
പ്രമുഖ മാധ്യമ പ്രവർത്തക സവാന ഗത്രിയുടെ 'അമ്മ നാൻസി ഗത്രിയെ കാണാതായിട്ടു നാലു ദിവസം പിന്നിടുമ്പോഴും അവരെ കുറിച്ച് യാതൊരു സൂചനയും പോലീസിനു ലഭിച്ചിട്ടില്ല. അതേ സമയം, 84 വയസുള്ള നാൻസിയെ കണ്ടെത്താൻ പ്രസിഡന്റ് ട്രംപ് നേരിട്ടു സഹായം ഉറപ്പു നൽകിയെന്നു വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.
പ്രസിഡന്റ് വിളിച്ചതിനു നന്ദി പറഞ്ഞ സവാന ഗത്രി, ഹൃദയം തകർന്ന കുടുംബത്തിന് ആവശ്യം പ്രാർഥനകൾ ആണെന്നു പറഞ്ഞു.
എൻബിസി ന്യൂസിൽ 'ടുഡേ' പരിപാടി അവതാരകയായ സവാന ഗത്രിയുടെ അമ്മ ശനിയാഴ്ച രാത്രി അരിസോണയിലെ വീട്ടിൽ നിന്നാണ് അപ്രത്യക്ഷയായത്. അവസാനമായി കണ്ടത് മരുമകൻ ടൊമാസോ സിയോണിയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
സവാന ഗത്രിയുടെ സഹോദരി ആനിയുടെ ഭർത്താവായ ടൊമാസോ സിയോനി, ശനിയാഴ്ച വൈകിട്ട് നാൻസിയുമായി ദമ്പതികളുടെ വീട്ടിൽ അത്താഴം കഴിഞ്ഞ ശേഷം അവരെ ടൂസണിലെ വീട്ടിലെത്തിച്ചുവെന്ന് പിമ കൗണ്ടി ഷെറിഫ് ക്രിസ് നാനോസ് അറിയിച്ചു.
നാൻസി സുരക്ഷിതമായി വീട്ടിനുള്ളിൽ പ്രവേശിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് സിയോനി മടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബാംഗങ്ങൾ അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും, ഇതുവരെ പ്രതികളെ ആരെയും കണ്ടെത്താനായിട്ടില്ലെന്നും ഷെറിഫ് പറഞ്ഞു.
ഭീഷണിപ്പെടുത്തുന്ന കുറിപ്പ്
സംഭവവുമായി ബന്ധപ്പെട്ടു ഭീഷണിപ്പെടുത്തുന്ന കുറിപ്പ് ലഭിച്ചതായും അധികൃതർ സ്ഥിരീകരിച്ചു. അരിസോണയിലെ പ്രാദേശിക ടെലിവിഷൻ ചാനലിലേക്കാണ് ഈ കുറിപ്പ് ലഭിച്ചതെന്ന് ഷെറിഫ് നാനോസ് അറിയിച്ചു. കുറിപ്പിൽ നാൻസിയുടെ ടൂസണിലെ വീടിനെക്കുറിച്ചുള്ള വിശദാംശങ്ങളും, കാണാതായ രാത്രിയിൽ അവർ ധരിച്ചിരുന്ന വസ്ത്രങ്ങളുടെ വിവരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
നാൻസിയുടെ വീട്ടിൽ രക്തത്തുള്ളികളും ബലമായി പ്രവേശിച്ചതിന്റെ അടയാളങ്ങളും കണ്ടെത്തിയതായി അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ലഭിക്കുന്ന ഏതു തെളിവിനെയും തങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഓരോ സൂചനയും പരിശോധിക്കുമെന്നും നാനോസ് പറഞ്ഞു. എഫ്ബിഐ ഈ കുറിപ്പ് പരിശോധിച്ചിട്ടുണ്ടെന്നും, അതിന്റെ വിവരങ്ങൾ സവാന ഗത്രിയുമായി പങ്കുവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാൻസിയുടെ തിരോധാനത്തിനു പിന്നിൽ ഒരാളോ, ഒരിലധികം പേരോ ആകാമെന്നു ഷെരിഫ് പറഞ്ഞു. വൃദ്ധയായ അവർ ദിവസേന കഴിക്കുന്ന മരുന്നുകൾ ലഭിക്കാതെ വന്നാൽ അത് മരണത്തിനുവരെ കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു.
Trump calls Savannah Guthrie to offer support