Image

ഇന്ത്യയുടെ മിടുക്ക് ലോകം കാണുന്നു, വികസനങ്ങള്‍ എണ്ണിപ്പറഞ്ഞ് മോദിയുടെ നന്ദിപ്രമേയ പ്രസംഗം; ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം

Published on 05 February, 2026
ഇന്ത്യയുടെ മിടുക്ക് ലോകം കാണുന്നു, വികസനങ്ങള്‍ എണ്ണിപ്പറഞ്ഞ് മോദിയുടെ നന്ദിപ്രമേയ പ്രസംഗം; ബഹിഷ്‌ക്കരിച്ച്  പ്രതിപക്ഷം

ന്യൂഡല്‍ഹി: ഇന്ത്യ കൂടുതല്‍ ചെറുപ്പമായിക്കൊണ്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിന് നന്ദി പ്രമേയവുമായി രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമേയം സഭയുടെ മേശപ്പുറത്ത് വച്ചത് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കേരളത്തില്‍ നിന്നുള്ള അംഗം സി സദാനന്ദന്‍ മാസ്റ്ററാണ്. ഇതിനിടെ പ്രധാനമന്ത്രിയുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളായ എല്‍ഐസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവ വന്‍ ലാഭത്തിലാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് ഭരണകാലത്ത് ഇവയെല്ലാം വലിയ നഷ്‌ടത്തിലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകം മുഴുവന്‍ ഇന്ത്യയുടെ പ്രാഗത്ഭ്യം അംഗീകരിച്ചു കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ മിടുക്ക് ലോകം കാണുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്‍റെ വളര്‍ച്ചാനിരക്ക് ഉയര്‍ന്നു. നൂറ്റാണ്ടിന്‍റെ രണ്ടാം കാല്‍ പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നോട്ട് നീങ്ങണമെന്നും ലക്ഷ്യം കാണണമെന്നും  എല്ലാ മേഖലകളിലും ഇന്ത്യ മുന്നേറുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ ലോകത്തോട് പൂര്‍ണമായും മത്സരിക്കാന്‍ സജ്ജമായിരിക്കുന്നു.

ലോകരാജ്യങ്ങളുമായി ഇന്ത്യ ഏര്‍പ്പെടുന്നത് ഭാവിയിലേക്കുള്ള കരാറുകളിലാണെന്നും യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വാണിജ്യ കരാറിനെ പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഒന്‍പത് വലിയ രാജ്യങ്ങളുമായി ഇന്ത്യ വാണിജ്യ കരാര്‍ ഉണ്ടാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുമായി വാണിജ്യ ബന്ധത്തിലേര്‍പ്പെടാന്‍ ലോകരാജ്യങ്ങള്‍ കാത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിനിടെ മോദി മോദി വിളികളുമായി ഭരണപക്ഷം അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ച് കൊണ്ടേയിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇതിനിടെ പരിഹസിക്കാനും മോദി മറന്നില്ല. ഖാര്‍ഗെയ്ക്ക് ഇരുന്ന് പ്രതിഷേധിച്ചാല്‍ മതിയല്ലോ യുവാക്കളുണ്ടല്ലോ എന്നായിരുന്നു മോദിയുടെ പരാമര്‍ശം.

 അതേസമയം ഏകാധിപത്യം സഭയില്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പ്രതിപക്ഷ ബഹളത്തില്‍ സഭമുങ്ങിയെങ്കിലും പ്രധാനമന്ത്രി പ്രസംഗം തുടര്‍ന്നു. പിന്നീട് അവര്‍ ഇറങ്ങിപ്പോയി. മുന്‍ സര്‍ക്കാരിന്‍റെ ഭരണകാലത്തെ പ്രതിച്ഛായ മോശമെന്നും മോദി ചൂണ്ടിക്കാട്ടി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക