
നിയമാനുസൃതം യുഎസിൽ സ്ഥിരതാമസക്കാരായവരുടെ ബിസിനസ് സ്ഥാപനങ്ങൾക്കു സ്‌മോൾ ബിസിനസ് അഡ്‌മിനിസ്‌ട്രേഷൻ (എസ് ബി എ) വായ്‌പ നിഷേധിക്കുന്നതിനെ ഉന്നത ഡെമോക്രാറ്റിക് നേതാക്കൾ വിമർശിച്ചു. കുടിയേറ്റക്കാരായ സംരംഭകർക്കും പ്രാദേശിക സമ്പദ് വ്യവസ്ഥകൾക്കും അത് ദോഷം ചെയ്യുമെന്നു അവർ ചൂണ്ടിക്കാട്ടി.
പതിറ്റാണ്ടുകളായി തുടർന്നു വന്ന രീതി മാറ്റി ചെറു ബിസിനസുകൾ നടത്തുന്ന നിയമാനുസൃത കുടിയേറ്റക്കാരെ നിരോധിക്കുന്ന സമീപനമാണിതെന്നു മാസച്യുസെറ്റ്സ് സെനറ്റർ എഡ്‌വേഡ് ജെ. മാർകി, ന്യൂ യോർക്ക് റെപ്. നിദിയ വേലാസ്‌ക്വസ് എന്നിവർ ചൂണ്ടിക്കാട്ടി.
"ട്രംപ് ഭരണകൂടം വിദ്വേഷം ആളിക്കത്തിച്ചും ഭീതി പരത്തിയും ചിന്താക്കുഴപ്പം സൃഷ്ടിച്ചും കുടിയേറ്റക്കാരെ കഷ്ടത്തിലാക്കുകയാണ്," അവർ പറഞ്ഞു.
കഠിനാധ്വാനം ചെയ്യുന്ന കുടിയേറ്റക്കാർക്ക് ബിസിനസ് വികസിപ്പിക്കാനോ പുതിയ ബിസിനസ് തുടങ്ങാനോ സഹായം നൽകുന്നതിനു പകരം ട്രംപിന്റെ എസ് ബി എ ഗ്രീൻ കാർഡ് ഉടമകൾക്കു വായ്‌പ നിഷേധിക്കുന്നത് വിദ്വേഷം ആളിക്കത്തിക്കാനാണ്. "നിങ്ങൾ അമേരിക്കൻ സ്വപ്നം തേടാൻ അർഹരല്ല എന്ന സന്ദേശമാണ് ഭരണകൂടം നൽകുന്നത്."
ഫെബ്രുവരി 2നു എസ് ബി എ പ്രഖ്യാപിച്ച നയം മാർച്ച് 1നാണു നിലവിൽ വരിക. വിദേശിയർക്കു ചെറു ബിസിനസുകളുടെ ആവശ്യത്തിനു വായ്പ നൽകില്ലെന്നു എസ് ബി എ വ്യക്തമാക്കുന്നു.
ഡിസംബറിൽ ഏതാനും വിഭാഗങ്ങളെ നിരോധിച്ചു കൊണ്ട് എസ് ബി എ പ്രഖ്യാപിച്ച നയം ഇപ്പോൾ പുതുക്കിയിട്ടുണ്ട്. കടം കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കും ഒന്നു പോലെ ചിന്താക്കുഴപ്പം സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് അതൊക്കെയെന്നു ഡെമോക്രാറ്റിക് നേതാക്കൾ ചൂണ്ടിക്കാട്ടി.
Democrats blast US SBA ban on green card owners