
സന്തോഷ് ട്രോഫി ഫുട്ബോളിൽ കരുത്തരായ പഞ്ചാബിനെ തകർത്തെറിഞ്ഞ് കേരളം ഫൈനലിൽ. സെമി ഫൈനലിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ഉജ്ജ്വല വിജയം. തുടർച്ചയായ രണ്ടാം വർഷമാണ് കേരളം ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്നത്.
മറ്റൊരു സെമിയിൽ റെയിൽവേസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ സർവീസസാണ് ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ. ഞായറാഴ്ചയാണ് കിരീടപ്പോരാട്ടം.
ധാക്കുവഖാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടി കേരളം ആധിപത്യം ഉറപ്പിച്ചിരുന്നു. 16ാം മിനിറ്റിൽ വി അർജുൻ എടുത്ത കൃത്യതയാർന്ന കോർണർ കിക്കിന് മുഹമ്മദ് അജ്സൽ തലവച്ചതോടെ കേരളം ലീഡ് എടുത്തു (1-0). 34–ാം മിനിറ്റിൽ അർജുൻ നൽകിയ ഗ്രൗണ്ട് ബോൾ ബിബിൻ അജയൻ വഴി റിയാസിലേക്ക്. പോസ്റ്റിന് മുന്നിൽ കാത്തുനിന്ന റിയാസ് പന്ത് വലയിലാക്കി (2-0). 45–ാം മിനിറ്റിൽ, ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ അജ്സലിന്റെ പാസിൽ നിന്ന് ഇടത് വിങ്ങിലൂടെ കുതിച്ചുകയറിയ എം വിഘ്‌നേഷ് തൊടുത്ത ബുള്ളറ്റ് ഷോട്ട് പഞ്ചാബ് ഗോൾകീപ്പറെ കീഴടക്കി (3-0).