയായ ഓർബിറ്റിൽ സൗരപാനലുകൾ ഭൂമിയിലെതിനെക്കാൾ പലമടങ്ങ് കാര്യക്ഷമമായി പ്രവർത്തിക്കാമെന്നും, ഭാവിയിൽ എഐ കംപ്യൂട്ടിങ്ങ് വ്യാപിപ്പിക്കാൻ ബഹിരാകാശം ഏറ്റവും അനുയോജ്യമായ ഇടമാകാമെന്നുമാണ് കമ്പനിയുടെ വിലയിരുത്തൽ.

അതേസമയം ഓപ്പൺഎഐ സി.ഇ.ഒ: സാം ആൾട്ട്‌മാൻ, ഡാറ്റാ സെന്ററുകൾ ഓർബിറ്റിൽ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒരു റോക്കറ്റ് കമ്പനി ഏറ്റെടുക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ വർഷം ആലോചിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. വാഷിംഗ്ടൺ ആസ്ഥാനമായ സ്റ്റാർക്ലൗഡ് എന്ന എഐ സ്റ്റാർട്ടപ്പും ബഹിരാകാശത്ത് എഐ സർവർ ഉൾക്കൊള്ളുന്ന പരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു കഴിഞ്ഞു.

എഐ ഡാറ്റാ സെന്ററുകളുടെ വ്യാപനം ഭൂമിയിലെ സാധാരണ ഉപഭോക്താക്കൾക്കും തിരിച്ചടിയാകുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഡാറ്റാ സെന്ററുകൾക്കടുത്ത പ്രദേശങ്ങളിൽ വൈദ്യുതി നിരക്കുകൾ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കുത്തനെ ഉയർന്നതായും, ചില മേഖലകളിൽ ഇത് 267% വരെ വർധിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ജലക്ഷാമവും മറ്റൊരു വലിയ പ്രശ്നമായി ഉയരുന്നുണ്ട്; ഒരു വലിയ ഡാറ്റാ സെന്റർ ദിവസേന ലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്നതിനു തുല്യമായ വെള്ളം ചെലവഴിക്കുന്നുവെന്നാണ് കണക്കുകൾ.

ബഹിരാകാശ ഡാറ്റാ സെന്ററുകൾ ഭൂമിയിലെ സംവിധാനങ്ങളെക്കാൾ ചെലവു കുറഞ്ഞതാകാൻ രണ്ട് മുതൽ മൂന്ന് വർഷം മതി എന്നതാണ് മസ്കിന്റെ വിലയിരുത്തൽ. എന്നാൽ സാമ്പത്തിക, സാങ്കേതിക വിദഗ്ധർ ഇതുമായി യോജിക്കുന്നില്ല. 2030-കളിലാണ് ചെലവ് സമതുലിതാവസ്ഥയിലെത്തുകയെന്നാണ് ചിലർ വിലയിരുത്തുന്നത്. എന്നാൽ, റോക്കറ്റ് വിക്ഷേപണ ചെലവ് കുറഞ്ഞുവരുന്നതും ഭൂമിയിലെ ഡാറ്റാ സെന്റർ പ്രവർത്തനച്ചെലവ് ഉയരുന്നതും കണക്കിലെടുത്താൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബഹിരാകാശ എഐ ഡാറ്റാ സെന്ററുകൾ സാധാരണ കാഴ്ചയായേക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക